യുവഡോക്ടറുടെ കൊലപാതകം: പ്രതിഷേധക്കാർക്ക് മേൽ അധികാരം അഴിച്ചുവിടരുതെന്ന് സുപ്രീം കോടതി

(www.kl14onlinenews.com)
(20-August -2024)

യുവഡോക്ടറുടെ കൊലപാതകം: പ്രതിഷേധക്കാർക്ക് മേൽ അധികാരം അഴിച്ചുവിടരുതെന്ന് സുപ്രീം കോടതി
ഡൽഹി: കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി. ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പാക്കാന്‍, ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ദേശീയ ദൗത്യസംഘത്തിന് രൂപം നല്‍കി.

കേസുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 22ന് അകം​ റിപ്പോർട്ട് സമർപ്പിക്കാൻ, സുപ്രിം കോടതി സിബിഐക്ക് നിർദേശം നൽകി. സംഭവത്തിൽ പ്രതിഷേധിക്കുന്ന ജനങ്ങൾക്കുനേരെ അധികാരം അഴിച്ചുവിടരുതെന്ന് ബെഞ്ച് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. എഫ്ഐആർ ഫയൽ ചെയ്തതിലെ കാലതാമത്തിനടക്കം സംസ്ഥാന സർക്കാരിനെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചു.

സംഭവ സ്ഥലത്ത് ക്രമസമാധാനം നിലനിർത്താൻ അധികാരികൾക്ക് കഴിയാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. ബലാത്സംഗ കൊലയില്‍ സ്വമേധയായ എടുത്ത കേസാണ് സുപ്രീം കോടതി പരിഗണിച്ചത്. കേസിലെ കൊൽക്കത്ത പൊലീസിൻ്റെ നടപടികളെക്കുറിച്ച് കോടതി ചോദ്യം ഉന്നയിച്ചു. എന്തുകൊണ്ടാണ് മൃതദേഹം മാതാപിതാക്കൾക്ക് വൈകി നൽകിയതെന്നും, അക്രമികൾക്ക് ആശുപത്രിയിൽ ഏങ്ങനെ പ്രവേശിക്കാൻ സാധിച്ചുവെന്നും കോടതി ആരാഞ്ഞു.

കുറ്റകൃത്യം നടന്നതായി പുലർച്ചെ തന്നെ കണ്ടെത്തിയതായി മനസിലാക്കുന്നുവെന്നും, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ അത് ആത്മഹത്യയായി മാറ്റാൻ ശ്രമിച്ചുവെന്നും ജസ്റ്റിസുമാരായ ജെ.ബി.പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. അതേസമയം, സംഭവത്തിൽ പ്രതിഷേധം ശക്തമായി തുടരുന്ന പശ്ചത്തലത്തിൽ ഗവർണർ സി.വി ആനന്ദ ബോസ് ചൊവ്വാഴ്ച രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി

Post a Comment

Previous Post Next Post