(www.kl14onlinenews.com)
(19-August -2024)
ന്യൂഡൽഹി: മെഡിക്കൽ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ ഡോക്ടർ അറസ്റ്റിലായി. ഹരിയാനയിലെ റോത്തക്കിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (പിജിഐഎംഎസ്) ഡോ.മനീന്ദർ കൗശിക്കാണ് അറസ്റ്റിലായത്. സംഭവത്തിനുപിന്നാലെ ഇയാളെ ആശുപത്രിയിൽനിന്നും പുറത്താക്കി.
ഓഗസ്റ്റ് 17 നാണ് ബിഡിഎസ് ആദ്യവർഷ വിദ്യാർത്ഥിനി ഡോ.കൗശിക്കിനെതിരെ പരാതി നൽകിയത്. ഡോ.മനീന്ദർ കൗശിക് കഴിഞ്ഞ ഏഴ് മാസമായി തന്നെ വേട്ടയാടുകയാണെന്ന് പെൺകുട്ടി പരാതിയിൽ പറയുന്നു. ഡോ.കൗശിക്കുമായി റിലേഷൻഷിപ്പിൽ ഏർപ്പെടാൻ തന്നെ നിർബന്ധിച്ചുവെന്നും വിസമ്മതിച്ചപ്പോൾ ഭീഷണിപ്പെടുത്താൻ തുടങ്ങിയതായും പെൺകുട്ടിയുടെ പരാതിയിലുണ്ട്.
കഴിഞ്ഞ രണ്ട് മാസമായി ഇയാൾ നിരന്തരം ശല്യപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതോടെ ഭയന്നാണ് ഞാൻ കഴിഞ്ഞിരുന്നത്. അനാട്ടമിയിൽ പരാജയപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി, എന്റെ അഡ്മിറ്റ് കാർഡ് പോലും തടഞ്ഞുവച്ചു. ഓഗസ്റ്റ് 16 ന് രാത്രിയിൽ എന്നെ ശല്യപ്പെടുത്തുന്നത് നിർത്തി അഡ്മിറ്റ് കാർഡ് നൽകാമെന്ന് പറഞ്ഞ് കോളേജ് ലൈബ്രറിക്ക് പുറത്തേക്ക് വിളിച്ചു. അവിടെവച്ച് നിർബന്ധിപ്പിച്ച് കാറിൽ കയറ്റി എന്നെ ആക്രമിച്ചു. ഒരു അജ്ഞാത സ്ഥലത്തേക്ക് കൊണ്ടുപോയശേഷം ഏകദേശം 12 മണിക്കൂറോളം ശാരീരികവും വൈകാരികവുമായി പീഡിപ്പിച്ചു. എന്നെ ചവിട്ടുകയും ഇടിക്കുകയും കത്തികൊണ്ട് മുഖമടക്കം ശരീരമാസകലം മുറിവേൽപ്പിച്ചു. പിന്നീട് കാമ്പസിൽ കൊണ്ടുവിട്ടു. ഉടൻതന്നെ മാതാപിതാക്കളെ വിളിച്ചുവരുത്തി പരാതിപ്പെടുകയായിരുന്നുവെന്ന് പെൺകുട്ടി പറയുന്നു.
ബിഡിഎസ് വിദ്യാർത്ഥിനിയുടെ പരാതിയിൽ ഡോ.കൗശികിനെ അറസ്റ്റ് ചെയ്തതായി പിജിഐഎംഎസ് പൊലീസ് പോസ്റ്റിന്റെ ചുമതലയുള്ള ഇൻസ്പെക്ടർ റോഷൻ ലാൽ സ്ഥിരീകരിച്ചു.
Post a Comment