(www.kl14onlinenews.com)
(03-August -2024)
വയനാട്ടിലെ ഉരുൾപൊട്ടലിൽ തകർന്നടിഞ്ഞ മുണ്ടക്കൈ, പുഞ്ചിരിവട്ടം പ്രദേശങ്ങൾ ലഫ്റ്റനന്റ് കേണൽ മോഹൻലാൽ സന്ദർശിച്ചു. ഇന്നു രാവിലെ കോഴിക്കോട്ടുനിന്ന് റോഡുമാർഗമാണ് മോഹൻലാൽ വയനാട്ടിൽ എത്തിയത്. ആദ്യം മേപ്പാടിയിലെ സൈന്യത്തിന്റെ ബേസ് ക്യാമ്പിലെത്തി. അവിടെ സൈനിക ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയശേഷം മുണ്ടക്കൈ, പുഞ്ചിരിമട്ടം മേഖലകൾ സന്ദർശിച്ചു. സംവിധായകൻ മേജർ രവിയും മോഹൻലാലിന് ഒപ്പമുണ്ടായിരുന്നു.
ദുരന്തഭൂമിയിലേത് സങ്കടകരമായ കാഴ്ചകളെന്ന് മോഹൻലാൽ മാധ്യമങ്ങളോട് പറഞ്ഞു. മേപ്പാടിയുടെ മുകളിൽ എത്തിയപ്പോഴാണ് ദുരന്തത്തിന്റെ വ്യാപ്തി മനസിലായത്. രക്ഷാപ്രവർത്തകരെ മനസുകൊണ്ട് നമസ്കരിക്കുന്നു. ആർമി, നേവി, എയർഫോഴ്സ്, പൊലീസ്, സന്നദ്ധ സംഘടനകൾ എന്നിവരുടേത് സ്തുത്യർഹമായ സേവനമാണെന്നും മോഹൻലാൽ പറഞ്ഞു.
താൻ ഭാഗമായ വിശ്വശാന്തി ഫൗണ്ടേഷൻ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ആദ്യഘട്ടത്തിൽ മൂന്നുകോടി രൂപ നൽകുമെന്ന് മോഹൻലാൽ അറിയിച്ചു. വിശ്വശാന്തി ഫൗണ്ടേഷൻ മുണ്ടക്കൈ എൽപി സ്കൂൾ പുനർനിർമ്മിക്കുമെന്നും മോഹൻലാൽ അറിയിച്ചു.
മോഹൻലാൽ ലെഫ്റ്റനന്റ് കേണലായിട്ടുള്ള 122 ഇൻഫെന്ററി ബറ്റാലിയനാണ് വയനാട് രക്ഷാപ്രവർത്തനത്തിന്റെ മുൻനിരയിലുള്ളത്. കഴിഞ്ഞ 16 വർഷമായി 122 ബറ്റാലിയന്റെ ഭാഗമാണ് മോഹൻലാൽ.
നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മോഹൻലാൽ 25 ലക്ഷം രൂപ സംഭാവന ചെയ്തിരുന്നു. സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പും നടൻ പങ്കുവച്ചിരുന്നു.
നമ്മൾ മുമ്പും വെല്ലുവിളികളെ അഭിമുഖീകരിക്കുകയും കൂടുതൽ ശക്തരാകുകയും ചെയ്തിട്ടുണ്ട്. ഈ ദുഷ്‌കരമായ സമയത്ത് ഒറ്റക്കെട്ടായി നിന്ന് ഒരുമയുടെ കരുത്ത് കാട്ടണമെന്ന് മോഹൻലാൽ സോഷ്യൽ മീഡിയയിലൂടെ ആവശ്യപ്പെട്ടിരുന്നു. വയനാട്ടിലെ ദുരന്ത ഭൂമിയിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന സന്നദ്ധപ്രവർത്തകർ, പോലീസുകാർ, ഫയർ ആൻഡ് റെസ്ക്യൂ, എൻഡിആർഎഫ്, സൈനികർ, സർക്കാർ ഉദ്യോഗസ്ഥർ അടക്കമുള്ളവരെ സല്യൂട്ട് ചെയ്യുന്നതായും നടൻ പറഞ്ഞിരുന്നു
Post a Comment