ദുരന്തഭൂമിയില്‍ രക്ഷാപ്രവർത്തനം അടുത്ത ഘട്ടത്തിലേക്ക്; ജീവന്‍റെ തുടിപ്പ് തേടി സേനകളും സന്നദ്ധപ്രവർത്തകരും

(www.kl14onlinenews.com)
(02-August -2024)

ദുരന്തഭൂമിയില്‍ രക്ഷാപ്രവർത്തനം അടുത്ത ഘട്ടത്തിലേക്ക്; ജീവന്‍റെ തുടിപ്പ് തേടി സേനകളും സന്നദ്ധപ്രവർത്തകരും
വയനാട്: ചൂരൽമലയിലേയും മുണ്ടക്കൈയിലേയും രക്ഷാപ്രവർത്തനം അടുത്ത ഘട്ടത്തിലേക്ക്. മണ്ണിനും കെട്ടിടാവശിഷ്ടങ്ങൾക്കുമിടയിൽ കുടുങ്ങി കിടക്കുന്നവരെ കണ്ടെത്തുന്നതിന് മനുഷ്യാധ്വാനവും യന്ത്രോപകരണങ്ങളും അത്യാധുനിക സെന്‍സറുകളും വിന്യസിച്ച് കൊണ്ടുള്ള തിരച്ചിലാണ് മുന്നേറുന്നത്. അട്ടമല, മുണ്ടക്കൈ, പുഞ്ചിരിമട്ടം, വെള്ളാർമല വില്ലേജ് റോഡ്, ജിവിഎച്ച്എസ്എസ് വെള്ളാർമല, പുഴയുടെ അടിവാരം എന്നീ മേഖലകളിൽ നിന്നും വെള്ളിയാഴ്ച്ച വൈകിട്ട് വരെ 11 മൃതദേഹങ്ങള്‍ കണ്ടെത്തി.

സേനാ വിഭാഗങ്ങളും പൊലീസും ഫയർ ആന്‍റ് റെസ്ക്യൂ വിഭാഗവും നേതൃത്വം നൽകുന്ന തിരച്ചിലിൽ ഈ രംഗത്ത് പ്രാവീണ്യമുള്ള സ്വകാര്യ കമ്പനികളും സന്നദ്ധ പ്രവർത്തകരും പങ്കെടുക്കുന്നു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും ജില്ലാ ഭരണകൂടത്തിന്‍റെയും മേൽനോട്ടത്തിലാണ് മേഖലയിലെ രക്ഷാപ്രവർത്തനം. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത് കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിലെ തീരുമാനപ്രകാരം ദുരന്തമേഖലയെ ആറ് സെക്ടറുകളാക്കി വിഭജിച്ചാണ് വെള്ളിയാഴ്ച്ച രാവിലെ തിരച്ചിൽ പുനരാരംഭിച്ചത്.

ഇന്ത്യന്‍ സേനയുടെ ഇലക്ട്രോണിക്സ് ആൻഡ് മെക്കാനിക്കൽ എൻജിനീയേഴ്സ് ബ്രാഞ്ച്, ടെറിട്ടോറിയൽ ആർമി, ഡിഫൻസ് സെക്യൂരിറ്റി കോർപ്സ്, നേവി, കോസ്റ്റ് ഗാർഡ്, മിലിറ്ററി എൻജിനീയറിങ് ഗ്രൂപ്പ് എന്നിവയിൽ നിന്നായി 640 പേരാണ് തിരച്ചിലിൽ പങ്കെടുത്തത്. ദേശീയ ദുരന്ത നിവാരണ സേന (120 അംഗങ്ങൾ), വനം വകുപ്പ് (56), സിവിൽ ഡിഫന്‍സ് വിഭാഗം അടക്കം സംസ്ഥാന ഫയർ ആന്‍റ് റെസ്ക്യൂ സർവീസസ് (460), പോലീസ് സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് (64), തമിഴ്നാട് ഫയർ ആന്‍റ് റെസ്ക്യൂ വിഭാഗം (44), ദേശീയ ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ ഡെൽറ്റ സ്ക്വാഡ് (15), പൊലീസിന്‍റെ ഇന്ത്യന്‍ റിസർവ് ബറ്റാലിയന്‍ (15) എന്നിവരെയും വിവിധ സെക്ടറുകളിലായി വിന്യസിച്ചു. കേരള പോലീസിന്‍റെ കെ.9 സ്ക്വാഡിൽ പെട്ട മൂന്ന് നായകളും കരസേനയുടെ കെ 9 സ്ക്വാഡിൽ പെട്ട മൂന്നു നായകളും ദൗത്യത്തിന്‍റെ ഭാഗമാണ്.

വൈദ്യസേവനം നൽകുന്നതിനായി സംസ്ഥാന ആരോഗ്യ വകുപ്പിനും ആര്‍മി മെഡിക്കൽ സർവീസസിനും പുറമെ തമിഴ് നാട് സർക്കാ‍ർ നിയോഗിച്ച ഏഴംഗ സംഘവും സ്ഥലത്തുണ്ട്. 68 മണ്ണുമാന്തി യന്ത്രങ്ങളാണ് അവശിഷ്ടങ്ങള്‍ നീക്കുന്നതിനായി ദുരന്ത മേഖലയിലുള്ളത്. രണ്ട് ഹെലിക്കോപ്റ്ററുകളും എട്ട് ഡ്രോണുകളും ആകാശനിരീക്ഷണം നടത്തുന്നു. ക്രെയിനുകള്‍, കോൺക്രീറ്റ് കട്ടറുകള്‍, വുഡ് കട്ടറുകള്‍ എന്നിവയും ഉപയോഗിക്കുന്നു. ഇന്ധനം, കുടിവെള്ളം എന്നിവ ലഭ്യമാക്കുന്നതിനായി ടാങ്കറുകള്‍, ആംബുലന്‍സുകള്‍ എന്നിവയും സ്ഥലത്ത് സജ്ജമാക്കിയിട്ടുണ്ട്.
തകർന്ന കെട്ടിട അവശിഷ്ടങ്ങൾക്ക് അടിയിൽ ജീവന്‍റെ തുടിപ്പറിയാന്‍ സഹായിക്കുന്ന ഹ്യൂമന്‍ റെസ്ക്യു റഡാറും സേനകള്‍ ഉപയോഗിക്കുന്നുണ്ട്. തെര്‍മൽ ഇമേജിംഗ്, റ‍ഡാര്‍ സാങ്കേതിക വിദ്യകളുടെ സമന്വയമായ ഈ ഉപകരണത്തിന് 16 അടി താഴ്ച്ചയിൽ വരെ സിഗ്നലുകള്‍ കണ്ടെത്താനാകും. 40 സെ.മീ കനമുള്ള കോണ്‍ക്രീറ്റ് പാളികളിലൂടെ പോലും റഡാർ സിഗ്നലുകള്‍ കടന്നു പോകും. കൃത്യമായി സ്ഥാനനിർണയം നടത്തുമെന്നതിനാൽ തിരച്ചിൽ കേന്ദ്രീകൃതമാക്കാനും റഡാർ സഹായകമാണ്. മണ്ണിൽ പുതഞ്ഞ മൃതദേഹങ്ങൾ കണ്ടെത്തുന്നതിനുള്ള ഡ്രോൺ അടിസ്ഥാനപ്പെടുത്തിയുള്ള റഡാറും ഉടനെ വിന്യസിക്കും. ചാലിയാറും കൈവഴിയും കേന്ദ്രീകരിച്ചുള്ള തിരച്ചിൽ പോലീസിന്‍റെയും നീന്തൽ വിദഗ്ധരുടെയും നേതൃത്വത്തിൽ മുന്നേറുന്നു.

Post a Comment

Previous Post Next Post