മുണ്ടക്കൈ ദുരന്തബാധിതരെ കണ്ട് മടങ്ങി മോദി; കേരളം ഒറ്റയ്ക്കല്ല,രാജ്യം ഒപ്പമുണ്ട്: ഉറപ്പുനൽകി പ്രധാനമന്ത്രി

(www.kl14onlinenews.com)
(10-August -2024)

മുണ്ടക്കൈ ദുരന്തബാധിതരെ കണ്ട് മടങ്ങി മോദി; കേരളം ഒറ്റയ്ക്കല്ല,രാജ്യം ഒപ്പമുണ്ട്: ഉറപ്പുനൽകി പ്രധാനമന്ത്രി

കൽപ്പറ്റ:ഒറ്റരാത്രി കൊണ്ട് ഒഴുകിപോയ മുണ്ടക്കൈയിലെയും ചൂരൽമലയിലെയും സ്വപ്‌നങ്ങൾ നേരിൽക്കണ്ട് വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. സമയം ഏറെ വൈകിയിട്ടും അവലോകനയോഗം പൂർത്തിയാക്കിയ ശേഷമാണ് പ്രധാനമന്ത്രി വയനാട്ടിൽ നിന്ന് മടങ്ങിയത്. ശനിയാഴ്ച വൈകീട്ട് നാലുമണിയോടെയാണ് വയനാട് കളക്ടറേറ്റിൽ അവലോകന യോഗം ചേർന്നത്. വയനാട്ടിലെ ദുരന്തബാധിതർക്ക് എല്ലാ സഹായവും പ്രധാനമന്ത്രി ഉറപ്പുനൽകി. 'വയനാട്ടിലെ ദുരിതബാധിതരെ കണ്ടു, അവരുടെ വേദന മനസ്സിലായി.ദുരന്തബാധിതർക്ക് ഒപ്പം നിൽക്കുകയാണ് മുഖ്യം. നിരവധിപേരുടെ സ്വപ്‌നങ്ങളാണ് ദുരന്തത്തിൽ ഇല്ലാതായത്. അവരുടെ പുനരധിവാസം ഉൾപ്പടെയുള്ള കാര്യങ്ങൾക്കാണ് മുഖ്യപരിഗണന. നടപടിക്രമങ്ങളുടെ ഭാഗമായി സംസ്ഥാന സർക്കാർ ദുരന്തം സംബന്ധിച്ച വിശദമായ മെമ്മോറാണ്ടം നൽകിയാൽ കേന്ദ്രത്തിന് ചെയ്യാൻ കഴിയുന്ന എല്ലാ സഹായങ്ങളും ഉറപ്പാക്കും.'-പ്രധാനമന്ത്രി പറഞ്ഞു. 'ദുരന്തവിവരം അറിഞ്ഞപ്പോൾ തന്നെ അടിയന്ത സഹായം എത്തിച്ചു. തുടർന്നും കേരളം ആവശ്യമുന്നയിക്കുന്നതിന് അനുസരിച്ച് സഹായങ്ങൾ എത്തിക്കും. ദുരന്തത്തിൽപെട്ടവർ ഒറ്റയ്ക്കല്ല.'- പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.
ചീഫ് സെക്രട്ടറി കെ.വേണു ദുരന്ത വ്യാപ്തി സംബന്ധിച്ചുള്ള വിശദ റിപ്പോർട്ട് അവതരിപ്പിച്ചു. ദുരന്തം ബാധിച്ച മേഖലകൾ, നഷ്ടം, ജീവഹാനി, പുരധിവാസം, മാലിന്യനീക്കം തുടങ്ങി ഓരോ വിഷയങ്ങളും ഇനംതിരിച്ച് അവതരിപ്പിക്കുന്നതായിരുന്നു റിപ്പോർട്ട്. 1200 കോടിയുടെ നഷ്ടമാണ് സംസ്ഥാനം കണക്കാക്കുന്നത്. ദുരന്തബാധിതരുടെ പുരധിവാസം, സ്‌കൂളുകൾ ഉൾപ്പടെയുള്ള കെട്ടിടങ്ങളുടെ നിർമാണം തുടങ്ങി വിഷയങ്ങൾ കേരളം മുന്നോട്ടുവെച്ചു. എൽ 3 വിഭാഗത്തിൽപ്പെട്ട അതിതീവ്ര ദുരന്തമാക്കണമെന്നാണ് സംസ്ഥാനം ആവശ്യപ്പെടുന്നത്. കേരളത്തിന്റെ ആവശ്യങ്ങൾ കേട്ടറിഞ്ഞ ശേഷമാണ് പ്രധാനമന്ത്രി കേന്ദ്രത്തിന്റെ സമീപനം വിശദീകരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്രമന്ത്രി സുരേഷ് ഗോപി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

നേരത്തെ രാവിലെ 11മണിക്കാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കണ്ണൂർ വിമാനത്താവളത്തിൽ എത്തിചേർന്നത്. ഗവർണ്ണറും മുഖ്യമന്ത്രിയും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. 11.20ഓടെ വ്യോമസേനയുടെ പ്രത്യേക ഹെലികോപ്റ്ററിൽ കൽപ്പറ്റയിലേക്ക് തിരിച്ചു.

ദുരന്തമേഖലയിൽ രണ്ട് തവണ വ്യോമനിരീക്ഷണം നടത്തിയ ശേഷമാണ് അദ്ദേഹത്തിന്റെ ഹെലികോപ്റ്റർ കൽപ്പറ്റ എസ്‌കെഎംജെ സ്‌കൂൾ മൈതാനത്തിൽ വന്നിറങ്ങിയത്. പിന്നീട് വാഹനമാർഗം ചൂരൽമലയിൽ എത്തിയ പ്രധാനമന്ത്രി ഉരുൾ വന്ന വഴിയിലൂടെ നടന്ന് ദുരന്തത്തിന്റെ വ്യാപ്തി വിലയിരുത്തി. വെള്ളാർമല സ്‌കൂൾ, ബെയ്‌ലി പാലം ഉൾപ്പെട ചൂരൽമലയിൽ 600 മീറ്ററോളം പ്രധാനമന്ത്രി നടന്നുകണ്ടു. ഏകദേശം അരമണിക്കൂറോളം പ്രധാനമന്ത്രി ചൂരൽമലയിൽ ചെലവഴിച്ചു

ദുരന്തഭൂമിയിൽ നിന്ന് മേപ്പാടി സെന്റെ ജോസഫ് സ്‌കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലാണ് അദ്ദേഹം എത്തിയത്. ദുരിതാശ്വാസ ക്യാമ്പിൽ 12 പേരോടാണ് പ്രധാനമന്ത്രി സംസാരിച്ചത്.

25 മിനിട്ടോളം നേരമാണ് പ്രധാനമന്ത്രി ക്യാമ്പിൽ ചെലവഴിച്ചത്. ക്യാമ്പിലുള്ള ആരോഗ്യപ്രവർത്തകരെ കണ്ട് ദുരന്തബാധിതരുടെ ആരോഗ്യനിലയെപ്പറ്റി ചോദിച്ചറിഞ്ഞ ശേഷമാണ് പ്രധാനമന്ത്രി മടങ്ങിയത്. തുടർന്ന്, മേപ്പാടിയിലെ വിംസ് ആശുപത്രിയിലും പ്രധാനമന്ത്രി എത്തി. ദുരന്തത്തിൽ അകപ്പെട്ട് ആശുപത്രിയിൽ കഴിയുന്ന ആറുപേരെയാണ് മോദി കൂടിക്കാഴ്ച നടത്തിയത്. ആശുപത്രിയിലുള്ള ദുരന്തബാധിതരെ മോദി ആശ്വസിപ്പിച്ചു. ഡോക്ടർമാരെ കണ്ട് ചികിത്സയിലുള്ളവരുടെ ആരോഗ്യസ്ഥിതിയും പ്രധാനമന്ത്രി വിലയിരുത്തിയിരുന്നു

നേരത്തെ കണ്ണൂരിൽ നിന്ന് ഹെലികോപ്റ്റർ മാർഗം വയനാട്ടിലെത്തിയ പ്രധാനമന്ത്രി ഉരുൾപൊട്ടലിന്റെ പ്രഭവസ്ഥാനത്തുൾപ്പടെ വ്യോമനിരീക്ഷണം നടത്തിയിരുന്നു. മേപ്പാടി കുന്നുകളിലെ പുഞ്ചിരിമലയിൽ വനത്തിലാണ് ഉരുൾപൊട്ടലുണ്ടായത്. രണ്ട് റൗണ്ട് പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റർ ഈ പ്രദേശത്ത് വ്യോമനിരീക്ഷണം നടത്തി. ഇതിന് പുറമേ മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമല എന്നിവടങ്ങളിലെ നാശനഷ്ടവും ആകാശയാത്രയിലൂടെ പ്രധാനമന്ത്രി നിരീക്ഷിച്ചു. ഈ പ്രദേശങ്ങളിലും പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റർ രണ്ടുതവണ വട്ടമിട്ട് പറന്ന സൂഷ്മമായ വ്യോമനിരീക്ഷണം നടത്തി. മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും അടക്കമുള്ളവർ വ്യോമനിരീക്ഷണത്തിനിടെ പ്രധാനമന്ത്രിക്ക് ദുരന്തത്തിന്റെ വ്യാപ്തി വിവരിച്ചുകൊടുത്തു.

ആകാശ നിരീക്ഷണം പൂർത്തിയാക്കിയശേഷം ഉച്ചയ്ക്ക് 12.15ഓടെയാണ് കൽപ്പറ്റ എസ്‌കെഎംജെ സ്‌കൂൾ ഗ്രൗണ്ടിൽ ഹെലികോപ്ടർ ഇറങ്ങിയത്. രണ്ടു ഹെലികോപ്ടറുകളാണ് കൽപ്പറ്റയിലെ ഹെലിപാഡിലിറങ്ങിയത്. മന്ത്രിമാരായ കെ രാജൻ,പി പ്രസാദ്, പിഎ മുഹമ്മദ് റിയാസ്, ഒആർ കേളു കളക്ടർ ഡിആർ മേഘശ്രീ എന്നിവർ ചേർന്ന് പ്രധാനമന്ത്രിയെ സ്വീകരിച്ചു. കൽപ്പറ്റയിൽ നിന്ന് റോഡുമാർഗം പ്രധാനമന്ത്രി ചൂരൽമലയിലക്ക് എത്തിയത്.

Post a Comment

Previous Post Next Post