(www.kl14onlinenews.com)
(17-August -2024)
കൊൽക്കത്ത ബലാത്സംഗ-കൊലപാതകം;
ന്യൂഡൽഹി: ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കാൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് ഉറപ്പുനൽകി കേന്ദ്ര ആരോഗ്യ മന്ത്രാലയം.ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നിർദേശങ്ങൾ രൂപികരിക്കുന്നതിനായി ഒരു കമ്മറ്റി രൂപവത്കരിക്കുമെന്നും മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
സംസ്ഥാന സർക്കാരുകൾക്ക് ഉൾപ്പെടെ നിർദേശങ്ങൾ കമ്മിറ്റിയുമായി പങ്കിടാൻ സാധിക്കും.
ഫെഡറേഷൻ ഓഫ് റസിഡന്റ് ഡോക്ടേഴ്‌സ് അസോസിയേഷൻ (ഫോർഡ), ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ), ഡൽഹിയിലെ സർക്കാർ മെഡിക്കൽ കോളേജുകളിലെയും ആശുപത്രികളിലെയും റസിഡന്റ് ഡോക്ടേഴ്‌സ് അസോസിയേഷനുകളുടെ പ്രതിനിധികൾഎന്നിവർ കേന്ദസർക്കാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ആരോഗ്യമന്ത്രാലയം ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളേജിൽ യുവ വനിതാ ഡോക്ടർ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് ഡോക്ടർമാർ പ്രതിഷേധം ശക്തമാക്കിയതിന് പിന്നാലെയാണ് നടപടി.
അതേ സമയം, കൊൽക്കത്തയിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ രാജ്യവ്യാപകമായി ഡോക്ടർമാർ പ്രതിഷേധം ശക്തമാക്കി. ഐഎംഎയുടെ 24 മണിക്കൂർ രാജ്യവ്യാപക സമരം ശനിയാഴ്ച രാവിലെ ആറിന് തുടങ്ങി. ഞായറാഴ്ച രാവിലെ ആറുവരെ സമരം തുടരും.നിലവിൽ രാജ്യത്തെ മിക്ക ആശുപത്രികളിലും അടിയന്തര സേവനം മാത്രമാണ് പ്രവർത്തിക്കുന്നത്. സംസ്ഥാനത്ത് മെഡിക്കൽ പിജി അസോസിയേഷൻറെ നേതൃത്വത്തിലും സമരം നടക്കുകയാണ്.സംസ്ഥാനത്തെ സർക്കാർ സ്വകാര്യ ആശുപത്രികളിൽ ഡോക്ടർമാർ ഒപി വരെ ബഹിഷ്‌കരിച്ചിരിക്കുകയാണ്.
തിരുവനന്തപുരം റീജിനൽക്യാൻസർ സെന്ററിലെ ഡോക്ടർമാരും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. മെഡിക്കൽ കോളേജ് ആശുപത്രികളിലും ഡെന്റൽ കോളേജ് ആശുപത്രികളിലും ഇന്ന് ഒ.പി സേവനം ഉണ്ടാകില്ല.അതേ സമയം വയനാട്ടിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ജില്ലയെ പൂർണ്ണമായി സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് ഐഎംഎ ഭാരവാഹികൾ പറഞ്ഞു.
ആഗസ്റ്റ് ഒമ്പതിന് രാവിലെയാണ് ബിരുദാനന്തര ബിരുദധാരിയായ യുവതിയുടെ മൃതദേഹം ആശുപത്രിയിലെ സെമിനാർ ഹാളിൽ കണ്ടെത്തിയത്. കുറ്റകൃത്യവുമായി ബന്ധപ്പെട്ട് സഞ്ജയ് റോയ് എന്ന സിവിക് വളണ്ടിയർ അടുത്ത ദിവസം അറസ്റ്റിലായി.
ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണം നേരിട്ട ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രി പ്രിൻസിപ്പൽ സന്ദീപ് ഘോഷ് തൻ്റെ പദവിയിൽ നിന്നും സർക്കാർ സർവീസിൽ നിന്നും നേരത്തെ രാജിവെച്ചിരുന്നു.
പശ്ചിമ ബംഗാൾ സർക്കാർ മെഡിക്കൽ സൂപ്രണ്ട് കം വൈസ് പ്രിൻസിപ്പൽ സഞ്ജയ് വശിഷ്ടിനെ നീക്കം ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഘോഷിൻ്റെ തീരുമാനം.
അതിക്രൂരമായ അതിക്രമങ്ങളാണ് ഡോകടറിന് മരണത്തിന് മുൻപ് നേരിടേണ്ടിവന്നത്. സ്വകാര്യ ഭാഗങ്ങളിൽ നിന്ന് രക്തസ്രാവമുണ്ടായതും ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളിൽ മുറിവുകളുണ്ടെന്നും നാല് പേജുള്ള പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കൊലപാതകം മാത്രമല്ല സംഭവിച്ചതെന്ന് പോലീസ് ഉറപ്പിച്ചത്.
"അവളുടെ രണ്ട് കണ്ണുകളിൽ നിന്നും വായിൽ നിന്നും രക്തസ്രാവമുണ്ടായിരുന്നു, മുഖത്ത് മുറിവുകൾ, ഇരയുടെ സ്വകാര്യ ഭാഗങ്ങളിൽ നിന്നും രക്തം വരുന്നുണ്ടായിരുന്നു. അവളുടെ വയറിലും ഇടതു കാലിലും കഴുത്തിലും, അവളുടെ വലതു കൈയിലും, മോതിരവിരലിലും മുറിവുണ്ട്, ചുണ്ടുകളും വികൃതമാക്കി" റിപ്പോർട്ട് പറഞ്ഞു.
إرسال تعليق