(www.kl14onlinenews.com)
(13-August -2024)
ജയ്പൂർ: മദ്യലഹരിയിൽ ഭാര്യയെ മോട്ടോർ സൈക്കിളിന് പിന്നിൽ കെട്ടിയിട്ട് ഗ്രാമത്തിലൂടെ വലിച്ചിഴച്ച ഭർത്താവ് അറസ്റ്റിൽ. രാജസ്ഥാനിലെ നാഗൗർ ജില്ലയിലാണ് സംഭവം. യുവതിയെ മോട്ടോർ സൈക്കിളിൽ കെട്ടിയിട്ട് വലിച്ചിഴയ്ക്കുന്നതായി കാണിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഭർത്താവ് പ്രേമറാം മേഘ്വാളിനെ(32) പൊലീസ് കസ്റ്റഡിയെലെടുത്തത്.
നഹർസിങ് പുര ഗ്രാമത്തിൽ ഏകദേശം ഒരു മാസം മുമ്പാണ് സംഭവം നടന്നതെന്ന് പഞ്ചൗഡി പൊലീസ് സ്റ്റേഷനിലെ അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ സുരേന്ദ്ര കുമാർ പറഞ്ഞു. ദാരുണ സംഭവത്തിൻ്റെ വീഡിയോ തിങ്കളാഴ്ചയാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. സോഷ്യൽ മീഡിയയിലടക്കം ഇതിനെതിരെ വ്യാപക വിമർശനവും ഉയർന്നിരുന്നു.
വീഡിയോ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് പ്രതിയെ കസ്റ്റഡിയെലെടുത്തെന്ന് പൊലീസ് അറിയിച്ചു. യുവതി നിലവിൽ ബന്ധുക്കൾക്കൊപ്പമാണ് താമസിക്കുന്നത്. കാര്യമായി പരിക്കേറ്റിരുന്നെങ്കിലും ഭർത്താവിന്റെ മര്‍ദ്ദനം ഭയന്ന് സ്ത്രീ ആരോടും വിവരം പറഞ്ഞിരുന്നില്ലെന്ന് പൊലീസിൽ പറഞ്ഞു.
പ്രേമറാം സ്ഥിരമായി മദ്യപിക്കുന്നയാളാണ്. ഇയാൾ മദ്യപിച്ച് പതിവായി ഭാര്യയെ മർദിക്കാറുണ്ടെയിരുന്നെന്ന് അയൽവാസികൾ പൊലിസിനോട് പറഞ്ഞു. ഭാര്യയെ ഗ്രാമത്തിലെ ആരുമായും ഇയാൾ സംസാരിക്കാൻ അനുവദിച്ചിരുന്നില്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
Post a Comment