ബംഗ്ലാദേശ് കലാപം ;നൊബേൽ ജേതാവ് മുഹമ്മദ് യൂനസിൻ്റെ പുതിയ ഇടക്കാല സർക്കാർ രൂപീകരിക്കണമെന്ന് വിദ്യാർത്ഥികൾ

(www.kl14onlinenews.com)
(06-August -2024)

ബംഗ്ലാദേശ് കലാപം ;നൊബേൽ ജേതാവ് മുഹമ്മദ് യൂനസിൻ്റെ പുതിയ ഇടക്കാല സർക്കാർ രൂപീകരിക്കണമെന്ന് വിദ്യാർത്ഥികൾ
ധാക്ക: നൊബേൽ ജേതാവ് മുഹമ്മദ് യൂനസിൻ്റെ നേതൃത്വത്തിലുള്ള പുതിയ ഇടക്കാല സർക്കാർ രൂപീകരിക്കണമെന്ന ആഹ്വാനവുമായി ബംഗ്ലാദേശ് വിദ്യാർത്ഥി പ്രതിഷേത്തിൻ്റെ കോർഡിനേറ്റർമാർ. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ഇവരുടെ ആഹ്വാനം. അവർ പുതിയ ഇടക്കാല സർക്കാർ രൂപീകരണത്തിനായി വാദിക്കുകയും മുഖ്യ ഉപദേഷ്ടാവ് സ്ഥാനത്തേക്ക് മുഹമ്മദ് യൂനസിനെ പരിഗണിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

അതേസമയം, ബംഗ്ലാദേശ് സൈനിക മേധാവി വക്കർ-ഉസ്-സമാൻ ഇന്ന് പ്രതിഷേധത്തിന് നേതൃത്വം നൽകുന്ന കോർഡിനേറ്റർമാരുമായി കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്ന് സൈന്യം പുറത്തിറക്കിയ പ്രത്യേക പ്രസ്താവനയിൽ അറിയിച്ചിട്ടുണ്ട്. ബംഗ്ലാദേശിനെ ‘സ്വതന്ത്ര രാജ്യം’ എന്നാണ് ഷെയ്ഖ് ഹസീനയുടെ രാജിയ്ക്കു ശേഷം നൊബേൽ ജേതാവ് മുഹമ്മദ് യൂനസ് വിശേഷിപ്പിച്ചത്. ‘ഹസീന ഭരിക്കുമ്പോൾ ബംഗ്ലാദേശ് അധിനിവേശ രാജ്യമായിരുന്നു. അവർ ഒരു അധിനിവേശ ശക്തിയെപ്പോലെയാണ് ഭരിച്ചത്. സ്വേച്ഛാധിപതിയെയും ജനറലിനെയും പോലെ എല്ലാം നിയന്ത്രിക്കുന്ന രീതിയിലായിരുന്നു പെരുമാറ്റമെന്നും അദ്ദേഹം പറഞ്ഞു.

ഉടൻ രൂപീകരിക്കാൻ പോകുന്ന ഇടക്കാല സർക്കാരിൻ്റെ മുഖ്യ ഉപദേഷ്ടാവാകാനുള്ള വിദ്യാർത്ഥികളുടെ നിർദ്ദേശം മുഹമ്മദ് യൂനുസ് അംഗീകരിച്ചതായി ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് ചെയ്യുന്നു. 1940 ജൂൺ 28-ന് ബംഗ്ലാദേശിലെ ചിറ്റഗോങ്ങിൽ ജനിച്ച മുഹമ്മദ് യൂനുസ് പ്രമുഖ സാമ്പത്തിക വിദഗ്ധനാണ്. നൊബേൽ സമ്മാനത്തിനു പുറമെ, 2009-ൽ യുണൈറ്റഡ് സ്റ്റേറ്റ്സ് പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം, 2010-ൽ കോൺഗ്രസ്സ് ഗോൾഡ് മെഡൽ എന്നിവയുൾപ്പെടെ നിരവധി പുരസ്കാരങ്ങൾ യൂനുസിന് ലഭിച്ചിട്ടുണ്ട്

Post a Comment

Previous Post Next Post