(www.kl14onlinenews.com)
(01-August -2024)
അതിജീവനത്തിൻ്റെ അതിവേഗം;
കൽപറ്റ: ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈയിലേക്ക് ചൂരൽമലയിൽനിന്ന് സൈന്യം നിർമ്മിക്കുന്ന ബെയ്ലി പാലത്തിന്റെ നിർമ്മാണം അവസാനഘട്ടത്തിലേക്ക്. ഉച്ചയോടെ പാലം പ്രവർത്തന സജ്ജമാകുമെന്നാണ് കരുതുന്നത്. പുഴയ്ക്ക് കുറുകെയാണ് പാലം നിർമ്മിക്കുന്നത്. പാലത്തിന്റെ നിർമ്മാണം പൂർത്തിയായാൽ മുണ്ടക്കൈയിലെ രക്ഷാപ്രവർത്തനങ്ങൾ എളുപ്പമാക്കാൻ സാധിക്കും.
ജെസിബി അടക്കമുള്ള വാഹനങ്ങളും ഭാരമേറിയ യന്ത്രസാമഗ്രികളും ബെയ്‌ലി പാലത്തിലൂടെ മുണ്ടക്കൈയിലേക്ക് എത്തിക്കാനാകും. ഇവ ഉപയോഗിച്ചുള്ള തിരച്ചിലിലൂടെ കൂടുതൽ പേരെ കണ്ടെത്താൻ കഴിയുമെന്നാണ് പ്രതീക്ഷ. ഇവിടെ ഉണ്ടായിരുന്ന പാലം ഉരുൾപൊട്ടലിൽ തകർന്നതോടെ രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു.
പുഴയ്ക്ക് കുറുകെ വടംകെട്ടിയും താൽക്കാലിക പാലം സ്ഥാപിച്ചുമായിരുന്നു തുടക്കത്തിൽ രക്ഷാപ്രവർത്തനം. എന്നാൽ, വളരെ സാവധാനത്തിൽ മാത്രമേ ഇതിലൂടെ രക്ഷാപ്രവർത്തനം നടത്താൻ സാധിച്ചിരുന്നുള്ളൂ. തുടർന്നാണ് ബെയ്‌ലി പാലം നിർമ്മിക്കാൻ തീരുമാനമായത്.
ചൂരൽമലയിൽ നിർമ്മിക്കുന്ന ബെയ്ലി പാലത്തിന്റെ നീളം 190 അടിയാണ്. 24 ടൺ ഭാരം പാലത്തിന് വഹിക്കാൻ കഴിയും. സൈന്യത്തിന്റെ എൻജിനീയറിങ് വിഭാഗമാണ് പാലം നിർമ്മിക്കുന്നത്. ഡല്‍ഹിയില്‍നിന്നും ബെംഗളൂരുവില്‍നിന്നുമാണ് പാലം നിര്‍മിക്കുന്നതിന് ആവശ്യമായ സാമഗ്രികള്‍ ചൂരല്‍മലയില്‍ എത്തിച്ചത്.
അതിജീവനത്തിൻ്റെ അതിവേഗം;
ബെയ്‌ലി പാലം ഉച്ചയോടെ പൂർത്തിയായേക്കും, മുണ്ടക്കൈയ്ക്ക് സമർപ്പിക്കും
ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 280 ആയി. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. 240 പേരെ കാണാനില്ലെന്നാണ് അനൗദ്യോഗിക വിവരം. 1592 പേരെയാണ് ഇതുവരെ രക്ഷിച്ചത്. 8107 പേർ വിവിധ ദുരിതാശ്വാസ ക്യാംപുകളിലായി കഴിയുന്നുണ്ട്
Post a Comment