(www.kl14onlinenews.com)
(07-August -2024)
തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചവരുടെ എണ്ണം വർദ്ധിക്കുന്നു. രോഗ ഉറവിടം കൃത്യമായി കണ്ടെത്താൻ ഇതുവരപെ സാധിക്കാത്തതാണ് വലിയ വെല്ലുവിളി സൃഷ്ടിക്കുന്നത്. രണ്ട് പേർ രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തിൽ ഉണ്ട്. ഇവരുടെ സാമ്പിൾ ഫലങ്ങൾ ഇന്ന് കിട്ടിയേക്കും. രോഗ ബാധയ്ക്ക് കാരണമെന്ന് സംശയിക്കുന്ന നെയ്യാറ്റിൻകര നെല്ലിമൂട് പൊതുകുളത്തിൽ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്താനായില്ല. ഇതോടെ ജാഗ്രത വർദ്ധിപ്പിക്കണമെന്ന നിർദ്ധശമാണ് ആരോഗ്യപ്രവർത്തകർ നൽകുന്നത്.
എന്താണ് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് (മസ്തിഷ്‌ക ജ്വരം)
സാധാരണമായി നേഗ്ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തിൽപ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. മൂക്കിനേയും മസ്തിഷ്‌ക്കത്തേയും വേർതിരിക്കുന്ന നേർത്ത പാളിയിൽ അപൂർവമായുണ്ടാകുന്ന സുഷിരങ്ങൾ വഴിയോ കർണപടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ ആണ് അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എൻസെഫലൈറ്റിസ് ഉണ്ടാക്കുകയും ചെയ്യുന്നത്. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്.
രോഗബാധയും ലക്ഷണങ്ങളും
കെട്ടിക്കിടക്കുന്നതോ ഒഴുകുന്നതോ ആയ ജല സ്രോതസുകളുമായി സമ്പർക്കത്തിൽ വരുന്നവരിലാണ് രോഗം പിടിപെടുന്നത്. ഈ രോഗം മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരില്ല. രോഗാണുബാധ ഉണ്ടായി ഒന്ന് മുതൽ ഒൻപത് ദിവസങ്ങൾക്കുള്ളിലാണ് രോഗലക്ഷണങ്ങൾ ഉണ്ടാകുന്നത്. തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദി, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട് തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങൾ. പിന്നീട് ഗുരുതരാവസ്ഥയിൽ എത്തുമ്പോൾ അപസ്മാരം, ബോധക്ഷയം, ഓർമക്കുറവ് തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകുന്നു. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുന്നവർ ഈ രോഗ ലക്ഷണങ്ങൾ കണ്ടാൽ ഇക്കാര്യം പറഞ്ഞ് ചികിത്സ തേടേണ്ടതാണ്.
ചെവിയിൽ പഴുപ്പുള്ള കുട്ടികൾ കുളത്തിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും മറ്റും കുളിക്കാൻ പാടില്ല. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുന്നതും വെള്ളത്തിൽ ഡൈവ് ചെയ്യുന്നതും പരമാവധി ഒഴിവാക്കണം. വാട്ടർ തീം പാർക്കുകളിലേയും സ്വിമ്മിംഗ് പൂളുകളിലേയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കണം. മൂക്കിലേക്ക് വെള്ളം ഒഴിക്കാതിരിക്കുക. മൂക്കിൽ വെള്ളം കയറാതിരിക്കാൻ നേസൽ ക്ലിപ്പ് ഉപയോഗിക്കുക.
പരിശോധന
നട്ടെല്ലിൽ നിന്നും സ്രവം കുത്തിയെടുത്ത് പരിശോധിക്കുന്നത് വഴിയാണ് രോഗനിർണയം നടത്തുന്നത്. പിസിആർ പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിക്കുന്നത്. അമീബയ്‌ക്കെതിരെ ഫലപ്രദമെന്ന് കരുതുന്ന 5 മരുന്നുകളുടെ സംയുക്തം ഉപയോഗിച്ചാണ് ചികിത്സിക്കുന്നത്. എത്രയും വേഗം മരുന്നുകൾ നൽകിത്തുടങ്ങുന്നവരിലാണ് രോഗം ഭേദമാക്കാൻ സാധിക്കുന്നത്. അതിനാൽ രോഗലക്ഷണങ്ങൾ തുടങ്ങി എത്രയും വേഗം മരുന്നുകൾ നൽകേണ്ടതാണ്. അതിലൂടെ മരണനിരക്ക് കുറയ്ക്കാൻ സാധിക്കും.
അമീബിക് മസ്തിഷ്ക ജ്വരം; കുളത്തിൽ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്താൻ ആയില്ല
അമീബിക് മസ്തിഷ്ക ജ്വരം; കുളത്തിൽ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്താൻ ആയില്ല
തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരത്തിന് കാരണമെന്ന് സംശയിക്കുന്ന നെയ്യാറ്റിൻകര നെല്ലിമൂട് പൊതുകുളത്തിൽ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്താനായില്ല. നിലവിൽ നാലുപേർക്കാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. പേരൂർക്കട സ്വദേശിക്കാണ് ഒടുവിലായി രോഗം കണ്ടെത്തിയത്. ആദ്യം രോഗം സ്ഥിരീകരിച്ചവർ ഒരേ കുളത്തിൽ കുളിച്ചതാണെങ്കിലും കുളത്തിൽ നിന്ന് ശേഖരിച്ച വെള്ളത്തിൽ ബാക്റ്റീരിയയുടെ സാന്നിധ്യം കണ്ടെത്താൻ കഴിയാത്തത് ആരോഗ്യ വകുപ്പിനെ കുഴപ്പിക്കുകയാണ്.
വീണ്ടും കുളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നു വെള്ളത്തിന്റെ സാമ്പിൾ ശേഖരിക്കാനാണ് വകുപ്പിന്റെ തീരുമാനം. അതിനിടെ രോഗലക്ഷണങ്ങളുമായി എത്തിയ രണ്ടുപേരെ കൂടി നിരീക്ഷണത്തിലാക്കി. നെല്ലിമൂട് സ്വദേശികളാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലുള്ള യുവാക്കൾക്കൊപ്പം കുളത്തിൽ കുളിച്ചവരാണ് ഇവരും. പനി ബാധിച്ചവർക്കായുള്ള ഫിവർ ഐ.സിയുവിലാണ് ഇവരെ പ്രവേശിച്ചിരുന്നത്. ഇതോടെ ആശുപത്രിയിലുള്ളവരുടെ എണ്ണം ഏഴായി. രോഗികളുടെ എണ്ണം കൂടിയാൽ ഐസിയുവിന് പുറമേ പ്രത്യേക വാർഡും തുറക്കും.
Post a Comment