(www.kl14onlinenews.com)
(26-August -2024)
മാതാപിതാക്കൾക്കൊപ്പം പോകാൻ താൽപര്യമില്ലെന്ന് കുട്ടി; കഴക്കൂട്ടത്തെ 13കാരി സി ഡബ്ല്യൂ സിയുടെ സംരക്ഷണയിൽ തുടരും
തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്നും കാണാതായ അസം സ്വദേശിയായ പെണ്‍കുട്ടിയെ തിരികെയെത്തിച്ചു. കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സംരക്ഷണയിലേക്ക് മാറ്റി. പെണ്‍കുട്ടിയെ പ്രത്യേക ഷെല്‍ട്ടറിലേക്ക് മാറ്റും. നാളെ കുട്ടിയുടെ മാതാപിതാക്കളുമായി സംസാരിക്കും.അതേസമയം ഫോണില്‍ വിളിച്ച് കുട്ടിയുമായി സംസാരിച്ചുവെന്നും അസമില്‍ പോകണമെന്നാണ് കുട്ടി പറഞ്ഞതെന്നും സിഡബ്ല്യുസി ചെയര്‍പേഴ്‌സണ്‍ ഷാനിബ ബീഗം പറഞ്ഞു.
ഇക്കാര്യം വിശദമായി സംസാരിക്കുമെന്നും കുട്ടിയെ ഇന്ന് രാത്രി ശിശുക്ഷേമ സമിതിയില്‍ താമസിപ്പിക്കുമെന്നും അവര്‍ പറഞ്ഞു.കഴിഞ്ഞ ദിവസം വിശാഖപട്ടണത്തിലെത്തിയ പൊലീസ് സംഘമാണ് കുട്ടിയെ ഏറ്റെടുത്തത്. കഴക്കൂട്ടത്ത് കുടുംബത്തോടൊപ്പം താമസിക്കുന്ന പെണ്‍കുട്ടിയെ ഓഗസ്റ്റ് 20ന് രാവിലെ 10 മണി മുതലാണ് കാണാതായത്.
അയല്‍വീട്ടിലെ കുട്ടികളുമായി വഴക്കുണ്ടാക്കിയ കുട്ടിയെ മാതാവ് ശകാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടി വീട് വിട്ട് ഇറങ്ങിയത്. പിന്നാലെ ജോലിക്ക് പോയ മാതാപിതാക്കള്‍ കുട്ടി വീടുവിട്ടിറങ്ങിയെന്ന വിവരമറിയുന്നത് ഏറെ വൈകിയാണ്. സംഭവത്തിന് പിന്നാലെ നാല് മണിയോടെ കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
കാണാതായി 37 മണിക്കൂറിന് ശേഷം വിശാഖപട്ടണത്ത് നിന്നാണ് 13 കാരിയെ കണ്ടെത്തിയത്. വിശാഖപട്ടണത്തുള്ള മലയാളി അസോസിയേഷന്‍ പ്രതിനിധികളാണ് കുട്ടിയെ കണ്ടെത്തിയത്. തംബരം എക്‌സ്പ്രസില്‍വെച്ചാണ് കുട്ടിയെ കണ്ടെത്തിയത്. ബര്‍ത്തില്‍ കിടക്കുകയായിരുന്ന കുട്ടിയെ മലയാളി അസോസിയേഷന്‍ പ്രതിനിധികള്‍ കണ്ടെത്തി വിശാഖപട്ടണത്ത് ഇറക്കുകയായിരുന്നു.
ആസാമിലേക്കുള്ള യാത്രാമദ്ധ്യേ ട്രെയിനിൽ നിന്നും കണ്ടെത്തിയ കുട്ടിവിശാഖപട്ടണത്ത് ആർപിഎഫിന്റെ സംരക്ഷണയിലായിരുന്നു. ചൊവ്വാഴ്ചയാണ് കഴക്കൂട്ടത്തെ വാടക വീട്ടിൽ നിന്നും അമ്മയുമായി പിണങ്ങി ഇറങ്ങിയ കുട്ടി, ട്രെയിൻ കയറി സ്വദേശമായ ആസാമിലേക്ക് പോകാൻ ശ്രമിച്ചത്. ആസാമിലെത്തി മുത്തശ്ശന്റെയും മുത്തശ്ശിയുടെയും കൂടെ നിന്ന് പഠനം തുടരണമെന്നാണ് കുട്ടിയുടെ ആഗ്രഹം
വീട്ടിൽ ഉപദ്രവം തുടർന്നതിനാലാണ് വീട് വിട്ട് ഇറങ്ങിയതെന്നും കുട്ടി വെളിപ്പെടുത്തി. വിശാഖവാലിയിലെ കുട്ടികളുടെ സംരക്ഷണകേന്ദ്രത്തിൽ കുട്ടി സന്തോഷവതിയാണെന്ന് മലയാളി സമാജം പ്രവർത്തകർ അറിയിച്ചിരുന്നു. അതേസമയം, മകളെ കണ്ടെത്താൻ സഹായിച്ചതിൽ കേരളത്തിലെ ആളുകളോടും പൊലീസിനോടും നന്ദിയുണ്ടെന്ന് 13കാരിയുടെ മാതാപിതാക്കൾ പ്രതികരിച്ചു.
കഴക്കൂട്ടം ബ്ലോക്ക് ഓഫീസിനു സമീപം താമസിക്കുന്ന അസം സ്വദേശി അന്‍വര്‍ ഹുസൈൻ്റെ മകളാണ് തസ്മീത്ത് തംസി. ചൊവ്വാഴ്ച രാവിലെ 10മണിയോടെയാണ് കുട്ടിയെ കാണാതായത്. മാതാപിതാക്കള്‍ വൈകീട്ട് നാലോടെയാണ് വിവരം കഴക്കൂട്ടം പോലീസില്‍ അറിയിച്ചത്. പിന്നാലെ സിസിടിവി അടക്കം പരിശോധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു.
Post a Comment