വയനാട് ദുരന്തം; ദുരിതബാധിതർക്ക് 1000 സ്ക്വയർ ഫീറ്റിൽ ഒറ്റനില വീട് നിർമിക്കും

(www.kl14onlinenews.com)
(29-August -2024)

വയനാട് ദുരന്തം;
ദുരിതബാധിതർക്ക് 1000 സ്ക്വയർ ഫീറ്റിൽ ഒറ്റനില വീട് നിർമിക്കും
കൽപറ്റ: വയനാട്ടിലെ ഉരുൾപൊട്ടലിലെ ദുരിതബാധിതർക്ക് 1000 സ്‌ക്വയർ ഫീറ്റിൽ ഒറ്റനില വീട് നിർമ്മിച്ചു നൽകുമെന്ന് സർക്കാർ. വീട് നഷ്ടപ്പെട്ടവർക്കായിരിക്കും പ്രഥമ പരിഗണനയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സർവകക്ഷിയോഗത്തിൽ അറിയിച്ചു. മാറി താമസിക്കേണ്ടി വന്നവരെ രണ്ടാംഘട്ടത്തിൽ പരിഗണിക്കും. ഒരേ രൂപരേഖയിലുള്ള വീടുകളാണ് നിർമിച്ചു നൽകുക. സർക്കാർ ഒരുക്കുന്ന ടൗൺഷിപ്പിപ്പിലായിരിക്കും വീടുകൾ നിർമിക്കുക. ഭാവിയിൽ രണ്ടാംനില പണിയാൻ കഴിയുന്ന വിധത്തിലായിരിക്കും നിർമാണം നടത്തുക. ദുരന്തബാധിത മേഖലയിൽ സെപ്റ്റംബർ രണ്ടിന് സ്‌കൂൾ പ്രവേശനോത്സവം നടത്തും. വിലങ്ങാട്ടെ ദുരിതബാധിതർക്കും പുനരധിവാസം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, വയനാട്ടിലെ ഉരുൾപൊട്ടലിലുണ്ടായ നഷ്ടക്കണക്കും പുറത്ത് വന്നിട്ടുണ്ട്. 183 വീടുകളാണ് അപ്രത്യക്ഷമായിരിക്കുന്നത്. 340 ഹെക്ടർ കൃഷിയിടം നഷ്ടമായി. 145 വീടുകൾ ദുരന്തത്തിൽ പൂർണമായി തകർന്നു. 240 വീടുകൾ വാസയോഗ്യമല്ലാതായി. 170 വീടുകൾ ഭാഗികമായി തകർന്നു.

58 കുടുംബങ്ങളിലെ എല്ലാവരും മരിച്ചു

വയനാട് ഉരുൾപൊട്ടലുണ്ടായ സ്ഥലത്തെ 58 കുടുംബങ്ങളിലെ എല്ലാവരും മരണപ്പെട്ടുവെന്ന് മന്ത്രി കെ.രാജൻ. ഒരു മാസം കൊണ്ട് താത്കാലിക പുനരധിവാസം പൂർത്തിയായെന്നും മന്ത്രിസഭ ഉപസമതി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മരണാന്തര ധനസഹായമായി 93 കുടുംബങ്ങൾക്ക് എട്ടു ലക്ഷം രൂപ വിതരണം ചെയ്തുവെന്നും റവന്യൂമന്ത്രി കൂട്ടിച്ചേർത്തു

ഉരുൾപൊട്ടലിൽ മരിച്ച 36 പേരെക്കൂടി ഡിഎൻ.എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞതായി ജില്ല കളക്ടർ ഡി.ആർ. മേഘശ്രീ അറിയിച്ചു. 17 മൃതദേഹങ്ങളും 56 ശരീര ഭാഗങ്ങളുമുൾപ്പെടെ 73 സാമ്പിളുകളാണ് രക്തബന്ധുക്കളിൽ നിന്ന് ശേഖരിച്ച ഡി.എൻ.എ സാമ്പിളുമായി യോജിച്ചത്. ഒരാളുടെ തന്നെ ഒന്നിൽക്കൂടുതൽ ശരീരഭാഗങ്ങൾ ലഭിച്ചതായി പരിശോധനയിൽ സ്ഥിരീകരിച്ചിട്ടുണ്ട്.

കണ്ണൂർ ഫോൻസിക് സയൻസ് ലാബോട്ടറിയിലാണ് പരിശോധന നടത്തിയത്.ഉരുൾപൊട്ടൽ ദുരന്തത്തെത്തുടർന്ന് അവകാശികളില്ലാത്ത മൃതദേഹങ്ങളും ശരീര ഭാഗങ്ങളും സംസ്‌കരിക്കുന്നതിനും ഡി.എൻ.എ പരിശോധനയ്ക്ക് സാമ്പിളുകൾ ശേഖരിക്കുന്നതിനും പാലിക്കേണ്ട പ്രോട്ടോക്കോൾ സംബന്ധിച്ച് സർക്കാർ വ്യക്തമായ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിൻറെ അടിസ്ഥാനത്തിലാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.

Post a Comment

أحدث أقدم