(www.kl14onlinenews.com)
(03-July-2024)
പ്രതികൂല കാലാവസ്ഥയെ തുടർന്ന് ടി20 ലോകകപ്പ് ജോതാക്കളായ ഇന്ത്യൻ ടീമിന്റെ നാട്ടിലേക്കുള്ള മടക്കം വൈകിയിരുന്നു. കാലവസ്ഥ അനുകൂലമായതോടെ ബുധനാഴ്ച ടീം നാട്ടിലേക്ക് പുറപ്പെട്ടു. വ്യാഴാഴ്ച രാവിലെ അഞ്ച് മണിയോടെയായിരിക്കും ലോക ചാമ്പ്യന്മാർ ഇന്ത്യയിലെത്തുക. നാട്ടിലെത്തുന്ന ടീമിനായി വൻ സ്വീകരണം ഒരുക്കാനാണ് ബിസിസിഐ പദ്ധതിയിട്ടിരിക്കുന്നത്.
2007-ൽ ടി20 ലോകകപ്പ് ജേതാക്കളായ എംഎസ് ധോണിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീമിനെ സ്വീകരിച്ചതിന് സമാനമായിരിക്കും ഇത്തവണയും വിജയികളെ വരവേൽക്കുന്നത്. രോഹിത് ശർമ്മയും സംഘവും വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് നരിമാൻ പോയിൻ്റിൽ നിന്ന് വാങ്കഡെ സ്റ്റേഡിയത്തിലേക്ക് പരേഡ് നടത്തും. ട്രോഫിയുമായി ഓപ്പൺ-ടോപ്പ് ബസിലായിരിക്കും ടീമിന്റെ പ്രകടനം.
രാവിലെ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം പ്രഭാതഭക്ഷണം കഴിച്ച ശേഷമായിരിക്കും ടീമിന്റെ വിജയപ്രകടനം. "കളിക്കാർ മാനസികമായും ശാരീരികമായും ക്ഷീണിതരായാണ് എത്തുന്നത്. അതിനാൽ നരിമാൻ പോയിൻ്റിൽ നിന്ന് സ്റ്റേഡിയം വരെ 2 കിലോമീറ്റർ മാത്രമാണ് ഓപ്പൺ-ടോപ്പ് ബസിൽ പരേഡ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഇതിന് ശേഷം 125 കോടി രൂപയുടെ സമ്മാനം ബിസിസിഐ സെക്രട്ടറി ജയ് ഷാ വിതരണം ചെയ്യും," ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു.
ബുധനാഴ്ച ഉച്ചതിരിഞ്ഞ് ബാർബഡോസിൽ നിന്ന് പ്രത്യേക വിമാനത്തിലാണ് ഇന്ത്യൻ സംഘം മുംബൈയിലേക്ക് എത്തുന്നത്. ചുഴലക്കാറ്റും കനത്ത മഴയുമാണ് ബാര്‍ബഡോസില്‍ നിന്നുള്ള ഇന്ത്യൻ സംഘത്തിന്റെ മടങ്ങിവരവ് വൈകിപ്പിച്ചത്.
താരങ്ങളും കുടുംബാംഗങ്ങളും പരിശീലക സംഘവും ഉൾപ്പെടെ 70ഓളം പേരാണ് ഇന്ത്യൻ സംഘത്തിലുള്ളത്. വെസ്റ്റ് ഇൻഡീസിലും അമേരിക്കയിലും നടന്ന ഒമ്പതാമത് ടി20 ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനലിൽ ശനിയാഴ്ച രാത്രി രോഹിത്തിന് കീഴിലുള്ള ഇന്ത്യൻ സംഘം സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ ഏഴ് റൺസിന്റെ തകർപ്പൻ ജയം നേടിയിരുന്നു.
വിരാട് കോഹ്‌ലിയുടെയും അക്സർ പട്ടേലിന്റെയും ബാറ്റിങ്ങ് കരുത്തിലും ബുമ്രയടങ്ങുന്ന പേസ് നിരയുടെയും മികവിലുമാണ് ഇന്ത്യ തങ്ങളുടെ കുട്ടി ക്രിക്കറ്റിലെ രണ്ടാം ലോക കിരീടവും, ലോക ക്രിക്കറ്റിലെ നാലാം കിരീടവും നേടിയത്. കളിയുടെ അവസാന നിമിഷങ്ങളിൽ കളി കൈവിട്ടെങ്കിലും ഉജ്ജ്വല ബൗളിങ് തിരിച്ചു വരവ് ഇന്ത്യയ്ക്ക് തുണയായി.
Post a Comment