നേതൃമാറ്റം: കോൺഗ്രസ് ഹൈക്കമാൻഡിന്റെ തീരുമാനം അനുസരിക്കുമെന്ന് സിദ്ധരാമയ്യ

(www.kl14onlinenews.com)
(01-July-2024)

നേതൃമാറ്റം: കോൺഗ്രസ് ഹൈക്കമാൻഡിന്റെ തീരുമാനം അനുസരിക്കുമെന്ന് സിദ്ധരാമയ്യ
ബംഗളൂരു: ഭരണകക്ഷിയിലെ രാഷ്ട്രീയ തർക്കത്തിനിടെ നേതൃമാറ്റ വിഷയത്തിൽ കോൺഗ്രസ് ഹൈക്കമാൻഡിന്റെ തീരുമാനം അനുസരിക്കുമെന്ന് വ്യക്തമാക്കി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കഴിഞ്ഞയാഴ്ച ഒരു വൊക്കലിംഗ സന്യാസി സിദ്ധരാമയ്യയോട് രാജിവച്ച് മുഖ്യമന്ത്രി പദത്തിലേക്ക് ഡി കെ ശിവകുമാറിന് വഴിയൊരുക്കണമെന്ന് പരസ്യമായി അഭ്യർത്ഥിച്ചിരുന്നു. ഇതേ തുടർന്ന് സർക്കാരിലെ നേതൃമാറ്റം സംബന്ധിച്ച് ഇരു വിഭാഗങ്ങളിൽ നിന്നുള്ള പല നേതാക്കളും പരസ്യ പ്രസ്താവനയുമായി രംഗത്തെത്തിയതും വ്യാപക ചർച്ചകൾക്ക് വഴിവെച്ചിരുന്നു.

“ഇത് പൊതുസമൂഹത്തിൽ ചർച്ച ചെയ്യേണ്ട വിഷയമല്ല. ഹൈക്കമാൻഡ് എന്ത് തീരുമാനമെടുത്താലും ഞങ്ങൾ അതനുസരിച്ച് മുന്നോട്ട് പോകും, ​​”വിശ്വ വൊക്കലിഗര മഹാസംസ്ഥാന മഠാധിപതി ചന്ദ്രശേഖര സ്വാമിയുടെ അപ്പീലിനെ കുറിച്ച് മാധ്യമപ്രവർത്തകരോട് ചോദിച്ചപ്പോൾ സിദ്ധരാമയ്യ പറഞ്ഞു.“സ്വാമിജി പറയുന്നതിനെ കുറിച്ച് പ്രതികരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഞങ്ങളുടേത് ഒരു ദേശീയ പാർട്ടിയാണ്. ഹൈക്കമാൻഡാണ് തീരുമാനങ്ങളെടുക്കുന്നത്” മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കൂടുതൽ ഉപമുഖ്യമന്ത്രി സ്ഥാനങ്ങൾ ലിംഗായത്ത്, എസ്‌സി, എസ്ടി, ന്യൂനപക്ഷ സമുദായങ്ങളിലെ നേതാക്കൾക്ക് നൽകാനും സിദ്ധരാമയ്യ അനുയായികളായ ചില മന്ത്രിമാരുടെ ആവശ്യങ്ങളും ഉയർന്നിട്ടുണ്ട്. സംസ്ഥാന പാർട്ടി അധ്യക്ഷൻ കൂടിയായ ഡി.കെ ശിവകുമാറിന്റെ രാഷ്ട്രീയ ചേരിതിരിവ് ഇല്ലാതാക്കാനുള്ള ശ്രമമായാണ് ഈ നീക്കം ചിലയിടങ്ങളിൽ കാണുന്നത്. വൊക്കലിംഗ സമുദായാംഗമായ ശിവകുമാർ നിലവിൽ സിദ്ധരാമയ്യ സർക്കാരിലെ ഏക ഉപമുഖ്യമന്ത്രിയാണ്.

കഴിഞ്ഞ വർഷം മേയിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം മുഖ്യമന്ത്രി സ്ഥാനത്തേക്ക് സിദ്ധരാമയ്യയും ശിവകുമാറും തമ്മിൽ കടുത്ത അവകാശവാദമാണ് ഉയർന്നത്. എന്നാൽ അനുനയ നീക്കങ്ങളിലൂടെ ഡി.കെ ശിവകുമാറിനെ ഉപമുഖ്യമന്ത്രി സ്ഥാനം നൽകി തർക്കങ്ങൾക്ക് പരിഹാരം കാണുകയാണ് കോൺഗ്രസ് ദേശീയ നേതൃത്വം അന്ന് ചെയ്തത്.

റൊട്ടേഷൻ മുഖ്യമന്ത്രി ഫോർമുല"യുടെ അടിസ്ഥാനത്തിൽ ഒത്തുതീർപ്പിലെത്തിയതായി അക്കാലത്ത് ചില റിപ്പോർട്ടുകൾ ഉണ്ടായിരുന്നു, എന്നാൽ അതനുസരിച്ച് രണ്ടര വർഷത്തിന് ശേഷം ശിവകുമാർ മുഖ്യമന്ത്രിയാകുമെന്ന് പാർട്ടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മുഖ്യമന്ത്രിയാകാനുള്ള തന്റെ ആഗ്രഹം ശിവകുമാർ മറച്ചുവെച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

Post a Comment

Previous Post Next Post