ടി-20 ലോകകപ്പുമായി ഇന്ത്യന്‍ ടീം ജന്മനാട്ടിൽ; ആവേശോജ്വലമായ വരവേല്‍പ്പ്; ആർപ്പുവിളിച്ച് ആരാധകർ

(www.kl14onlinenews.com)
(04-July-2024)

ടി-20 ലോകകപ്പുമായി ഇന്ത്യന്‍ ടീം ജന്മനാട്ടിൽ; ആവേശോജ്വലമായ വരവേല്‍പ്പ്; ആർപ്പുവിളിച്ച് ആരാധകർ
ന്യൂഡൽഹി: ട്വന്റി20 ലോകകപ്പിൽ ജേതാവായ ഇന്ത്യൻ ടീം അംഗങ്ങൾക്ക് ജന്മനാട്ടിൽ ആവേശോജ്വലമായ സ്വീകരണം. വ്യാഴാഴ്ച രാവിലെ ആറുമണിയോടെയാണ് ഇന്ത്യൻ ടീമുമായുള്ള ചാർട്ടേഡ് വിമാനം ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. എന്നാൽ പുലർച്ചെ തന്നെ ആയിടരം കണക്കിന് ആരാധകരാണ് പ്രിയ താരങ്ങളെ കാണാൻ വിമാനത്താവളത്തിലും സമീപ പ്രദേശങ്ങളിലും കൂടി നിന്നത്. ഇവിടെ നിന്ന് ഐടിസി മൗര്യ ഹോട്ടലിലേക്കാണ് ടീം പോയത്.

ചുഴലിക്കാറ്റും മോശം കാലാവസ്ഥയും മൂലം ബാർബഡോസിൽ കുടുങ്ങിയ ടീമിന്റെ യാത്ര വൈകിയിരുന്നു. ഇതിനു പിന്നാലെ ബാര്‍ബഡോസ് ഗ്രാന്റ്ലി ആദംസ് വിമാനത്താവളത്തില്‍നിന്ന് ബുധനാഴ്ചയാണ് ഇന്ത്യന്‍ ടീം ജന്മനാട്ടിലേക്ക് യാത്രതിരിച്ചത്. തുടർന്ന് രാവിലെ 6.57 ഓടെയാണ് വിമാനത്താവളത്തിൽ എത്തിയത്. വിരാട് കോഹ്ലിയാണ് ആദ്യം പുറത്തെത്തിയത്. ആർപ്പുവിളിച്ചാണ് ആരാധകർ ടീമിനെ വരവേറ്റത്. അതേസമയം താരങ്ങളെ പ്രധാനമന്ത്രി നരേന്ദ്രമോദി കാണും. 11 മണിക്ക് പ്രധാനമന്ത്രിയുടെ വസതിയിലാണ് കൂടിക്കാഴ്ച. ഇതിനുശേഷം സ്വീകരണത്തിനും റോഡ് ഷോയ്ക്കുമായി ടീം മുംബൈയിലേക്കുപോകും

താരങ്ങൾക്ക് വാംഖഡേ സ്റ്റേഡിയത്തില്‍ സ്വീകരണപരിപാടി ഒരുക്കിയിട്ടുണ്ട്. ടീമിന് പ്രഖ്യാപിച്ച 125 കോടി ചടങ്ങില്‍ ബി.സി.സി.ഐ. കൈമാറും. രാഷ്ട്രപതി ദ്രൗപദി മുര്‍മുവുമായും ടീം കൂടിക്കാഴ്ച നടത്തിയേക്കും.ബാർബഡോസിലെ കെൻസിങ്ടൺ ഓവലിൽ, ദക്ഷിണാഫ്രിക്കയെ 7 റൺസിനു തോൽപിച്ചാണ് ഇന്ത്യ ജേതാക്കളായത്. അവസാന ഓവറിൽ ഡേവിഡ് മില്ലറെ പുറത്താക്കാൻ സൂര്യകുമാർ യാദവ് എടുത്ത ഉജ്വല ക്യാച്ചും ഇന്ത്യൻ വിജയത്തിൽ നിർണായകമായി.

17 വർഷങ്ങൾക്ക് ശേഷമുള്ള ഇന്ത്യൻ ടീമിന്റെ ടി20 ലോകകപ്പ് നേട്ടം ഗംഭീര ആഘോഷമാക്കാനാണ് ബിസിസിഐ പദ്ധതിയിട്ടിരിക്കുന്നത്.

2007-ൽ ടി20 ലോകകപ്പ് ജേതാക്കളായ എംഎസ് ധോണിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീമിനെ സ്വീകരിച്ചതിന് സമാനമായാണ് ഇത്തവണയും വിജയികളെ വരവേൽക്കുന്നത്. രോഹിത് ശർമ്മയും സംഘവും വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് നരിമാൻ പോയിൻ്റിൽ നിന്ന് വാങ്കഡെ സ്റ്റേഡിയത്തിലേക്ക് പരേഡ് നടത്തും. ട്രോഫിയുമായി ഓപ്പൺ-ടോപ്പ് ബസിലായിരിക്കും ടീമിന്റെ പ്രകടനം.

കളിക്കാർ മാനസികമായും ശാരീരികമായും ക്ഷീണിതരായാണ് എത്തുന്നത്. അതിനാൽ നരിമാൻ പോയിൻ്റിൽ നിന്ന് സ്റ്റേഡിയം വരെ 2 കിലോമീറ്റർ മാത്രമാണ് ഓപ്പൺ-ടോപ്പ് ബസിൽ പരേഡ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഇതിന് ശേഷം 125 കോടി രൂപയുടെ സമ്മാനം ബിസിസിഐ സെക്രട്ടറി ജയ് ഷാ വിതരണം ചെയ്യും," ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു

ബുധനാഴ്ച ഉച്ചതിരിഞ്ഞ് ബാർബഡോസിൽ നിന്ന് പ്രത്യേക വിമാനത്തിലാണ് ഇന്ത്യൻ സംഘം ഡൽഹിയിലേക്ക് പുറപ്പെട്ടത്. ചുഴലക്കാറ്റും കനത്ത മഴയുമാണ് ബാര്‍ബഡോസില്‍ നിന്നുള്ള ഇന്ത്യൻ സംഘത്തിന്റെ മടങ്ങിവരവ് വൈകിപ്പിച്ചത്. താരങ്ങളും കുടുംബാംഗങ്ങളും പരിശീലക സംഘവും ഉൾപ്പെടെ 70ഓളം പേരാണ് ഇന്ത്യൻ സംഘത്തിലുള്ളത്.

Post a Comment

أحدث أقدم