(www.kl14onlinenews.com)
(31-May-2024)
അവസാന ഘട്ട വോട്ടെടുപ്പിനൊരുങ്ങി 57 മണ്ഡലങ്ങൾ; ഉഷ്ണ തരംഗത്തിനിടയിൽ വരണാസി ഉൾപ്പടെയുള്ള മണ്ഡലങ്ങൾ ബൂത്തിലേക്ക്
ഡൽഹി: ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലേക്ക് രാജ്യമെത്തുമ്പോൾ 57 മണ്ഡലങ്ങൾ നാളെ പോളിംഗ് ബൂത്തിലേക്ക്. 80 ദിവസ പ്രചാരണത്തിനൊടുവിൽ, എട്ട് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 57 സീറ്റുകളിലെ പോളിംഗോടെ വോട്ടെടുപ്പ് ശനിയാഴ്ച അവസാനിക്കും.
1951-'52ലെ ആദ്യ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം നടന്ന ഏറ്റവും ദൈർഘ്യമേറിയ രണ്ടാമത്തെ പാർലമെന്റ് തിരഞ്ഞെടുപ്പാണിതെന്ന പ്രത്യേകതയും 2024 ലെ തിരഞ്ഞെടുപ്പിനുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന വരണാസിയടക്കമുള്ള മണ്ഡലങ്ങൾ നാളെ വിധിയെഴുതും.
വോട്ടെടുപ്പ് അവസാനിച്ച ശേഷം, എല്ലാ കണ്ണുകളും നീളുക എക്‌സിറ്റ് പോളുകളിലേക്കും ജൂൺ നാലിന് പുറത്തുവരുന്ന അന്തിമ ഫലങ്ങളിലേക്കും ആയിരിക്കും. നാളെ പഞ്ചാബിലെ 13 സീറ്റുകളിലും ഹിമാചൽ പ്രദേശിലെ നാല് സീറ്റുകളിലും ഒറ്റയടിക്ക് പോളിംഗ് പൂർത്തിയാകും. ഏഴ് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടന്ന ഉത്തർപ്രദേശ്, ബീഹാർ, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളും നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒരേസമയം നടക്കുന്ന ജാർഖണ്ഡും ഒഡീഷയുമാണ് ബൂത്തിലെത്തുന്ന മറ്റ് സംസ്ഥാനങ്ങൾ. നാളെ നടക്കുന്ന തിരഞ്ഞെടുപ്പിൽ 904 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്.
2019ൽ ഈ 57 സീറ്റുകളിൽ യഥാക്രമം 19സീറ്റുകളും 30 സീറ്റുകളുമായി പ്രതിപക്ഷമായ ഇന്ത്യ ബ്ലോക്കും ഭരണകക്ഷിയായ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയും ചേർന്നാണ് നേടിയത്. ഇതിൽ 25 മണ്ഡലങ്ങളിൽ ബിജെപി ഒറ്റയ്ക്കാണ് വിജയിച്ചത്. ഇന്ത്യാ സഖ്യത്തിലുള്ള തൃണമൂൽ കോൺഗ്രസും, കോൺഗ്രസും യഥാക്രമം ഒമ്പത്, എട്ട് സീറ്റുകളാണ് ഇതിൽ നേടിയത്. ഒഡീഷയിൽ ബിജു ജനതാദൾ നാല് സീറ്റും, യുപിയിൽ ബിഎസ്പി രണ്ട് സീറ്റും, പഞ്ചാബിൽ ശിരോമണി അകാലിദൾരണ്ട് സീറ്റും 2019 ൽ നേടിയിരുന്നു.
വോട്ട് വിഹിതത്തിന്റെ അടിസ്ഥാനത്തിൽ, ഇന്ത്യാ സഖ്യ പാർട്ടികളുടെ 37.52% വോട്ട് ഷെയറുമായി താരതമ്യം ചെയ്യുമ്പോൾ എൻഡിഎ മുന്നണി 39.03% വോട്ടുകളാണ് 2019 ൽ ഈ 57 മണ്ഡലങ്ങളിൽ നേടിയത്. 2014ൽ ഇതിൽ 39 സീറ്റുകൾ എൻഡിഎയും 11 സീറ്റുകൾ ഇന്ത്യാ സഖ്യകക്ഷികളും നേടിയിരുന്നു.10 സീറ്റുകളിൽ മറ്റ് പാർട്ടികളാണ് വിജയിച്ചത്.
إرسال تعليق