ഡൽഹിക്കും ജബൽപൂരിനും പിന്നാലെ രാജ്കോട്ടിലും വിമാനത്താവളത്തിലെ മേൽക്കൂര തകർന്ന് അപകടം 2024

(www.kl14onlinenews.com)
(29-JUN-2024)

ഡൽഹിക്കും ജബൽപൂരിനും പിന്നാലെ രാജ്കോട്ടിലും വിമാനത്താവളത്തിലെ മേൽക്കൂര തകർന്ന് അപകടം
രാജ്കോട്ട്: ഡൽഹിക്കും ജബൽപൂരിനും പിന്നാലെ മഴയെ തുടർന്ന് രാജ്കോട്ടിലെ വിമാനത്താവളത്തിലും മേൽക്കൂര തകർന്ന് വീണ് അപകടം. വിമാനത്താവളത്തിലെ പാസഞ്ചർ പിക്കപ്പ് ആൻഡ് ഡ്രോപ്പ് ഏരിയയിലെ മേൽക്കൂര തകർന്നതായി കാണിക്കുന്ന ഒരു വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ഡൽഹി വിമാനത്താവളത്തിലുണ്ടായ അപകടത്തിൽ കേന്ദ്ര വ്യോമയാന മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മറ്റ് രണ്ട് പ്രധാന വിമാനത്താവളങ്ങളിൽ കൂടി മേൽക്കൂര തകരുന്ന സംഭവം ഉണ്ടായിരിക്കുന്നത്.

ശക്തമായ കാറ്റും മഴയും മൂലമാണ് ഡൽഹി രാജ്യാന്തര വിമാനത്താവളത്തിന്റെ മേൽക്കൂരയുടെ ഒരുഭാഗം തകർന്നു വീണത്. സംഭവത്തിൽ കേന്ദ്ര വ്യോമയാന മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ജബൽപൂരിലും ഇപ്പോൾ രാജ്കോട്ടിലും സമാനമായ അപകടമുണ്ടായിരിക്കുന്നത്. ഡൽഹി അപകടത്തെ തുടർന്ന് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷാ പരിശോധന നടത്തുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി പറഞ്ഞതിന് മണിക്കൂറുകൾക്ക് ഉള്ളിലാണ് ജബൽപൂരിലും രാജ്കോട്ടിലും അപകടങ്ങൾ ഉണ്ടായിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

വെള്ളിയാഴ്ച പുലർച്ചെയോടെയാണ്, ഡൽഹി എയർപോർട്ട് ടെർമിനൽ 1 ലെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്നുവീണത്. അപകടത്തിൽ ഒരു ടാക്സി ഡ്രൈവർ മരിക്കുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മുൻകരുതൽ നടപടിയെന്ന നിലയിൽ ടെർമിനലിൽ നിന്നുള്ള എല്ലാ വിമാന സർവ്വീസുകളും താൽക്കാലികമായി നിർത്തിവെച്ചിരുന്നു.

രാജ്യ തലസ്ഥാനത്ത് 88 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ഒറ്റ ദിവസത്തെ മഴയാണ് ഇന്നലെ രേഖപ്പെടുത്തിയത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെ നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കം മൂലം നീണ്ട ഗതാഗതക്കുരുക്കാണ് നഗരത്തിൽ അനുഭവപ്പെട്ടത്. ഡൽഹിയിൽ അടുത്ത മൂന്ന് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

Post a Comment

أحدث أقدم