രണ്ടുമാസത്തെ വേനലവധിക്ക് ശേഷം സ്കൂളുകൾ നാളെ തുറക്കും; ഒരുക്കങ്ങൾ പൂർത്തീകരിച്ചതായി വിദ്യാഭ്യാസ വകുപ്പ്

(www.kl14onlinenews.com)
(02-JUN-2024)

രണ്ടുമാസത്തെ വേനലവധിക്ക് ശേഷം സ്കൂളുകൾ നാളെ തുറക്കും; ഒരുക്കങ്ങൾ പൂർത്തീകരിച്ചതായി വിദ്യാഭ്യാസ വകുപ്പ്
സംസ്ഥാന തല പ്രവേശനോത്സവം എറണാകുളത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മൂന്നു ലക്ഷത്തിലധികം കുരുന്നുകൾ ഇക്കുറി പുതിയതായി വിദ്യാലയങ്ങളിലെക്ക് എത്തുമെന്നാണ് സർക്കാരിൻ്റെ കണക്കുകൂട്ടൽ. സ്എസ്എൽസി മൂല്യനിർണയത്തിലെ പൊളിച്ചെഴുത്ത് അടക്കം ഈ അധ്യയനവർഷം ഒരുപാട് മാറ്റങ്ങളാണ് വിദ്യാർത്ഥികളെ കാത്തിരിക്കുന്നത്.

ആദ്യമായി എത്തുന്നവരെ സ്വീകരിക്കാൻ വർണാഭമായ സജ്ജീകരണങ്ങളാണ് സർക്കാർ ഒരുക്കിയിരിക്കുന്നത്. സംസ്ഥാനതല പ്രവേശനോത്സവം എറണാകുളം എളമക്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ആണ് ക്രമീകരിച്ചിരിക്കുന്നത്. ജില്ലാകേന്ദ്രങ്ങളിലൂം സ്കൂൾതലത്തിലും പ്രത്യേകം പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. അവസാനഘട്ട ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി മന്ത്രി വി.ശിവൻകുട്ടി ഇന്ന് എളമക്കര സ്കൂളിൽ എത്തും.

വലിയ മാറ്റങ്ങളുമായാണ് ഇത്തവണ സ്കൂൾ തുറക്കൽ. പത്ത് വർഷത്തെ ഇടവേളക്ക് ശേഷം പാഠപുസ്തകങ്ങൾ പരിഷ്ക്കരിച്ചു. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലാണ് പുതിയ പുസ്തകങ്ങൾ. ലിംഗനീതി ഉയർത്തിപ്പിടിക്കുന്ന പാഠഭാഗങ്ങളാണ് ഇത്തവണത്തെ മറ്റൊരു പ്രത്യേകത. മാറ്റമില്ലാത്ത പുസ്തകങ്ങൾ ഇതിനകം കുട്ടികളിലേക്കെത്തിക്കഴിഞ്ഞു. വലിയ ഇടവേളക്ക് ശേഷം ഒന്നാം ക്ലാസിൽ അക്ഷരമാലയും തിരികെയെത്തി.

40 ലക്ഷത്തോളം കുട്ടികളാണ് സംസ്ഥാനത്ത് ആകമാനം സ്കൂളുകളിൽ എത്തുന്നത്. പ്രവേശനോത്സവത്തിന്റെ ഔദ്യോഗിക ഗാനം കഴിഞ്ഞ ദിവസം വിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ടിരുന്നു. വിവിധ വകുപ്പുകൾ ഏകോപിപ്പിച്ചു കൊണ്ടാണ് പ്രവേശനോത്സവം സംഘടിപ്പിക്കുന്നത്. ലഹരി ഉപയോഗവും വിൽപനയും തടയുന്നതിനുള്ള സഹായം ആഭ്യന്തരവകുപ്പ് നൽകും. സ്‌കൂൾബസ്സുകൾ, കുട്ടികളെ എത്തിക്കുന്ന സ്വകാര്യ വാഹനങ്ങൾ എന്നിവയുടെ ഫിറ്റ്‌നസ് ഗതാഗത വകുപ്പും ഉറപ്പുവരുത്തിയിട്ടുണ്ട്.

എസ്എസ്എൽസി മൂല്യനിർണ്ണയത്തിലെ മാറ്റമാണ് ഈവർഷത്തെ പ്രധാന ഹൈലൈറ്റ്. 2005ൽ അവസാനിപ്പിച്ച വിഷയങ്ങൾക്കുള്ള മിനിമം മാർക്ക് തിരികെ കൊണ്ടുവരികയാണ്. നിരന്തര മൂല്യനിർണ്ണയത്തിലും ഇനി വാരിക്കോരി മാർക്കുണ്ടാകില്ല. നൂറിനടത്ത് എത്തുന്ന വിജയശതമാനം ഇനി മുതൽ പ്രതീക്ഷിക്കേണ്ട.

അതേസമയം മലബാറിലെ പ്ലസ് വൺ പ്രവേശനത്തിലെ പ്രതിസന്ധി ഇത്തവണയും തുടരും. ട്രയൽ അലോട്ട്മെൻറ് തീർന്നപ്പോൾ തന്നെ മിടുക്കരായവർക്ക് പോലും സീറ്റില്ലാത്ത സ്ഥിതിയാണ്. സ്ഥലം മാറ്റത്തിലെ തീരാത്ത പ്രതിസന്ധി മൂലം എണ്ണായിരത്തോളം അധ്യാപകർ ത്രിശങ്കുവിലാണ്. അധ്യാപകരുടെ സ്ഥലംമാറ്റത്തിലെ പ്രശ്നം എന്ന് തീരുമെന്നും ഇതുവരെ ഉറപ്പില്ല. ഇതുകൂടാതെ പൊതു വിദ്യാലയങ്ങളിൽ പതിനായിരത്തോളം അധ്യാപകരുടെ കുറവും പ്രതിസന്ധിയായി തുടരുകയാണ്.

Post a Comment

أحدث أقدم