(www.kl14onlinenews.com)
(27-JUN-2024)
ഗയാന: ട്വന്റി20 ലോകകപ്പിൽ ഇന്ത്യ– ഇംഗ്ലണ്ട് സെമി ഫൈനൽ മത്സരത്തിന്റെ ടോസ് വൈകുന്നു. മഴ തോർന്നെങ്കിലും ഗ്രൗണ്ടിലെ ഈർപ്പം കാരണമാണ് ടോസ് വൈകുന്നത്. ഗയാനയിൽ ഇന്ന് 57 ശതമാനമാണ് മഴ പെയ്യാൻ സാധ്യത. മഴ മത്സരം തടസ്സപ്പെടുത്തിയാൽ കളി തുടരാൻ 7 മണിക്കൂർ വരെ അധിക സമയം അനുവദിച്ചിട്ടുണ്ട്. എന്നാൽ മത്സരത്തിന് റിസർവ് ഡേ അനുവദിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ മഴമൂലം സെമിഫൈനൽ ഉപേക്ഷിക്കേണ്ടിവന്നാൽ ഗ്രൂപ്പ് ചാംപ്യൻമാരായ ഇന്ത്യ ഫൈനലിൽ കടക്കും.
ടൂർണമെന്റിലെ അപരാജിത കുതിപ്പിന്റെ കരുത്തിലാണ് ഇന്ത്യ ഇന്ന് സെമിപോരാട്ടത്തിന് ഇറങ്ങുന്നതെങ്കിൽ ഗ്രൂപ്പ് സ്റ്റേജിലും സൂപ്പർ 8ലും അപ്രതീക്ഷിത തോൽവി നേരിട്ടാണ് ഇംഗ്ലണ്ടിന്റെ വരവ്. സ്പിന്നർമാരുടെ പറുദീസയാണ് ഗയാന സ്റ്റേഡിയം. ഇതുവരെ നടന്ന 18 മത്സരങ്ങളിൽ ആദ്യം ബാറ്റു ചെയ്ത ടീം 6 മത്സരങ്ങൾ ജയിച്ചപ്പോൾ രണ്ടാമത് ബാറ്റ് ചെയ്ത ടീം 8 മത്സരങ്ങളിൽ വിജയികളായി. ആദ്യം ബാറ്റു ചെയ്യുന്ന ടീമിന്റെ ശരാശരി സ്കോർ: 133
ഗയാന സമയം രാവിലെ 10.30-നാണ് (ഇന്ത്യൻ സമയം വൈകീട്ട് എട്ടു മണി) സെമി മത്സരം നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ രാവിലെ മുതൽ ഗയാനയിൽ കനത്ത മഴയാണ്. കാലാവസ്ഥ വകുപ്പ് നൽകുന്ന വിവരം അനുസരിച്ച് രാവിലെ 10.30 മുതൽ വൈകീട്ട് 6.30 വരെ ഗയാനയിൽ മഴ തുടരുമെന്നാണ് സൂചന. മത്സരം നടക്കേണ്ട ഗയാനയിലെ പ്രൊവിഡൻസ് സ്റ്റേഡിയം മഴയിൽ മുങ്ങിനിൽക്കുന്നതിന്റെ വീഡിയോ അൽപം മുമ്പ് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ദിനേഷ് കാർത്തിക്ക് എക്സിൽ പങ്കുവെച്ചിട്ടുണ്ട്.
ഇന്ത്യൻ സമയം എട്ടു മണിക്ക് ആരംഭിക്കേണ്ട മത്സരം മഴ കാരണം വൈകിയാൽ 12.10 വരെ കാക്കും. ഈ സമയത്ത് മത്സരം ആരംഭിച്ചാലും മുഴുവൻ ഓവർ മത്സരം തന്നെ നടത്തും. അതിലും വൈകിയാൽ മാത്രമേ ഓവറുകൾ ചുരുക്കൂ. എന്നാൽ 10 ഓവർ മത്സരമെങ്കിലും നടത്താനുള്ള സാഹചര്യമേ കണക്കിലെടുക്കൂ. അതിലും കുറഞ്ഞാൽ മത്സരം ഉപേക്ഷിക്കും.
മത്സരം ഉപേക്ഷിച്ചാൽ
മത്സരത്തിന് റിസർവ് ദിനം നൽകാത്തത് സംബന്ധിച്ച് ഐ.സി.സി ഔദ്യോഗികമായി വിശദീകരണം നൽകിയിട്ടില്ല. മത്സരം മഴമൂലം ഉപേക്ഷിച്ചാൽ ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായെത്തിയ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും. സെമി, ഫൈനൽ മത്സരങ്ങളിൽ ഫലം പ്രഖ്യാപിക്കണമെങ്കിൽ കുറഞ്ഞത് 10-ഓവറെങ്കിലും ഇരു ടീമുകളും ബാറ്റ് ചെയ്യണം. ഗ്രൂപ്പ് മത്സരങ്ങളിൽ ഇത് അഞ്ച് ഓവറായിരുന്നു.
Post a Comment