(www.kl14onlinenews.com)
(27-JUN-2024)
എല്ലാം ഇന്ത്യക്ക് അനുകൂലമായി മാറ്റിമറിച്ചു, അഫ്ഗാന്‍റെ തോൽവിക്ക് കാരണം മത്സരക്രമത്തിലെ പാളിച്ചയെന്ന് വോൺ
ട്രിനിഡാഡ്: ടി20 ലോകകപ്പ് സെമിയിലെത്തി ചരിത്രം കുറിച്ച അഫ്ഗാനിസ്ഥാന് സെമിയില്‍ ദക്ഷിണാഫ്രിക്കയെ നേരിടാനുള്ള തയാറെടുപ്പ് പോലും നടത്താനുള്ള സമയം ലഭിച്ചില്ലെന്ന് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍. ബംഗ്ലാദേശിനെതിരായ മത്സരത്തിനുശേഷം നാലു മണിക്കൂറോളം വിമാനം വൈകി ട്രിനാഡിഡിലെത്തിയ അഫ്ഗാന് പുതിയ ഗ്രൗണ്ടില്‍ ദക്ഷിണാഫ്രിക്കതിരെ ഇറങ്ങും മുമ്പ് പരിശീലനത്തിന് പോലും സമയം ലഭിക്കാതിരുന്നത് കളിക്കാരെ അപമാനിക്കുന്നതിന് തുല്യമാണെന്നും മൈക്കല്‍ വോണ്‍ എക്സ് പോസ്റ്റില്‍ പറഞ്ഞു.
അഫ്ഗാനിസ്ഥാന്‍ ഈ വേദിയില്‍ മുമ്പ് കളിച്ചിട്ടുണ്ടല്ലോ എന്ന് ഒരു ആരാധകന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അത് തനിക്കറിയാമെന്നും പക്ഷെ സെമി ഫൈനല്‍ മത്സരം നടന്ന പിച്ച് വ്യത്യസ്തമായിരുന്നുവെന്നും മറുപടി നല്‍കി. കുറഞ്ഞത് ഒരു ദിവസത്തെ തയാറെടുപ്പിനെങ്കിലും അഫ്ഗാന് അവസരം നല്‍കണമായിരുന്നു. അഫ്ഗാന്‍-ദക്ഷിണാഫ്രിക്ക സെമി ഫൈനല്‍ മത്സരം ഗയാനയിലായിരുന്നു നടത്തേണ്ടിയിരുന്നതെന്നും എന്നാല്‍ കാര്യങ്ങള്‍ ഇന്ത്യക്ക് അനുകൂലമാക്കാനായി അഫ്ഗാന്‍റെ മത്സരം ട്രിനിഡാഡില്‍ നടത്തുകയായിരുന്നുവെന്നും ഇത് മറ്റ് ടീമുകളോട് ചെയ്യുന്ന നീതികേടാണെന്നും വോൺ എക്സ് പോസ്റ്റില്‍ വ്യക്തമാക്കി.
ദക്ഷിണാഫ്രിക്കക്കെതിരായ ലോകകപ്പ് സെമിയില്‍ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 56 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ ഒമ്പത് വിക്കറ്റ് ജയവുമായി ദക്ഷിണാഫ്രിക്ക ആദ്യമായി ടി20 ലോകകപ്പ് ഫൈനലിലെത്തി. ഇന്ത്യൻ സമയം ചൊവ്വാഴ്ച രാവിലെ കിംഗ്സ്‌ടൗണില്‍ നടന്ന വാശിയേറിയ പോരാട്ടത്തില്‍ ബംഗ്ലാദേശിനെ എട്ട് റണ്‍സിന് വീഴ്ത്തിയായിരുന്നു അഫ്ഗാന്‍ സെമിയിലെത്തിയത്. ഒരു ദിവസത്തെ ഇടവേളയില്‍ അഫ്ഗാന് സെമി ഫൈനലിന് ഇറങ്ങേണ്ടിവന്നു. ഇന്ത്യയാകട്ടെ ഇന്ത്യൻ സമയം തിങ്കളാഴ്ച രാത്രിയാണ് ഓസ്ട്രേലിയക്കെതിരെ മത്സരിച്ചത്. ഇംഗ്ലണ്ടിനെതിരായ സെമിക്ക് മുമ്പ് തയാറെടുപ്പിനായി ഇന്ത്യക്ക് രണ്ട് ദിവസം ലഭിക്കുകയും ചെയ്തു.
إرسال تعليق