(www.kl14onlinenews.com)
(28-JUN-2024)
ബാർബഡോസ് :
ടി20 ലോകകപ്പ് 2024 ഫൈനൽ പോരാട്ടത്തിന് ഒരുങ്ങുകയാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും. പ്രഥമ ടി20 ലോകകപ്പ് ജേതാക്കളായ ഇന്ത്യ നിലവിലെ ജേതാക്കളായ ഇംഗ്ലണ്ടിനെ തോൽപ്പിച്ചാണ് ഫൈനലിൽ എത്തിയിരിക്കുന്നത്. ആദ്യമായി ഫൈനലിലെത്തുന്ന ദക്ഷിണാഫ്രിക്ക അഫ്ഗാനിസ്ഥാനെയാണ് സെമിയിൽ തോൽപ്പിച്ചത്.
വെസ്റ്റിൻഡീസിലെ ബ്രിഡ്ജ്ടൗണിലുള്ള കെൻസിങ്ടൺ ഓവലിലെ ബാർബഡോസിൽ ശനിയാഴ്ചയാണ് (ജൂൺ29) ഫൈനൽ മത്സരം. ലോകകപ്പിലെ പല മത്സരങ്ങൾക്കും മഴ രസം കൊല്ലിയായിരുന്നു. ഇന്ത്യ – ഇംഗ്ലണ്ട് സെമി മത്സരത്തിനെയും മഴ കാര്യമായി ബാധിച്ചിരുന്നു. അതിനാൽ തന്നെ ഫൈനലിൽ മഴ കളി മുടക്കാനെത്തിയാൽ എന്ത് സംഭവിക്കുമെന്ന് അറിയാൻ ക്രിക്കറ്റ് പ്രേമികൾക്ക് ആകാംക്ഷയുണ്ട്. ഐസിസി ടി20 ലോകകപ്പിലെ ഇത്തവണത്തെ മഴ നിയമങ്ങൾ എന്തെല്ലാമെന്ന് നോക്കാം…
ഫൈനലിനെ മഴ തടസ്സപ്പെടുത്തിയാൽ എന്ത് ചെയ്യും?
മത്സരം നടക്കുന്ന സമയത്ത് മഴ പെയ്ത് കളിക്കാൻ സാധിക്കാതെ പോയാൽ 190 മിനിറ്റ് വരെ അധികസമയം അനുവദിക്കും. നോക്ക് ഔട്ട് ഘട്ടത്തിൽ ഒരു മത്സരം ഔദ്യോഗികമായി നടക്കണമെങ്കിൽ രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീം കുറഞ്ഞത് 10 ഓവറെങ്കിലും കളിക്കണം. ഇരുടീമുകൾക്കും കുറഞ്ഞത് 10 ഓവറെങ്കിലും കളിക്കാൻ സാധിച്ചില്ലെങ്കിൽ മത്സരം റിസർവ് ദിനത്തിലേക്ക് മാറ്റിവെക്കും.
എന്നാണ് റിസർവ് ദിനം?
ട്രിനിഡാഡിൽ നടന്ന ആദ്യ സെമിഫൈനലിനെ പോലെത്തന്നെ ഫൈനലിനും റിസർവ് ദിനം അനുവദിച്ചിട്ടുണ്ട്. ജൂൺ 30 ഞായറാഴ്ചയാണ് റിസർവ് ദിനം. റിസർവ് ദിനത്തിലേക്ക് മത്സരം മാറ്റുമ്പോഴും ചില നിയമങ്ങളുണ്ട്. 29ാം തീയതി നിശ്ചയിച്ച സമയത്ത് മത്സരം നടക്കാതിരുന്നാൽ വീണ്ടും 190 മിനിറ്റ് വരെ കാത്തിരിക്കും. എന്നിട്ടും നടക്കുന്നില്ലെങ്കിൽ മാത്രമേ റിസർവ് ദിനത്തിലേക്ക് മാറ്റി വെക്കുകയുള്ളൂ.
അഥവാ നേരത്തെ നിശ്ചയിച്ച ദിവസം കുറച്ച് ഓവറുകൾ എറിഞ്ഞ് മത്സരം നടന്നുവെങ്കിൽ അതിൻെറ ബാക്കിയാണ് റിസർവ് ദിനത്തിൽ നടക്കുക. അതായത് എവിടെ വെച്ചാണോ യഥാർഥ ഫൈനൽ ദിവസം മത്സരം അവസാനിപ്പിച്ചത് അവിടെ മുതൽ റിസർവ് ദിനം മത്സരം തുടങ്ങും. ശനിയാഴ്ച മഴ കാരണം ഓവർ കുറയ്ക്കുകയോ മറ്റോ ചെയ്തെങ്കിൽ അങ്ങനെ തന്നെയായിരിക്കും മത്സരം നടക്കുക.
റിസർവ് ദിനവും മഴ കളി മുടക്കിയാൽ എന്ത് ചെയ്യും?
മത്സരം റിസർവ് ദിവസവും നടക്കുന്നില്ലെങ്കിൽ സൂപ്പർ ഓവറിലൂടെ വിജയികളെ തീരുമാനിക്കാനാണ് ആദ്യം ശ്രമിക്കുക. മത്സരം ടൈ ആയാലും സൂപ്പർ ഓവറിലൂടെയാണ് വിജയികളെ തീരുമാനിക്കുക. റിസർവ് ദിനത്തിലും മത്സരം ഒട്ടും തന്നെ നടക്കുന്നില്ലെങ്കിൽ ഫൈനലിലെത്തിയ ഇന്ത്യയെയും ദക്ഷിണാഫ്രിക്കയെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കും.
ജൂൺ 29, 30 ദിവസങ്ങളിൽ ബാർബഡോസിലെ കാലാവസ്ഥ പ്രവചനം എങ്ങനെ?
ജൂൺ 29 ഫൈനൽ ദിവസം ബാർബഡോസിൽ പൊതുവെ കാർമേഘം മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കുമെന്നാണ് അക്യൂവെതർ കാലാവസ്ഥാ റിപ്പോർട്ട് പറയുന്നത്. പുലർച്ചെ 3 മുതൽ 5 വരെയും വൈകീട്ട് 3 മുതൽ 5 വരെയും ഇടിമിന്നൽ സാധ്യതയുണ്ട്. ഈ സമയങ്ങളിൽ ചെറിയ ചാറ്റൽ മഴയ്ക്കും സാധ്യതയുണ്ട്.
പ്രാദേശിക സമയം രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് ഏകദേശം 2.30 വരെയാണ് മത്സരം നടക്കേണ്ടത്. ഈ സമയത്ത് നിലവിൽ മഴ ഭീഷണിയില്ലെന്നാണ് റിപ്പോർട്ട്. ജൂൺ 30ന് ഞായറാഴ്ചയും കാലാവസ്ഥാ പ്രവചനം പ്രകാരം കനത്ത മഴയ്ക്ക് സാധ്യതയില്ല. വൈകീട്ട് ചെറിയ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
ശനിയാഴ്ച ബാർബഡോസിൽ നടക്കുന്ന ഫൈനലിൽ 2007ലെ ചാമ്പ്യന്മാരായ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും. 2022-ൽ അഡ്‌ലെയ്ഡിൽ നടന്ന സെമിയിൽ ഇംഗ്ലണ്ട് ഇന്ത്യയെ 10 വിക്കറ്റിന് തകർത്ത ചരിത്രത്തിനുള്ള മറുപടിയാണ് ഇത്. അന്ന് പ്രൊവിഡൻസ് സ്റ്റേഡിയത്തിലെ സാഹചര്യങ്ങൾ ബാറ്റിംഗിന് തടസം സൃഷ്‌ടിച്ചിരുന്നു.
10 വർഷങ്ങൾ ശേഷമാണ് ഇന്ത്യ ട്വന്റി ട്വന്റി ലോകകപ്പ് ഫൈനൽ കാണുന്നത്
Post a Comment