ടി20 ലോകകപ്പ്: ഉദ്ഘാടന മത്സരത്തിൽ കാന‌ഡയ്ക്കെതിരെ തകർപ്പൻ ജയവുമായി യുഎസ്എ

(www.kl14onlinenews.com)
(02-JUN-2024)

ടി20 ലോകകപ്പ്: ഉദ്ഘാടന മത്സരത്തിൽ കാന‌ഡയ്ക്കെതിരെ തകർപ്പൻ ജയവുമായി യുഎസ്എ

ഡാലസ്: ടി20 ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ കാനഡയ്ക്കെതിരേ തകർപ്പൻ ജയവുമായി ആതിഥേയരായ യുഎസ്എ. ഏഴു വിക്കറ്റിനായിരുന്നു യുഎസ്എയുടെ ജയം. കാനഡ ഉയർത്തിയ 195 റൺസ് വിജയലക്ഷ്യം 17.4 ഓവറിൽ മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി യുഎസ് മറികടന്നു. ആരോൺ ജോൺസിന്റെ കടന്നാക്രമണമാണ് ആതിഥേയരുടെ ജയം എളുപ്പമാക്കിയത്. ആൻഡ്രിസ് ഗോസ് അർധ സെഞ്ചുറിയുമായി ജോൺസിന് ഉറച്ച പിന്തുണ നൽകി.

അക്കൗണ്ട് തുറക്കും മുമ്പ് ഓപ്പണർ സ്റ്റീവൻ ടെയ്ലറെയും പിന്നാലെ ക്യാപ്റ്റൻ മൊണാക് പട്ടേലിനെയും (16) നഷ്ടമായ ശേഷമായിരുന്നു യുഎസിന്റെ തകർപ്പൻ തിരിച്ചുവരവ്. മൂന്നാം വിക്കറ്റിൽ ജോൺസ് - ഗോസ് സഖ്യം കൂട്ടിച്ചേർത്ത 131 റൺസാണ് യുഎസിന്റെ ജയം എളുപ്പമാക്കിയത്.

വെറും 40 പന്തുകൾ നേരിട്ട ജോൺസ് 10 സിക്സും നാല് ഫോറുമടക്കം 94 റൺസോടെ പുറത്താകാതെ നിന്നു. ആൻഡ്രിസ് ഗോസ് 46 പന്തിൽ നിന്ന് മൂന്ന് സിക്സും ഏഴ് ഫോറുമടക്കം 65 റൺസെടുത്തു.

നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങേണ്ടി വന്ന കാനഡ ഇന്ത്യൻ വംശജനായ നവ്നീത് ധാലിവാളിന്റെയും നിക്കോളാസ് കിർട്ടന്റെയും അർധ സെഞ്ചുറിക്കരുത്തിൽ നിശ്ചിത 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 194 റൺസെടുത്തിരുന്നു.

44 പന്തിൽ നിന്ന് മൂന്ന് സിക്സും ആറ് ഫോറുമടക്കം 61 റൺസെടുത്ത ധാലിവാളാണ് കാനഡയുടെ ടോപ് സ്കോറർ. ഓപ്പണിങ് വിക്കറ്റിൽ ആരോൺ ജോൺസനൊപ്പം 43 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ധാലിവാൾ കാനഡയ്ക്ക് മികച്ച തുടക്കം തന്നെ സമ്മാനിച്ചു. 16 പന്തിൽ നിന്ന് 23 റൺസെടുത്ത ജോൺസണെ യുഎസ് ടീമിലെ മറ്റൊരു ഇന്ത്യക്കാരനായ ഹർമീത് സിങ്ങാണ് പുറത്താക്കിയത്. തുടർന്നെത്തിയ പർഗാത് സിങ്ങിന് (5) കാര്യമായ സംഭാവന നൽകാനായില്ല

എന്നാൽ മൂന്നാം വിക്കറ്റിൽ കിർട്ടനെ കൂട്ടുപിടിച്ച് 62 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ധാലിവാൾ സ്കോർ 100 കടത്തി. 15-ാം ഓവറിൽ ധാലിവാളിനെ പുറത്താക്കി മുൻ ന്യൂസീലൻഡ് താരം കോറി ആൻഡേഴ്സനാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. കിർട്ടൺ 31 പന്തിൽ നിന്ന് രണ്ട് സിക്സും മൂന്ന് ഫോറുമടക്കം 51 റൺസെടുത്തു.

അവസാന ഓവറുകളിൽ ശ്രേയസ് മൊവ്വ നടത്തിയ കടന്നാക്രമണമാണ് കാനഡ സ്കോർ 194-ൽ എത്തിച്ചത്. വെറും 16 പന്തിൽ നിന്ന് രണ്ട് വീതം സിക്സും ഫോറുമടക്കം മൊവ്വ 32 റൺസോടെ പുറത്താകാതെ നിന്നു. ദിൽപ്രീത് സിങ്ങാണ് (11) പുറത്തായ മറ്റൊരു താരം

Post a Comment

Previous Post Next Post