(www.kl14onlinenews.com)
(01-May-2024)
ചെന്നൈക്ക് പഞ്ചാബിന്‍റെ പഞ്ച്;
ചെന്നൈ: ഐപിഎല്‍ 2024 സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ ഏഴ് വിക്കറ്റിന് തോല്‍പിച്ച് പ്ലേഓഫ് സാധ്യത നിലനിര്‍ത്തി പഞ്ചാബ് കിംഗ്‌സ്. 163 റണ്‍സ് വിജയലക്ഷ്യം 17.5 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി പഞ്ചാബ് നേടുകയായിരുന്നു. പുറത്താവാതെ ശശാങ്ക് സിംഗും ക്യാപ്റ്റന്‍ സാം കറനുമാണ് പഞ്ചാബിന് ജയമുറപ്പിച്ചത്. ജോണി ബെയ്ർസ്റ്റോ, റൈലി റൂസ്സോ എന്നിവരുടെ ഇന്നിംഗ്സുകളും നിർണായകമായി.
നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ചെപ്പോക്കില്‍ ആദ്യം ബാറ്റ് ചെയ്യേണ്ടിവന്ന സിഎസ്‌കെ സ്കോര്‍ബോര്‍ഡില്‍ നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റിന് 162 റണ്‍സില്‍ ഒതുങ്ങി. അര്‍ധസെഞ്ചുറി നേടിയ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്‌ക്‌വാദാണ് (48 പന്തില്‍ 62) ടോപ് സ്കോറര്‍. ശിവം ദുബെയും രവീന്ദ്ര ജഡേജയും ബാറ്റിംഗില്‍ ദയനീയ പരാജയമായി. പഞ്ചാബിനായി സ്‌പിന്നര്‍മാരായ ഹര്‍പ്രീത് ബ്രാറും രാഹുല്‍ ചഹാറും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. കാഗിസോ റബാഡയും അര്‍ഷ്‌ദീപ് സിംഗും ഓരോരുത്തരെ പുറത്താക്കി.
അജിങ്ക്യ രഹാനെ (24 പന്തില്‍ 29), ശിവം ദുബെ (1 പന്തില്‍ 0), രവീന്ദ്ര ജഡേജ (4 പന്തില്‍ 2), സമീര്‍ റിസ്‌വി (23 പന്തില്‍ 21), മൊയീന്‍ അലി (9 പന്തില്‍ 15), എം എസ് ധോണി (11 പന്തില്‍ 14), ഡാരില്‍ മിച്ചല്‍ (11 പന്തില്‍ 14*) എന്നിങ്ങനെയായിരുന്നു മറ്റ് സിഎസ്‌കെ താരങ്ങളുടെ സ്കോറുകള്‍. പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്‌ടമാകാതെ സുരക്ഷിതമായിരുന്ന സിഎസ്‌കെയ്ക്ക് അവസാന ഓവറുകളില്‍ എം എസ് ധോണി ക്രീസിലുണ്ടായിട്ടും വെടിക്കെട്ട് ഫിനിഷിംഗിലേക്ക് ഉയരാനാകെ വന്നപ്പോള്‍ ഇന്നിംഗ്‌സിലാകെ നാല് സിക്‌സറുകളെ പിറന്നുള്ളൂ. ബൗണ്ടറികള്‍ വിട്ടുനല്‍കാതെ ഹര്‍പ്രീതും ചാഹറും വട്ടംകറക്കിയ മധ്യ ഓവറുകളില്‍ (7-15) വെറും 5.22 മാത്രമായിരുന്നു ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് കണ്ടെത്താനായ റണ്‍ ശരാശരി. ഒരേ ഓവറില്‍ രഹാനെയെയും ദുബെയെയും മടക്കി ബ്രാര്‍ ഞെട്ടിച്ചപ്പോള്‍ 19-ാം ഓവറില്‍ ധോണി, അലി, മിച്ചല്‍ എന്നിവര്‍ക്കെതിരെ മൂന്ന് റണ്‍സ് മാത്രം വിട്ടുകൊടുത്ത് ചാഹറും സിഎസ്‌കെയെ പിടിച്ചുകെട്ടി.
മറുപടി ബാറ്റിംഗില്‍ പഞ്ചാബ് ഓപ്പണര്‍ പ്രഭ്‌സിമ്രാന്‍ സിംഗിനെ (10 പന്തില്‍ 13) നാലാം ഓവറില്‍ അരങ്ങേറ്റക്കാരന്‍ പേസര്‍ റിച്ചാര്‍ഡ് ഗ്ലീസന്‍ മടക്കിയത് മാത്രമേ പവര്‍പ്ലേയില്‍ സിഎസ്‌കെ ബൗളര്‍മാര്‍ക്ക് ആശ്വസിക്കാനുണ്ടായിരുന്നുള്ളൂ. രണ്ടാം വിക്കറ്റില്‍ 64 റണ്‍സ് ചേര്‍ത്ത് ജോണി ബെയ്‌ര്‍സ്റ്റോയും റൈലി റൂസ്സോയും രക്ഷാപ്രവര്‍ത്തനം നടത്തി. 10-ാം ഓവറില്‍ പഞ്ചാബിന് രണ്ടാം വിക്കറ്റ് നഷ്‌ടമായി. 30 പന്തില്‍ 46 റണ്‍സ് എടുത്ത ജോണി ബെയ്‌ര്‍സ്റ്റോയെ ശിവം ദുബെ മടക്കുകയായിരുന്നു. ഇതിന് ശേഷം തകര്‍ത്തടിച്ച റുസ്സോയെ 23 പന്തില്‍ 43 എടുത്ത് നില്‍ക്കേ ഷർദ്ദുല്‍ താക്കൂർ പുറത്താക്കി. എന്നാല്‍ ക്യാപ്റ്റന്‍ സാം കറനും (20 പന്തില്‍ 26*), ശശാങ്ക് സിംഗും (26 ബോളില്‍ 25*) പതിമൂന്ന് പന്തുകള്‍ ബാക്കിനില്‍ക്കേ പഞ്ചാബിനെ ജയിപ്പിച്ചു
إرسال تعليق