ലോക്‌സഭ തിരഞ്ഞെടുപ്പ് നാലാം ഘട്ട വോട്ടെടുപ്പ്; 96 മണ്ഡലങ്ങൾ വിധിയെഴുതുന്നു; പകുതി സമയം പിന്നിടുമ്പോൾ 40.32 ശതമാനം പോളിംഗ്

(www.kl14onlinenews.com)
(13-May-2024)

ലോക്‌സഭ തിരഞ്ഞെടുപ്പ് നാലാം ഘട്ട വോട്ടെടുപ്പ്;
96 മണ്ഡലങ്ങൾ വിധിയെഴുതുന്നു; പകുതി സമയം പിന്നിടുമ്പോൾ 40.32 ശതമാനം പോളിംഗ്
ഡൽഹി :ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്‍റെ നാലാംഘട്ടത്തില്‍ ഉച്ചയ്ക്ക് ഒരു മണിവരെ 40.32 ശതമാനം പോളിങ് രേഖപ്പെടുത്തി. ഉച്ചയായിട്ടും പോളിങ് 50 ശതമാനം കടന്നില്ല. പശ്ചിമ ബംഗാളില്‍ മാത്രമാണ് ഉച്ചയോടെ പോളിങ് 50ശതമാനം പിന്നിട്ടത്. ആദ്യത്തെ മൂന്ന് ഘട്ടങ്ങളേക്കാള്‍ തണുത്ത പ്രതികരണമാണ് നാലാംഘട്ടത്തിലെ വോട്ടെടുപ്പിനെന്നാണ് ഇതുവരെയുള്ള കണക്കുകള്‍ വ്യക്തമാക്കുന്നത്. 11 മണിവരെ 24.87 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്. ഉച്ചയ്ക്ക് ഒരു മണിവരെ പശ്ചിമ ബംഗാളില്‍ 51.87, ഉത്തര്‍പ്രദേശ് 39.68, മധ്യപ്രദേശ് 48.52, ബിഹാര്‍ 34.44, ജമ്മു കശ്മീര്‍ 23.57 ശതമാനം എന്നിങ്ങനെയാണ് ഉച്ചവരെ വിവിധ സംസ്ഥാനങ്ങളിലെ പോളിങ് ശതമാനം.

ബംഗാളില്‍ വോട്ടെടുപ്പിനിടെ വ്യാപക സംഘർഷം നടന്നു. കേതുഗ്രാമില്‍ പ്രവർത്തകൻ കൊല്ലപ്പെട്ടതിന് പിന്നില്‍ സിപിഎം ആണെന്ന് ത‍ൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. 9 സംസ്ഥാനങ്ങളിലും ജമ്മുകശ്മീരിലുമായി 96 മണ്ഡലങ്ങളിലാണ് ഈ ഘട്ടത്തില്‍ തെര‍ഞ്ഞെടുപ്പ് നടക്കുന്നത്. പശ്ചിമബംഗാളില്‍ വോട്ടെടുപ്പിനിടെ 11 മണിവരെ 1088 പരാതികളാണ് തെരഞ്ഞെടുപ്പ് കമ്മീഷന് കിട്ടിയത്. ഛപ്രയില്‍ തൃണമൂല്‍ കോണ്‍ഗ്രസും സിപിഎം പ്രവർത്തകരും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായി. കേതുഗ്രാമില്‍ പ്രവർത്തകനെ ഇന്നലെ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയത് സിപിഎം ആണെന്ന് തൃണമൂല്‍ ആരോപിച്ചു. ബെഹ്റാംപൂരില്‍ കോണ്‍ഗ്രസ് പ്രവർത്തകരും ടിഎംസി പ്രവർത്തകരും തമ്മിലും സംഘർഷം ഉണ്ടായി

ബിർഭുമില്‍ ബൂത്തിന് മുൻപില്‍ ഉണ്ടായിരുന്ന താല്‍ക്കാലിക ഓഫീസ് തൃണമൂല്‍ അടിച്ചുതകർത്തുവെന്ന് ബിജെപി ആരോപിച്ചു. മഹുവ മൊയ്ത്ര മത്സരിക്കുന്ന കൃഷ്ണനഗറില്‍ ടിഎംസി പ്രവർത്തകർ സംഘർഷം ഉണ്ടാക്കിയതായും ബിജെപി പറഞ്ഞു. ഉത്തർപ്രദേശില്‍ സമാജ്‍വാദി പാർട്ടി പ്രവർത്തകരെ ബിജെപി തടഞ്ഞുവെന്ന് പരാതി ഉണ്ട്. കനൗജിലെ ഒരു ബൂത്തില്‍ വിവിപാറ്റും ഇവിഎം മെഷീനുമായി പൊരുത്തക്കേട് ഉണ്ടായെന്ന ആരോപണവും ഉയർന്നു. പലബൂത്തിലും വോട്ടിങ് യന്ത്രങ്ങള്‍ കേടായതായും എസ്പി പറഞ്ഞു. ജമ്മുകശ്മീരില്‍ പരാജയഭീതിയിലായ ബിജെപി നാഷണൽ കോണ്‍ഫറൻസ് പ്രവർത്തകരെ കഴിഞ്ഞ 2 ദിവസമായി തടവില്‍ വച്ചുവെന്ന് ഫറൂഖ് അബ്ദുള്ള ആരോപിച്ചു.

തെലങ്കാനയില്‍ ഒരു മണിവരെ 40.38ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്. ഹൈദരാബാദില്‍ 20ശതമാനമാണ് ഇതുവരെയുള്ള പോളിങ്.മഹാരാഷ്ട്രയിലെ നാലാം ഘട്ട വോട്ടെടുപ്പിലും വോട്ടർമാരുടെത് തണുത്ത പ്രതികരണമാണ് നന്ദുർബറും ജലനയുമടക്കുമുള്ള മണ്ഡലങ്ങളിൽ ഭേദപ്പെട്ട പോളിങ് രേഖപ്പെടുത്തിയപ്പോൾ നഗര മണ്ഡലങ്ങളിൽ പോളിങ് മന്ദഗതിയിലാണ്. ബിജെപി നേതാക്കളായ പങ്കജ മുണ്ടെ, പ്രകാശ് ജാവദേക്കർ തുടങ്ങിയവർ രാവിലെ വോട്ട് രേഖപ്പെടുത്തി. ഉത്തര മഹാരാഷ്ട്രയിലെയും പൂനെയിലെയും 11 മണ്ഡലങ്ങളാണ് നാലാം ഘട്ടത്തിൽ വിധിയെഴുതുന്നത്. അഖിലേഷ് യാദവ്. അധിർരഞ്ജൻ ചൗധരി, യൂസഫ് പഠാൻ, മഹുവ മൊയ്ത്ര, ഗിരിരാജ് സിങ് എന്നീ പ്രമുഖരല്ലാം ഈ ഘട്ടത്തിലാണ് ജനവിധി തേടുന്നത്.

10 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന 96 പാർലമെന്റ് മണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതുന്നത്. ഇതോടൊപ്പം തന്നെ ആന്ധ്രാപ്രദേശ്, തെലങ്കാന നിയമസഭാ സീറ്റുകളിലേക്കും, ഒഡീഷ നിയമസഭയിലെ 28 സീറ്റുകളിലേക്കുമുള്ള വോട്ടെടുപ്പും ഇന്ന് നടക്കുന്നുണ്ട്.

ഉത്തര്‍പ്രദേശില്‍ 13 മണ്ഡലങ്ങളാണ് ഇന്ന് പോളിങ് ബൂത്തിലെത്തുക. സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് മത്സരിക്കുന്ന കനൗജിലും ഇന്നാണ് വോട്ടെടുപ്പ്. മഹാരാഷ്ട്ര (11 സീറ്റ്), പശ്ചിമ ബംഗാള്‍ (8 സീറ്റ്), മധ്യപ്രദേശ് (8), ഒഡീഷ (4), ഝാര്‍ഖണ്ഡ് (4), ബിഹാര്‍ (5), ജമ്മു കശ്മീരിലെ ശ്രീനഗര്‍ എന്നിവിടങ്ങളിലും ഈ ഘട്ടത്തില്‍ വോട്ടെടുപ്പുണ്ട്.

ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി, യൂസഫ് പഠാന്‍, മഹുവ മൊയ്ത്ര, ദിലീപ് ഘോഷ്, കേന്ദ്രമന്ത്രി ഗിരിരാജ് സിങ് എന്നിവരാണ് ഈ ഘട്ടത്തില്‍ ജനവിധി തേടുന്ന പ്രമുഖര്‍. ശനിയാഴ്ച പരസ്യപ്രചരണം പൂര്‍ത്തിയായ സാഹചര്യത്തില്‍ ഇവിടങ്ങളില്‍ ഇന്നലെ നിശബ്ദ പ്രചരണമായിരുന്നു.

ഇന്ന് നാലാം ഘട്ടത്തിന് രാജ്യം ഒരുങ്ങുമ്പോൾ വിവിധ മണ്ഡലങ്ങളിലുടനീളം സുഗമവും സമാധാനപരവുമായ പോളിങ് ഉറപ്പാക്കാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ വേണ്ട സജ്ജീകരണങ്ങളെല്ലാം ഒരുക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രക്രിയ സുഗമമാക്കുന്നതിനും വോട്ടർമാരുടെ പങ്കാളിത്തം വർധിപ്പിക്കാനും ലക്ഷ്യമിട്ട് തെലങ്കാനയിലെ 17 പാർലമെന്റ് മണ്ഡലങ്ങളിൽ കമ്മീഷൻ പോളിങ് സമയം നീട്ടിയിട്ടുണ്ട്. എല്ലാ പോളിങ് സ്റ്റേഷനുകളിലും വെള്ളം, പാർപ്പിടം, ഫാനുകൾ എന്നിവ ഉൾപ്പെടെ സൂക്ഷ്മമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

ചൂടുള്ള കാലാവസ്ഥയെക്കുറിച്ചുള്ള ആശങ്കകൾക്കിടയിലും, ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പോളിങ് നടക്കുന്ന പ്രദേശങ്ങളിൽ താപനില സാധാരണ മുതൽ സാധാരണയിലും താഴെയായിരിക്കുമെന്ന് പ്രവചിക്കുന്നു. ഇത് ഉഷ്ണതരംഗത്തെക്കുറിച്ചുള്ള ആശങ്കകളെ ലഘൂകരിക്കുന്നു.

1.92 ലക്ഷം പോളിങ് സ്റ്റേഷനുകളിലായി 19 ലക്ഷത്തിലധികം പോളിങ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. 17.7 കോടിയിലധികം വോട്ടർമാരെ സ്വാഗതം ചെയ്യാനാണ് കമ്മീഷൻ ലക്ഷ്യമിടുന്നത്. ക്രമസമാധാനം നിലനിർത്തുന്നതിനും വോട്ടർമാരെ ഏതെങ്കിലും തരത്തിൽ പ്രേരിപ്പിക്കുന്നത് തടയുന്നതിനുമായി ഫ്‌ളയിംഗ് സ്ക്വാഡുകൾ, നിരീക്ഷണ സംഘങ്ങൾ, അതിർത്തി ചെക്ക് പോസ്റ്റുകൾ എന്നിവ ഉൾപ്പെടുന്ന ശക്തമായ സുരക്ഷാ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്

Post a Comment

أحدث أقدم