(www.kl14onlinenews.com)
(07-May-2024)
ഡൽഹി : ലോക്സഭാ തെരഞ്ഞെടുപ്പിലെ മൂന്നാം ഘട്ട പോളിംഗ് ഇന്ന് നടക്കും. 10 സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 93 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. ഗുജറാത്തിലെ 25 മണ്ഡലങ്ങൾ, കർണാടകത്തിലെ 14 മണ്ഡലങ്ങൾ, മധ്യപ്രദേശിലെ 8 മണ്ഡലങ്ങൾ, യു പിയിലെ 10 മണ്ഡലങ്ങൾ, മഹാരാഷ്ട്രയിലെ 11 മണ്ഡലങ്ങൾ എന്നിവിടങ്ങളിലാണ് ഇന്ന് ജനവിധി കുറിക്കുക. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, ജ്യോതിരാദിത്യ സിന്ധ്യ, നാരായൺ റാണെ, മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിമാരായ ശിവരാജ് സിംഗ് ചൗഹാൻ, ദിഗ്വിജയ് സിംഗ് എന്നിവരാണ് മൂന്നാം ഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖര്‍.
അതിനിടെ കർണാടക ബി ജെ പിയുടെ എക്സ് ഹാൻഡിലിൽ മുസ്ലിങ്ങള്‍ക്കെതിരായ വിദ്വേഷ വീഡിയോ പങ്കുവച്ചതിൽ ബി ജെ പി ദേശീയാധ്യക്ഷൻ ജെ പി നദ്ദയടക്കമുള്ളവർക്കെതിരെ കേസെടുത്തതും പ്രചരണ വിഷയമായിട്ടുണ്ട്. കർണാടക പൊലീസാണ് ജെ പി നദ്ദക്കും സംസ്ഥാനാധ്യക്ഷൻ വിജയേന്ദ്രയ്ക്കും ഐടി സെൽ മേധാവി അമിത് മാളവ്യയ്ക്കും എതിരെ കേസ് രജിസ്റ്റർ ചെയ്തത്. മതവികാരം വ്രണപ്പെടുത്തി, മതസ്പർദ്ധ വളർത്താൻ ശ്രമിച്ചു എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.
പിന്നാക്ക വിഭാഗങ്ങൾക്കുള്ള ആനുകൂല്യങ്ങൾ മുസ്ലിം വിഭാഗത്തിന് മാത്രമായി അനധികൃതമായി നൽകുന്നുവെന്ന് സൂചിപ്പിക്കുന്ന കാർട്ടൂൺ വീഡിയോയാണ് മെയ് 4 ന് പങ്ക് വച്ചത്. ഇതിനെതിരെ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. ഈ പരാതിയിലാണ് കർണാടക പൊലീസ് കേസെടുത്തത്.
ചൊവ്വാഴ്ച 93 മണ്ഡലങ്ങൾ കൂടി പോളിംഗ് പൂർത്തീകരിക്കുന്നതോടെ 280-ലധികം മണ്ഡലങ്ങളിൽ വോട്ടെടുപ്പ് പൂർത്തിയാകും. ലോക്‌സഭയിലെ മൊത്തം സീറ്റുകളുടെ പകുതിയിലേറെയും നാളത്തോടെ പോളിംഗ് പൂർത്തിയാക്കും. ഗുജറാത്തിലെ ശേഷിക്കുന്ന 25 സീറ്റുകളിലും (സൂറത്ത് ഒഴികെ) ഛത്തീസ്ഗഡിലെ ഏഴ് സീറ്റുകളിലും കർണാടകയിലെ 14 സീറ്റുകളിലും ചൊവ്വാഴ്ച വോട്ടെടുപ്പ് നടക്കും. ഇതോടെ ഈ സംസ്ഥാനങ്ങളിലെ പോളിങും അവസാനിക്കും. രാജസ്ഥാൻ, കേരളം, തമിഴ്നാട് എന്നിവിടങ്ങളിലും പോളിംഗ് കഴിഞ്ഞ ഘട്ടങ്ങലിൽ അവസാനിച്ചിരുന്നു. അസമിലെ നാല്, ബിഹാറിലെ അഞ്ച്, ഛത്തീസ്ഗഡിലെ ഏഴ്, മധ്യപ്രദേശിലെ എട്ട്, മഹാരാഷ്ട്രയിലെ 11, ഉത്തർപ്രദേശിലെ 10, പശ്ചിമ ബംഗാളിൽ നാല് എന്നിങ്ങനെയാണ് മൂന്നാം ഘട്ടത്തിൽ ഉൾപ്പെടുന്ന മറ്റ് മണ്ഡലങ്ങൾ.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മത്സരിക്കുന്ന ഗാന്ധിനഗർ, ശരദ് പവാറിന്റെ മകൾ സുപ്രിയ സുലെ അദ്ദേഹത്തിന്റെ അനന്തരവൻ അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാറിനെ നേരിടുന്ന ബാരാമതി, മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ വിദിഷ, ജ്യോതിരാദിത്യ സിന്ധ്യ മത്സരിക്കുന്ന ഗുണ തുടങ്ങിയവയാണ് മൂന്നാം ഘട്ടത്തിലെ ചില പ്രധാന മണ്ഡലങൾ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രജ്വല് രേവണ്ണ ലൈംഗികാതിക്രമക്കേസ് കേന്ദ്രീകരിച്ച കർണാടകയിൽ ചൊവ്വാഴ്ച വോട്ടെടുപ്പ് നടക്കുന്ന 14 സീറ്റുകളിലും 2019 ൽ ബിജെപി വിജയിച്ചിരുന്നു. ആദ്യ രണ്ട് ഘട്ടങ്ങളിലെ വോട്ടിംഗ് ശതമാനത്തിലെ ഇടിവ് എന്താണ് സൂചിപ്പിക്കുന്നതെന്ന ഊഹാപോഹങ്ങൾക്കിടയിലാണ് മൂന്നാം ഘട്ടം നടക്കുന്നത്.
Post a Comment