ആകാശ യാത്രികർ വലയുന്നു; 74 വിമാനങ്ങള്‍ റദ്ദാക്കിയതായിഎയർ ഇന്ത്യ എക്സ്പ്രസ്

(www.kl14onlinenews.com)
(09-May-2024)

ആകാശ യാത്രികർ വലയുന്നു; 74 വിമാനങ്ങള്‍ റദ്ദാക്കിയതായി എയർ ഇന്ത്യ എക്സ്പ്രസ് 
ഡൽഹി :
ഇന്നലെ മുതലാരംഭിച്ച ജീവനക്കാരുടെ സമരം മൂലം പ്രതിസന്ധി ഒഴിയാതെ എയർ ഇന്ത്യയുടെ വിമാന സർവ്വീസുകൾ. ക്യാബിൻ ക്രൂ ജീവനക്കാരുടെ പണിമുടക്കിനെ തുടർന്ന് ഇന്ന് 74 വിമാനങ്ങള്‍ റദ്ദാക്കിയതായി എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. അതേ സമയം പ്രതിസന്ധികൾക്കിടയിലും 292 വിമാന സർവീസുകള്‍ തുടരുന്നുണ്ടെന്നും കമ്പനി അറിയിച്ചു. മൂന്ന് മണിക്കൂറില്‍ കൂടുതല്‍ വിമാനം വൈകിയാല്‍ വിമാനക്കൂലി മുഴുവനായി തിരികെ നല്‍കുകയോ മറ്റൊരു സമയത്ത് യാത്ര ഉറപ്പാക്കുകയോ ചെയ്യുമെന്നും എയർ ഇന്ത്യ യാത്രക്കാർക്ക് അറിയിപ്പ് നൽകിയിട്ടുണ്ട്.

ജീവനക്കാരുടെ സമരത്തിനെതിരെ കർശന നടപടിയുമായി എയർ ഇന്ത്യ എക്സ്പ്രസ് രംഗത്തെത്തിയിട്ടുമുണ്ട്. സമരം ചെയ്ത മുപ്പതോളം ക്യാബിൻ ക്രൂ അംഗങ്ങളെ പിരിച്ചു വിട്ടു.

സംസ്ഥാനത്തെ പല എയർപോർട്ടുകളിലും യാത്രക്കാരും ബന്ധുക്കളും പ്രതിഷേധിച്ചു. ആഭ്യന്തര - അന്താരാഷ്ട്ര സർവീസുകൾ ഉൾപ്പെടെ നിരവധി സർവീസുകളാണ് ഇന്നും റദ്ദാക്കിയത്. കണ്ണൂരിൽ നാലും കരിപ്പൂരിൽ അഞ്ചും സർവീസുകൾ റദ്ദാക്കി. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ടതും ഇവിടേക്ക് വരേണ്ടതുമായ ഏഴ് വിമാനങ്ങളാണ് റദ്ദാക്കിയത്. പലർക്കും എയർ ഇന്ത്യ എക്സ്പ്രസ് മറ്റു ദിവസങ്ങളിലേക്ക് യാത്ര ക്രമീകരിച്ചു നൽകിയെങ്കിലും, അന്നും സർവീസുകൾ പുനരാരംഭിക്കുമോ എന്നതിൽ അധികൃതർക്ക് തന്നെ നിശ്ചയമില്ല.

അതിനിടയിൽ ജീവനക്കാരുടെ സമരത്തിനെതിരെ കർശന നടപടിയുമായി എയർ ഇന്ത്യ എക്സ്പ്രസ് രംഗത്തെത്തിയിട്ടുണ്ട്. സമരം ചെയ്ത മുപ്പതോളം ക്യാബിൻ ക്രൂ അംഗങ്ങളെ പിരിച്ചു വിട്ടു. സമരം തുടരുന്ന ജീവനക്കാർ വൈകിട്ട് നാലിനകം ജോലിയിൽ പ്രവേശിക്കാനും അന്ത്യശാസനം നൽകി. ഉച്ചയ്ക്ക് ശേഷം എയർ ഇന്ത്യ എക്സ്പ്രസ് സിഇഒ ജീവനക്കാരുമായി ചർച്ച നടത്തും

220ലേറെ ക്യാബിൻ ക്രൂ അംഗങ്ങളാണ് സമരം നടത്തുന്നത്. ഇതിൽ 30 ഓളം പേർക്ക് ഇതിനോടകം പിരിച്ചുവിടൽ നോട്ടീസ് നൽകി. സർവീസ് തടസപ്പെടുത്തണമെന്ന പൊതു ഉദ്ദേശത്തോടെയാണ് ജീവനക്കാര്‍ അവധി എടുത്തതെന്നും ഇത് പൊതുജനങ്ങളെയും കമ്പനിയുടെ സത്പേരിനെയും ബാധിച്ചതിനാലാണ് പിരിച്ചുവിടുന്നതെന്ന് എയർ ഇന്ത്യ എക്സ്പ്രസ് വ്യക്തമാക്കി. ജോലിയിൽ തിരികെ പ്രവേശിക്കണമെന്ന അന്ത്യശാസനം പാലിക്കാത്ത കൂടുതൽ പേരെ വൈകീട്ടോടെ പിരിച്ചുവിടും. ഈ കൂട്ട പിരിച്ചുവിടലിനിടെ ഹരിയാനയിലെ ഗുഡ്ഗാവിലാണ് എയർ ഇന്ത്യ എക്സ്പ്രസ് സിഇഒ അലോക് സിംഗ് ജീവനക്കാരെ ചർച്ചക്ക് വിളിച്ചിരിക്കുന്നത്.

പിരിച്ചുവിട്ടവരെ തിരിച്ചെടുക്കുമെന്ന് ഉറപ്പ് ലഭിക്കാതെ ചർച്ച വിജയിക്കാനിടയില്ല. സമരത്തെ തുടർന്ന് ഇന്നലെ മാത്രം 91 വിമാനങ്ങൾ റദ്ദാക്കിയപ്പോൾ, 102 വിമാന സർവീസുകൾ വൈകുകയും ചെയ്തു. നിലവിലെ സാഹചര്യത്തിൽ തിങ്കളാഴ്ച വരെ ഇതേ സ്ഥിതി തുടർന്നേക്കും. സമരത്തിൽ ഇല്ലാത്ത മുഴുവൻ ജീവനക്കാരെയും ജോലിക്ക് ഇറക്കിയാലും ഒരു ദിവസം ചുരുങ്ങിയത് 40 ഫ്ലൈറ്റുകൾ എങ്കിലും റദ്ദാക്കേണ്ടി വരുമെന്നാണ് എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ കണക്കുകൂട്ടൽ

Post a Comment

Previous Post Next Post