അബുദാബി രാജകുടുംബാംഗം ശൈഖ് തഹ്‍നൂൻ ബിൻ മുഹമ്മദ് അന്തരിച്ചു; യുഎഇയിൽ 7 ദിവസത്തെ ദുഃഖാചരണം

(www.kl14onlinenews.com)
(01-May-2024)

അബുദാബി രാജകുടുംബാംഗം ശൈഖ് തഹ്‍നൂൻ ബിൻ മുഹമ്മദ് അന്തരിച്ചു; യുഎഇയിൽ 7 ദിവസത്തെ ദുഃഖാചരണം
അബുദാബി: അബുദാബി രാജകുടുംബാംഗം ശൈഖ് തഹ്‍നൂൻ ബിൻ മുഹമ്മദ് അൽ നഹ്‍യാൻ അന്തരിച്ചു. അബുദാബി ഭരണാധികാരിയുടെ എൽ ഐൻ മേഖലാ പ്രതിനിധിയും ഇപ്പോഴത്തെ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‍യാന്റെ അമ്മാവനുമാണ് ശൈഖ് തഹ്‍നൂൻ. യുഎഇയിൽ ഏഴ് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഇക്കാലയളവിൽ രാജ്യത്ത് ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.

ശൈഖ് നഹ്‍നൂന്റെ നിര്യാണത്തിൽ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‍യാൻ അനുശോചിച്ചു. മേയ് ഒന്ന് ബുധനാഴ്ച മുതലായിരിക്കും ഏഴ് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം ആരംഭിക്കുക. അടുത്തിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന നിരവധി പരിപാടികളിൽ യുഎഇ പ്രസിഡന്റിനൊപ്പം ശൈഖ് തഹ്‍നൂൻ പങ്കെടുത്തിരുന്നു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ശൈഖ് തഹ്‍നൂന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ചു.


അൽ ഐൻ മേഖലയിലെ യുഎഇ പ്രസിഡന്റിന്റെ പ്രതിനിധിയാവുന്നതിന് മുമ്പ് ശൈഖ് തഹ്‍നൂൻ, അബുദാബി നാഷണൽ ഓയിൽ കമ്പനിയുടെ (അഡ്നോക്) ചെയർമാനായും അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ ഡെപ്യൂട്ടി ചെയർമാനായും സേവനമനുഷ്ടിച്ചിട്ടുണ്ട്. അബുദാബി - അൽ ഐൻ റോഡിന് 2018ൽ ശൈഖ് തഹ്‍നൂന്റെ പേര് നൽകിയിരുന്നു.

Post a Comment

Previous Post Next Post