(www.kl14onlinenews.com)
(07-May-2024)
സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന മലയാളി അബ്ദുൽ റഹീമിന്റ മോചനത്തിൽ പ്രതിസന്ധി. ഏഴര ലക്ഷം റിയാൽ അഥവാ ഒരു കോടി 66 ലക്ഷം രൂപ ഉടൻ നൽകണമെന്ന വാദിഭാഗം അഭിഭാഷകൻ്റെ ആവശ്യമാണ് പുതിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. പ്രതിഫലം കൈമാറിയാലെ കോടതിയിലെ തുടർനടപടികൾ ഊർജിതമാക്കാനാകൂയെന്നാണ് റിയാദിലെ നിയമസഹായ സമിതി പറയുന്നത്
അബ്ദുൽ റഹീമിന്റെ മോചനത്തിനായുള്ള ദയാധനമായ 34 കോടി രൂപ സൗദി അറേബ്യയിലെ അക്കൗണ്ടിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഇതിനിടയിലാണ് പ്രതിഫലം ഉടൻ കൈമാറണമെന്ന് റഹിമിന്റെ എതിർഭാഗം അഭിഭാഷകൻ ആവശ്യപ്പെട്ടത്. ദയാധനമായ 15 മില്യൺ റിയാലിൻറെ 5 ശതമാനമാണ് പ്രതിഫലമായി ആവശ്യപ്പെടുന്നത്. ഒരുകോടി 66 ലക്ഷത്തിലേറെ രൂപ അഭിഭാഷകന് ഉടൻ കൈമാറേണ്ടി വരും. ഈ തുക ലഭിക്കാതെ മറ്റു നടപടിക്രമങ്ങളിലേക്ക് കടക്കില്ലെന്ന് അഭിഭാഷകൻ അറിയിച്ചതാണ് മോചനം വൈകുമെന്ന ആശങ്ക ഉയരാൻ കാരണം.
ഇക്കാര്യം കണക്കിലെടുത്ത് 34 കോടി രൂപയ്ക്ക് പുറമെ അഭിഭാഷകൻറെ പ്രതിഫലവും നാട്ടിൽ നിന്ന് സൗദിയിലേക്ക് അയക്കണം എന്നാണ് ജിദ്ദയിലെ നിയമസഹായ സമിതിയുടെ ആവശ്യം. പ്രതിഫലം നൽകുന്നതിൽ വീഴ്ച ഉണ്ടായാൽ റഹീമിൻറെ മോചനം വൈകുമെന്ന് സമിതി ചൂണ്ടിക്കാട്ടുന്നു. അബ്ദുറഹീമിന് മാപ്പ് നൽകുന്നതുമായി ബന്ധപ്പെട്ട ഉടമ്പടിയിൽ ഗവർണറേറ്റിൻറെ സാന്നിധ്യത്തിൽ വാദിഭാഗവും പ്രതിഭാഗവും ഒപ്പുവെച്ച ശേഷമാണ് ദയാധനം കുടുംബത്തിന് കൈമാറുക. ഈ ഉടമ്പടി ഉടൻ ഉണ്ടാകുമെന്നാണ് സൂചന.
മോചനദ്രവ്യം നൽകാൻ തയ്യാറാണെന്ന് പ്രതിഭാഗവും, അത് സ്വീകരിച്ച് അബ്ദുൽ റഹീമിന് മാപ്പ് നല്കാൻ തയ്യാറാണെന്ന് വാദിഭാഗവും കോടതിയെ അറിയിച്ചിട്ടുണ്ട്. ഈ നടപടിക്രമങ്ങളെല്ലാം തുടങ്ങുന്നതിന് മുമ്പ് എതിർഭാഗം അഭിഭാഷകന്റെ പ്രതിഫലം കൂടി കൊടുത്താലേ റഹീമിന്റെ മോചനം സാധ്യമാകൂ.
إرسال تعليق