മഴ കനക്കും:കേരളത്തിൽ മേയ് 31-ന് മൺസൂൺ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

(www.kl14onlinenews.com)
(16-May-2024)

മഴ കനക്കും:കേരളത്തിൽ മേയ് 31-ന് മൺസൂൺ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: കേരളത്തിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ മേയ് 31-ന് എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതിൽ നാല് ദിവസംവരെ വ്യത്യാസമുണ്ടാകാമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

സാധാരണഗതിയിൽ ജൂൺ ഒന്നിനാണ് കേരളത്തിൽ മൺസൂൺ എത്താറ്. ഇതിൽ ഏഴ് ദിവസം വരെ വ്യത്യാസമുണ്ടാകാം. കേരളത്തിലെത്തുന്ന മൺസൂൺ പിന്നീട് വടക്കോട്ട് സഞ്ചരിച്ച് ജൂലൈ 15-ഓടെ രാജ്യത്തൊട്ടാകെ വ്യാപിക്കും.

ഇന്ത്യയിലെ മൺസൂണിന്റെ പുരോഗതി സംബന്ധിച്ച നിർണായകമായ സൂചകമാണ് കേരളത്തിൽ മൺസൂൺ എത്തുന്ന തിയ്യതി. കടുത്ത വേനലിൽ വിയർക്കുന്ന ഉത്തരേന്ത്യയ്ക്ക് വലിയ ആശ്വാസമാകും മൺസൂൺ.

അതേസമയം, കേരളത്തിലെ അടുത്ത അഞ്ച് ദിവത്തേക്കുള്ള മഴ മുന്നറിയിപ്പ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചു. ഇത് പ്രകാരം വിവിധ ജില്ലകളിൽ യെല്ലോ അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മേയ് 19-ന് ചില ജില്ലകളിൽ യെല്ലോ അലെർട്ടാണ് ഉള്ളതെങ്കിലും ഓറഞ്ച് അലെർട്ടിന് സമാനമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ വര്‍ഷത്തേതിനെ അപേക്ഷിച്ച് ഇത്തവണ തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ മഴ കേരളത്തില്‍ നേരത്തെ എത്തുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ ഒമ്പത് ദിവസം മുന്‍പ് എത്തിച്ചേരും. ചൂട് കാറ്റില്‍ വലഞ്ഞ മലയാളികള്‍ക്ക് മഴ ആശ്വാസമാകും.ഇക്കുറിയുണ്ടായ അമിതമായ ചൂട് പൊതുജനാരോഗ്യത്തെ വരെ ബാധിച്ചു. വൈദ്യുതിയുടെ അമിതോപഭോഗം കാരണം പവര്‍ ഗ്രിഡ് വരെ കുഴപ്പത്തിലാകുന്നതിന്റെ വക്കോളമെത്തി. അതിനെല്ലാം വിടപറഞ്ഞാണ് മണ്‍സൂണ്‍ കാല മഴ എത്തുന്നത്

Post a Comment

أحدث أقدم