കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാപ്പിഴവിന് കേസെടുത്ത് പൊലീസ്

(www.kl14onlinenews.com)
(17-May-2024)

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാപ്പിഴവിന് കേസെടുത്ത് പൊലീസ്
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിൽ കുട്ടികളുടെ ശസ്ത്രക്രിയ മാറിയ സംഭവത്തിൽ ചികിത്സാപ്പിഴവിന് കേസെടുത്ത് പൊലീസ്. ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ക്കെതിരെയാണ് മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്തത്. കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയിലാണ് നടപടി. ഐപിസി 336, ഐപിസി 337 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

സംഭവത്തില്‍ ഡോക്ടര്‍ ബിജോണ്‍ ജോണ്‍സനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഡോക്ടര്‍ക്ക് പിഴവ് പറ്റിയെന്നുള്ള മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ കണ്ടെത്തലിനെ തുടര്‍ന്നായിരുന്നു നടപടി. ശസ്ത്രക്രിയ മാറിയത് തന്റെ പിഴവുകൊണ്ടാണെന്ന് സമ്മതിച്ച് ഡോക്ടര്‍ രംഗത്തെത്തിയിരുന്നു. ശസ്ത്രക്രിയ കൊണ്ട് കുട്ടിക്ക് ഭാവിയില്‍ പ്രശ്നങ്ങള്‍ ഉണ്ടാകില്ലെന്നും ഡോക്ടര്‍ സൂപ്രണ്ടിന് എഴുതിയ കത്തിലുണ്ടായിരുന്നു.

ഇതിനിടെ ഡോക്ടറെ ന്യായീകരിച്ച് കേരള ഗവൺമെന്റ് മെഡിക്കല്‍ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ (കെജിഎംസിടിഎ) രംഗത്തെത്തിയതും ചര്‍ച്ചയാകുന്നുണ്ട്. അവയവം മാറി ശസ്ത്രക്രിയ ചെയ്തുവെന്ന പ്രചാരണം തെറ്റിദ്ധാരണാജനകമെന്നും കുട്ടിയുടെ നാവിന് അടിയിലെ വൈകല്യം ശ്രദ്ധയില്‍ പെട്ടതോടെയാണ് ആദ്യം ആ ശസ്ത്രക്രിയ നടത്തിയത് എന്നുമായിരുന്നു കെജിഎംസിടിഎ പുറത്തിറക്കിയ കുറിപ്പില്‍ പറഞ്ഞിരുന്നത്.

കോഴിക്കോട് ചെറുവണ്ണൂര്‍ മധുര ബസാര്‍ സ്വദേശിയുടെ നാലു വയസുകാരിയായ മകൾക്കാണ് മാറി ശസ്ത്രക്രിയ നടത്തിയത്. കുഞ്ഞിന്റെ കൈയിലെ ആറാം വിരല്‍ നീക്കുന്ന ശസ്ത്രക്രിയയ്ക്കാണ് ഇവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയത്. ശസ്ത്രക്രിയ മാറി നടത്തിയതിന് പിന്നാലെ മറ്റൊരു ശസ്ത്രക്രിയയിലൂടെ കുഞ്ഞിന്റെ ആറാം വിരല്‍ നീക്കം ചെയ്യുകയായിരുന്നു എന്ന് ബന്ധുക്കള്‍ പറഞ്ഞു.

ചികിത്സാപ്പിഴവ് തിരിച്ചറിഞ്ഞതോടെ ഡോക്ടര്‍ മാപ്പ് പറഞ്ഞിരുന്നു. ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്യണമെന്നും കുട്ടിക്ക് ഭാവിയില്‍ ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാല്‍ ആശുപത്രി അധികൃതര്‍ ഏറ്റെടുക്കണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു.

Post a Comment

Previous Post Next Post