കോടതി ഇടപെട്ടു; കെഎസ്ആർടിസി ബസിൻ്റെ യാത്ര തടസപ്പെടുത്തി; മേയർക്കും എംഎൽഎയ്ക്കുമെതിരെ കേസെടുത്ത് പൊലീസ്

(www.kl14onlinenews.com)
(04-May-2024)

കോടതി ഇടപെട്ടു; കെഎസ്ആർടിസി ബസിൻ്റെ യാത്ര തടസപ്പെടുത്തി; മേയർക്കും എംഎൽഎയ്ക്കുമെതിരെ കേസെടുത്ത് പൊലീസ്
തിരുവനന്തപുരം: കോര്‍പറേഷൻ മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും ബാലുശേരി എംഎൽഎയുമായ സച്ചിൻ ദേവിനും ഒപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് പേര്‍ക്കുമെതിരെ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് കേസെടുത്തു. ഗതാഗതം തടസ്സപ്പെടുത്തിയതിന് ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇരുവർക്കുമെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിൽ ഉചിതമായ നടപടി സ്വീകരിക്കാൻ കോടതി നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് മേയറും എംഎല്‍എയും ഉള്‍പ്പെടെ അഞ്ചുപേരടങ്ങുന്ന സംഘം കെഎസ്ആര്‍ടിസി ബസിന് കുറുകെയിട്ട് തടഞ്ഞത്. മേയറും സംഘവും കെഎസ്ആര്‍ടിസി ഡ്രൈവറുമായിവാക്കേറ്റവുമുണ്ടായി. സംഭവം നടന്ന ദിവസം തന്നെ ഡ്രൈവര്‍ യദു പൊലീസില്‍ ഇതുസംബന്ധിച്ച് പരാതി നല്‍കിയിരുന്നു. എന്നാല്‍ പൊലിസ് നടപടിയെടുത്തിരുന്നില്ല. സംഭവ ദിവസം രാത്രി തന്നെ മേയര്‍ നല്‍കിയ പരാതിയില്‍ ഡ്രൈവറെ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. ഇതിനു പിന്നാലെ കമ്മിഷണര്‍ക്കും യദു പരാതി നല്‍കിയെങ്കിലും പൊലീസ് നടപടിയൊന്നും എടുത്തില്ല.

ഇതോടെ ഡ്രൈവര്‍ കോടതിയെ സമീപിച്ചിരുന്നു. ഇതിനിടയിലാണ് അഭിഭാഷകനായ ബൈജു നോയല്‍ കോടതിയെ സമീപിച്ചത്. ജില്ലാ കോടതിയില്‍ അഭിഭാഷകന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. മേയര്‍, എം.എല്‍എ വാഹനത്തിലുണ്ടായിരുന്നവരുള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെയാണ് കേസ്. കെഎസ്ആര്‍ടിസി ബസിന് കുറുകെ കാര്‍ നിര്‍ത്തി, ബസിലെ യാത്രക്കാരെയും റോഡില്‍ തടഞ്ഞു നിര്‍ത്തി, ഗതാഗത തടസ്സമുണ്ടാക്കി എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കേസെടുത്തത്.

മേയറും കുടുംബവും ഒരു തെറ്റും ചെയ്തില്ലെന്നായിരുന്നു തുടക്കം മുതല്‍ സിപിഎം സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെ പറഞ്ഞിരുന്നത്. മേയര്‍ക്കും എംഎല്‍ക്കുമെതിരെ കേസെടുത്തതോടെ സിപിഎമ്മിനും സര്‍ക്കാരിനും വലിയ തിരിച്ചടിയാണ്. ഡ്രൈവര്‍ യദു നല്‍കിയ പരാതി തിങ്കളാഴ്ച കോടതി പരിഗണിക്കും.

Post a Comment

Previous Post Next Post