(www.kl14onlinenews.com)
(30-May-2024)
ജമ്മു: ജമ്മു കശ്മീരിൽ തീർത്ഥാടകസംഘം സഞ്ചരിച്ച ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 21 മരണം. കാളി ധർ പ്രദേശത്തെ തുങ്കി മോറിൽ വ്യാഴാഴ്ച ഉച്ചയോടെയാണ് അപകടം നടന്നത്. അപകടത്തിൽ 54 ഓളം പേർക്ക് പരിക്കേറ്റു. ഉത്തർപ്രദേശിൽ നിന്നുള്ള തീർത്ഥാടകർ സഞ്ചരിച്ച ബസാണ് അപകടത്തിൽ പെട്ടത്.
റിയാസി ജില്ലയിലെ ശിവ് ഖോരി ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ദേശീയ പാത 'NH-144A'യിലാണ് അപകടം. വീതികൂട്ടൽ ജോലികൾ നടുന്നുകൊണ്ടിരിക്കുന്നതിനാൽ റോഡ് മോശം അവസ്ഥയിലായിരുന്നു എന്നാണ് റിപ്പോർട്ട്.
പരിക്കേറ്റ യാത്രക്കാരെ ചൗകി ചൗരയിലെയും അഖ്‌നൂരിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അത്യാഹിത പരിചരണം ആവശ്യമുള്ള യാത്രക്കാരെ ജമ്മുവിലെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മറ്റുന്നതായും റിപ്പോർട്ടുണ്ട്.
ജമ്മു കശ്മീർ ലെഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹ അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി. ജമ്മുവിലെ അഖ്‌നൂരിൽ നടന്ന ബസ് അപകടം ഹൃദയഭേദകമാണ്. ജീവഹാനിയിൽ അനുശോചനം രേഖപ്പെടുത്തുകയും, മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക്, നഷ്ടം താങ്ങാൻ കരുത്ത് ഉണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു,'' ലെഫ്റ്റനൻ്റ് ഗവർണർ എക്‌സിൽ കുറിച്ചു.
ദുരന്തബാധിതരായ കുടുംബങ്ങൾക്ക് എല്ലാവിധ സഹായവും ഭരണകൂടം നൽകുന്നുണ്ടെന്നും, പരിക്കേറ്റവർക്ക് ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കിയെന്നും അദ്ദേഹം അറിയിച്ചു
إرسال تعليق