സജീവമായി വേനൽ മഴ; ഇന്നും പരക്കെ മഴ ലഭിക്കും; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

(www.kl14onlinenews.com)
(12-May-2024)

സജീവമായി വേനൽ മഴ; ഇന്നും പരക്കെ മഴ ലഭിക്കും; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തെക്കൻ കേരളത്തിൽ മഴ കനക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു

തിരുവനന്തപുരം പത്തനംതിട്ട, എറണാകുളം, വയനാട് കണ്ണൂർ ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പ് ഉള്ളത്. നാളെ പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. വരുന്ന അഞ്ചുദിവസം കൂടി മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

ചുട്ടു പൊള്ളിയ വേനലിന് ആശ്വാസമായി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംസ്ഥാനത്ത് വേനൽ മഴ ലഭിക്കുന്നുണ്ട്. ഉഷ്ണതരംഗ മുന്നറിയിപ്പിനിടയിലും ആശ്വാസമായത് തുടർച്ചയായി ലഭിക്കുന്ന മഴയാണ്. വരുന്ന 4 ദിവസങ്ങളിലും സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ കൂടുതൽ ജില്ലകളിൽ ശക്തമായ മഴ ലഭിച്ചേക്കും. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി തുടങ്ങി 3 ജില്ലകളിലും നാളെ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

അടുത്ത 3 മണിക്കൂറിൽ (പുലർച്ചെ 4 മണിക്ക് പ്രഖ്യാപിച്ചത്) ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.                                                                                               

മെയ് 12 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50  കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം മെയ് 13, 14 തീയ്യതികളിൽ  ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40  കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരള - കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ  മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.


Post a Comment

Previous Post Next Post