കുറഞ്ഞ ഓവർ നിരക്ക്; ഋഷഭ് പന്തിന് ഒരു മത്സരത്തിൽ വിലക്കേർപ്പെടുത്തി ബി.സി.സി.ഐ

(www.kl14onlinenews.com)
(11-May-2024)

കുറഞ്ഞ ഓവർ നിരക്ക്; ഋഷഭ് പന്തിന് ഒരു മത്സരത്തിൽ വിലക്കേർപ്പെടുത്തി ബി.സി.സി.ഐ
ഡല്‍ഹി: ഐപിഎല്ലില്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ പൊരുതുന്ന ഡല്‍ഹി ക്യാപിറ്റല്‍സിന് തിരിച്ചടിയായി നായകന്‍ റിഷഭ് പന്തിന്റെ വിലക്ക്. രാജസ്ഥാന്‍ റോയല്‍സിനെതിരെയുള്ള പോരാട്ടത്തിലാണ് സീസണിലെ മൂന്നാം സ്ലോ ഓവര്‍ റേറ്റ് ശിക്ഷ ഡല്‍ഹി ക്യാപ്റ്റന്‍ വഴങ്ങിയത്. ഇതിനെ തുടര്‍ന്നാണ് ക്യാപ്റ്റനായ റിഷഭ് പന്തിന് 30 ലക്ഷം രൂപയും ഒരു മത്സര വിലക്കും വിധിച്ചത്. ഇതോടെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗലൂരുവിനെതിരായ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ അടുത്ത മത്സരത്തില്‍ റിഷഭ് പന്ത് പുറത്തിരിക്കേണ്ടിവരും.

ഐപിഎല്ലില്‍ 12 മത്സരങ്ങളില്‍ 12 പോയന്റുമായി അഞ്ചാം സ്ഥാനത്തുള്ള ഡല്‍ഹിക്ക് ഇനിയുള്ള രണ്ട് മത്സരങ്ങളിലെയും വിജയം അനിവാര്യമാണ്. കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തിലാണ് റിഷഭ് പന്തിന് ആദ്യം പിഴ ശിക്ഷ വിധിച്ചത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിലും തെറ്റ് ആവര്‍ത്തിച്ച റിഷഭ് പന്തിന് 24 ലക്ഷം രൂപ പിഴയായി വിധിച്ചിരുന്നു.

നാളെയാണ് ഡല്‍ഹി റോയല്‍ ചലഞ്ചേഴ്‌സ് ബംഗലൂരുവിനെ നേരിടുന്നത്. ആര്‍സിബിയുടെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം. 14ന് ഹോം ഗ്രൗണ്ടില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സാണ് ഡല്‍ഹിയുടെ എതിരാളികള്‍. 12 മത്സരങ്ങളില്‍ 413 റണ്‍സടിച്ച റിഷഭ് പന്ത് ഈ സീസണിലെ റണ്‍വേട്ടയില്‍ ഡല്‍ഹിയുടെ ടോപ് സ്‌കോററുമാണ്

Post a Comment

Previous Post Next Post