(www.kl14onlinenews.com)
(15-May-2024)
തിരുവനന്തപുരം: കൊതുകുജന്യരോഗങ്ങൾ ചെറുക്കാൻ മഴക്കാലപൂർവ ശുചീകരണമടക്കം പദ്ധതികൾ ആവിഷ്കരിച്ചെങ്കിലും ഇനിയുമെങ്ങുമെത്തിയില്ല. ഡെങ്കിപ്പനിവ്യാപിക്കുന്നതിനാൽ എല്ലാ ഞായറാഴ്ചകളിലും വീടുകളിലും സ്ഥാപനങ്ങളിലും ഡ്രൈ ഡേ ആചരിക്കാൻ തദ്ദേശസ്ഥാപനങ്ങൾക്കും ജില്ലാഭരണകൂടങ്ങൾക്കും നിർദേശം നൽകിയിരുന്നെങ്കിലും കാര്യമായ ചലനമൊന്നുമില്ലാതെ കഴിഞ്ഞ ഞായറാഴ്ച കടന്നുപോയി.
ഡെങ്കിയും എലിപ്പനിയും ഭീഷണി
മഴക്കാലരോഗങ്ങൾ നേരിടാൻ ആരോഗ്യവകുപ്പ് സജ്ജമാണെന്നാണ് അധികൃതർ പറയുന്നത്. ആവശ്യമായ ആശുപത്രികളിൽ പനിവാർഡുകൾ തുറക്കും. ഇടവിട്ടുള്ള വേനൽമഴ പെയ്തതോടെ സംസ്ഥാനത്ത് കൊതുകുജന്യരോഗങ്ങൾ പടരുന്നു. രണ്ടാഴ്ചയ്ക്കിടെമാത്രം 1400-ൽ അധികംപേർക്ക് ഡെങ്കിപ്പനി ബാധിച്ചു. ജനുവരിക്കുശേഷം 16 പേർ മരിച്ചു. നൂറിലേറെപ്പേർക്ക് എലിപ്പനി ബാധിക്കുകയും നാലുപേർ മരിക്കുകയും ചെയ്തു. ഇക്കൊല്ലംമാത്രം 88 പേർ എലിപ്പനി ബാധിച്ച് മരിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, തൃശ്ശൂർ ജില്ലകളിൽ വെസ്റ്റ്നൈൽ പനിക്കെതിരേയും ജാഗ്രതാനിർദേശമുണ്ട്.
ശനിയും ഞായറും ശുചീകരണം
മേയ് 18, 19 തീയതികളിൽ ജനപങ്കാളിത്തത്തോടെ മഴക്കാല പൂർവശുചീകരണം നടത്താൻ തദ്ദേശവകുപ്പ് നിർദേശം നൽകി. മാലിന്യനിർമാർജനത്തിന് ശുചിത്വമിഷന്റെ സഹായംതേടിയിട്ടുണ്ട്.
നാലുജില്ലകളിൽ മഞ്ഞപ്പിത്തത്തിനെതിരേ ജാഗ്രത
മലപ്പുറം, എറണാകുളം, കോഴിക്കോട്, തൃശ്ശൂർ ജില്ലകളിൽ മഞ്ഞപ്പിത്ത പ്രതിരോധപ്രവർത്തനം ശക്തമാക്കാൻ മന്ത്രി വീണാജോർജ് നിർദേശം നൽകി. മലപ്പുറത്തെ ചാലിയാർ, പോത്തുകൽ ഭാഗങ്ങളിൽ ഹെപ്പറ്റൈറ്റിസ് മരണങ്ങൾ റിപ്പോർട്ട് ചെയ്തതിനാൽ പ്രതിരോധപ്രവർത്തനങ്ങൾ ശക്തമാക്കി
Post a Comment