കാസര്‍കോട് ഡ്രൈവിങ് ടെസ്റ്റുകള്‍ നിര്‍ത്തിവച്ചു; കോവിഡ് വ്യാപനം കാരണമെന്ന് എസ്എംഎസ്

(www.kl14onlinenews.com)
(02-May-2024)

കാസര്‍കോട് ഡ്രൈവിങ് ടെസ്റ്റുകള്‍ നിര്‍ത്തിവച്ചു; കോവിഡ് വ്യാപനം കാരണമെന്ന് എസ്എംഎസ്
കാസർകോട്:ഡ്രൈവിങ്ങ് ലൈസൻസ് ടെസ്റ്റുകളിൽ വരുത്തിയ നിയന്ത്രണത്തിന്റെ പശ്ചാത്തലത്തിൽ പ്രതിഷേധം വ്യാപകമാകുന്ന പശ്ചാത്തലത്തിൽ ഡ്രൈവിങ്ങ് ടെസ്റ്റുകൾ നിർത്തിവെച്ചതായി കാസർകോട് ആർ.ടി.ഓഫീസ് അറിയിച്ചു. പ്രതിഷേധം പരാമർശിക്കാതെ വിചിത്ര കാരണം ചൂണ്ടിക്കാട്ടിയാണ് മേയ് 24 വരെയുള്ള ടെസ്റ്റുകൾ എല്ലാം റദ്ദാക്കിയതായി അറിയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് അറിയിപ്പ് അപേക്ഷകർക്ക് എസ്.എം.എസ്. മുഖേന നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാലത്തിൽ ഡ്രൈവിങ്ങ് ലൈസൻസ് ടെസ്റ്റുകൾ നിർത്തലാക്കുന്നുവെന്നാണ് അറിയിപ്പ്. ഈ മാസം 24 വരെ ഇനി ഡ്രൈവിങ്ങ് ടെസ്റ്റുകൾ ഒന്നും നടത്തുന്നതല്ലെന്നും അറിയിപ്പിൽ പറയുന്നു. കോവിഡ് 19 വ്യാപനത്തെ തുടർന്നാണ് ടെസ്റ്റുകൾ റദ്ദാക്കിയിരിക്കുന്നതെന്ന വാദം വളരെ വിചിത്രമാണെന്നാണ് വിലയിരുത്തലുകൾ. സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ ആർ.ടി.ഓഫീസ് കേന്ദ്രീകരിച്ച് ഡ്രൈവിങ്ങ് സ്കൂൾ ഉടമകളുടെയും ജീവനക്കാരുടെയും പ്രതിഷേധം നടത്തുന്നതിനിടെയാണ് ഈ നീക്കമെന്നതും ശ്രദ്ധേയമാണ്.

ഡ്രൈവിങ്ങിൽ ടെസ്റ്റിൽ പരിഷ്കരണം വരുത്തി പുറത്തിറക്കിയ 04/2024 സർക്കുലർ പിൻവലിക്കണമെന്നാവശ്യപ്പെട്ട സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ ഡ്രൈവിങ്ങ് സ്കൂൾ ജീവനക്കാരും ഉടമകളും പ്രതിഷേധിക്കുകയാണ്. കണ്ണൂർ, മലപ്പുറം, തൃശൂർ, എറണാകുളം, തിരുവനന്തപുരം തുടങ്ങിയ പ്രദേശങ്ങളിലാണ് പ്രധാനമായും പ്രതിഷേധം നടക്കുന്നത്. അനിശ്ചിത കാലത്തേക്ക് ഡ്രൈവിങ്ങ് ടെസ്റ്റുകൾ ബഹിഷ്കരിക്കാനും തീരുമാനിച്ചിട്ടുണ്ടെന്നാണ് സൂചന.

ടെസ്റ്റുകളുടെ എണ്ണം കുറയ്ക്കുന്നതും, 15 വർഷത്തിൽ അധികം പഴക്കമുള്ള വാഹനങ്ങൾ ഡ്രൈവിങ്ങ് പരീശീലനത്തിന് ഉപയോഗിക്കരുത് എന്ന നിർദേശവുമായി ഡ്രൈവിങ്ങ് പരിശീലകരെ പ്രധാനമായും ചൊടിപ്പിച്ചിരിക്കുന്നത്. ഇതിനുപുറമെ, വാഹനങ്ങളിൽ ക്യാമറയും ജി.പി.എസ്. സംവിധാനവും നൽകണമെന്ന ആവശ്യത്തിനെതിരേയും പ്രതിഷേധം ഉയരുന്നുണ്ട്. ഈ പരിഷ്കാരങ്ങൾക്ക് എതിരല്ലെന്നും ഇവ നടപ്പാക്കാൻ കൂടുതൽ സമയം വേണമെന്നുമാണ് തൃശൂരിലെ ഡ്രൈവിങ്ങ് സ്കൂൾ പ്രതിനിധികൾ അറിയിച്ചിരിക്കുന്നത്.

Post a Comment

Previous Post Next Post