(www.kl14onlinenews.com)
(01-May-2024)
തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനെതിരായ സൈബര്‍ അധിക്ഷേപത്തില്‍ കേസെടുത്ത് പൊലീസ്. തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസ് ആണ് കേസെടുത്തിരിക്കുന്നത്. ലൈംഗിക അധിക്ഷേപം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് ചുമത്തിയിട്ടുള്ളത്. മേയറുടെ പരാതിയിലാണ് പൊലീസ് നടപടി.
മേയര്‍ക്ക് വാട്‌സാപ്പില്‍ അശ്ലീല സന്ദേശമയച്ച നമ്പറിന്റെ ഉടമയ്‌ക്കെതിരെയാണ് കേസ്. സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള സൈബര്‍ ആക്രമണത്തിനെതിരെ മേയര്‍ ആര്യ രാജേന്ദ്രന്‍ കഴിഞ്ഞ ദിവസമാണ് പരാതി നല്‍കിയത്. പൊലീസ് മേധാവിക്കും മ്യൂസിയം പൊലീസിനുമാണ് പരാതി നല്‍കിയത്. കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുമായുള്ള പ്രശ്നങ്ങള്‍ക്ക് പിന്നാലെ സൈബര്‍ ആക്രമണം തുടങ്ങിയെന്നാണ് പരാതിയില്‍ പറയുന്നത്.
സഹോദരനൊപ്പമുള്ള ചിത്രത്തിനും മറ്റു ഫേസ്ബുക്ക് പോസ്റ്റുകള്‍ക്കും കീഴില്‍ അശ്ലീല കമന്റുകള്‍ നിറയുന്നെന്ന് മേയർ പരാതിയില്‍ പറയുന്നു. ഏപ്രില്‍ 27ന് തിരുവനന്തപുരം പാളയത്ത് വച്ചാണ് കെഎസ്ആര്‍ടിസി ഡ്രൈവറും മേയറും തമ്മില്‍ തര്‍ക്കമുണ്ടായത്. കെഎസ്ആര്‍ടിസി ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയില്‍ കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തിരുന്നു.
എന്നാല്‍ മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവും എംഎൽഎയുമായ സച്ചിന്‍ ദേവും തന്നോട് മോശമായി പെരുമാറിയെന്ന ആരോപണവുമായി കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു രംഗത്തെത്തുകയായിരുന്നു. ഇതിന് പിന്നാലെ ബസ് തടഞ്ഞില്ലെന്ന മേയറുടെ വാദം പൊളിഞ്ഞതാണ് സൈബറാക്രമണം ശക്തമാകാൻ കാരണം.
Post a Comment