നടി കനകലത അന്തരിച്ചു; അന്ത്യം തിരുവനന്തപുരത്തെ വസതിയിൽ

(www.kl14onlinenews.com)
(06-May-2024)

നടി കനകലത അന്തരിച്ചു; അന്ത്യം തിരുവനന്തപുരത്തെ വസതിയിൽ
തിരുവനന്തപുരം:
നടി കനകലത അന്തരിച്ചു. പാര്‍ക്കിൻസണ്‍സും മറവിരോഗവും ബാധിച്ച് ചികിത്സയിലായിരുന്നു. മലയാളത്തിലും തമിഴിലുമായി 360ല്‍ അധികം സിനിമകളില്‍ വേഷമിട്ട നടിയാണ്. ഒടുവില്‍ വേഷമിട്ടത് പൂക്കാലമെന്ന സിനിമയിലാണ്.

ചെറുതും വലുതുമായ നിരവധി ശ്രദ്ധേയ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് കനകലത. ഓച്ചിറയില്‍ പരമേശ്വരൻ പിള്ളയുടെയും ചിന്നമ്മയുടെയും മകളായിട്ടാണ് ജനനം. നാടകത്തില്‍ നിന്നാണ് വെള്ളിത്തിരയില്‍ എത്തുന്നത്. ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി സിനിമയില്‍ വേഷമിടുന്നത്.


മലയാളത്തില്‍ സഹനടിയായി കരുത്തുറ്റ നിരവധി കഥാപാത്രങ്ങളില്‍ തിളങ്ങിയ കനകലത കോമഡി വേഷങ്ങളും അനായാസേന കൈകാര്യം ചെയ്‍തിരുന്നു. പി എ ബക്കറിന്റെ സംവിധാനത്തിലുള്ള ചിത്രമായ ഉണര്‍ത്തുപാട്ടിലൂടെയായിരുന്നു അരങ്ങേറ്റം. എന്നാല്‍ ഉണര്‍ത്തുപാട്ട് റിലീസായില്ല. ലെനിൻ രാജേന്ദ്രന്റെ ചില്ല് എന്ന സിനിമയിലൂടെയാണ് പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്.

ആദ്യത്തെ കണ്‍മണി, കൗരവര്‍, രാജാവിന്റെ മകൻ, ജാഗ്രത, അനിയത്തിപ്രാവ്, ആകാശഗംഗ, ഹരികൃഷ്‍ണൻ, വിദേശി നായര്‍ സ്വദേശി നായര്‍, ഒരു യാത്രാമൊഴി, സഫടികം, കുസൃതിക്കാറ്റ്, മാനത്തെക്കൊട്ടാരം, ബന്ധുക്കള്‍ ശത്രുക്കള്‍, അച്ഛന്റെ ആണ്‍മക്കള്‍, പകല്‍, അടുക്കള രഹസ്യം അങ്ങാടിപ്പാട്ട്, ദ ഗുഡ് ബോയ്‍സ്, കിലുകില്‍ പമ്പരം, കിഴക്കൻ പത്രോസ് തുടങ്ങി നിരവധി ഹിറ്റ് സിനിമകളില്‍ വേഷമിട്ടു. തമിഴില്‍ സ്‍മാര്‍ട് ബോയ്സ്, ഇലൈ തുടങ്ങിയവയ്‍ക്ക് പുറമേ കടവൂള്‍ സാക്ഷി, എനക്കായി പിറന്തേൻ എന്നിവയിലും വേഷമിട്ടു. പ്രമാണി, ഇന്ദുലേഖ, സ്വാതി തിരുന്നാള്‍ തുടങ്ങിയവയാണ് പ്രധാന നാടകങ്ങള്‍. സിനിമയില്‍ നിറസാന്നിദ്ധ്യമായി പ്രിയങ്കരിയായ നടി സീരീയലുകളായ പാലിയത്തച്ചൻ, പ്രേയസി, സാഗരചരിതം, പകിട പകിട പമ്പരം, അഗ്നിസാക്ഷി, ജ്വാലയായി, വീണ്ടും ജ്വാലയായി, ദേവഗംഗ, പ്രണയം, ഗംഗ, തുലാഭാരം, സൂര്യപുത്രി, ഡ്രാക്കുള തുടങ്ങിയവയിലും വേഷമിട്ടു.

Post a Comment

Previous Post Next Post