ഗർഭം അലസിപ്പിക്കാൻ ശ്രമിച്ചു, കുഞ്ഞിനെ കൊല്ലാനുള്ള വഴി ഇന്‍റര്‍നെറ്റില്‍ തിരഞ്ഞു! യുവതിയുടെ മൊഴി പുറത്ത്

(www.kl14onlinenews.com)
(04-May-2024)

ഗർഭം അലസിപ്പിക്കാൻ ശ്രമിച്ചു, കുഞ്ഞിനെ കൊല്ലാനുള്ള വഴി ഇന്‍റര്‍നെറ്റില്‍ തിരഞ്ഞു! യുവതിയുടെ മൊഴി പുറത്ത്
കൊച്ചി:
പനമ്പിള്ളിനഗറിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ യുവതിയുടെ മൊഴിയുടെ വിശദാംശങ്ങൾ പുറത്ത്. ഗർഭം ആഗ്രഹിച്ചിരുന്നില്ലെന്നാണ് കൊല്ലപ്പെട്ട കുഞ്ഞിന്റെ അമ്മ പൊലീസിന് നൽകിയ മൊഴി. ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞത് വൈകിയാണെന്നും ഗർഭം അലസിപ്പിക്കാനുള്ള സമയം കഴിഞ്ഞിരുന്നുവെന്നുമാണ് യുവതി പറയുന്നത്.

താൻ ​ഗർഭിണിയാണെന്ന് മാതാപിതാക്കളോട് പറയാൻ യുവതിക്ക് ധൈര്യമുണ്ടായിരുന്നില്ല. യുവതി ഗർഭിണിയായത് ആൺസുഹൃത്തിന് അറിയാമായിരുന്നു. പിന്തുണ ലഭിക്കാത്തത് കടുത്ത മാനസിക സമ്മർദ്ദം ഉണ്ടാക്കി. ആൺ സുഹൃത്തുമായി ഉണ്ടായിരുന്നത് ഗാഢപ്രണയമല്ല. എന്നാൽ ഗർഭിണിയാണെന്നറിഞ്ഞതോടെ ബന്ധം സൂക്ഷിക്കാൻ ആൺസുഹൃത്ത് തയ്യാറായില്ലെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്.

നാടിനെ നടുക്കിയ നവജാത ശിശുവിന്‍റെ(newborn baby) മരണത്തിൽ യുവതിയെ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കി പൊലീസ്. നേരത്തെ ഗർഭം അലസിപ്പിക്കാൻ ശ്രമിച്ചിരുന്നതായും എന്നാൽ പരാജയപ്പെട്ടെന്നും യുവതി പൊലീസിന് മൊഴി നൽകി. പുലർച്ചെയാണ് പ്രസവം നടന്നത്. പിന്നീട് കുഞ്ഞ് കരയുമോയെന്ന് ഭയന്ന് വായിൽ തുണി തിരുകി. കഴുത്തിൽ ഷാൾ ശ്വാസം മുട്ടിച്ച് കുഞ്ഞിനെ കൊന്നു. തുടർന്ന് 8 മണിയോടെ അമ്മ വാതിൽ മുട്ടിയപ്പോൾ പരിഭ്രാന്തിയിലായി. ഉടനെ കൈയിൽ കിട്ടിയ കവറിൽ കുഞ്ഞിനെ പൊതിഞ്ഞ് താഴേക്ക് വലിച്ചെറിഞ്ഞു. പരിഭ്രാന്തിയിൽ ആത്മഹത്യ ചെയ്യാൻ തുനിഞ്ഞുവെന്നും കുഞ്ഞിനെ എങ്ങനെ കൊലപ്പെടുത്തണമെന്ന് നേരത്തെ തന്നെ ഇന്‍റര്‍നെറ്റില്‍ തിരഞ്ഞിരുന്നുവെന്നും യുവതി പൊലീസിന് മൊഴി നൽകി. പ്രസവത്തിന് പിന്നാലെ ആരോഗ്യനില മോശമായ യുവതി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. യുവതിയെ കസ്റ്റഡിയിലെടുത്ത് കൂടുതല്‍ വിവരങ്ങള്‍ തേടണം. അതിനായി ഡോക്ടറുടെ റിപ്പോർട്ട് ലഭിക്കാൻ കാത്തിരിക്കുകയാണ് അന്വേഷണ സംഘം.

അതേസമയം യുവതിയുമായി അടുപ്പമുണ്ടായിരുന്ന തൃശ്ശൂർ സ്വദേശിയായ ആൺ സുഹൃത്തിനെ കുറിച്ചും കൂടുതൽ അന്വേഷണം നടത്തും. ഇയാൾ കഴിഞ്ഞ രണ്ട് മാസമായി യുവതിയുമായി ബന്ധപ്പെട്ടിട്ടില്ലെന്നും അതിനാൽ കൊലപാതകത്തിൽ പങ്കില്ലെന്നും പൊലീസ് വൃത്തങ്ങൾ സൂചന നൽകുന്നു. എന്നാൽ ഇയാൾക്കെതിരെ പരാതി നൽകാൻ യുവതി തയ്യാറായിട്ടില്ല. യുവതി പരാതി നൽകിയാൽ മാത്രമേ ഇയാൾക്കെതിരെ നടപടിയെടുക്കാനാവൂ. നേരത്തെ യുവതി പീഡനത്തിനിരയായെന്ന് പൊലീസ് അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ അടക്കം കൂടുതൽ വ്യക്തത വരുത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തിരുന്നു. ജില്ലാ പൊലീസ് മേധാവിയോട് റിപ്പോർട്ടും തേടിയിട്ടുണ്ട്. യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത് പൊലീസ് ഇന്ന് കോടതിയെ അറിയിക്കും. ഇന്ന് ഉച്ചയോടെ യുവതിയെ റിമാന്‍ഡ് ചെയ്തേക്കുമെന്നാണ് വിവരം.

കഴിഞ്ഞ ദിവസം പ്രാഥമിക പോസ്റ്റുമോർട്ടം പുറത്തുവന്നിരുന്നു. തലയോട്ടിക്കുണ്ടായ പരിക്കാണ് കുഞ്ഞിന്‍റെ മരണകാരണം. കുഞ്ഞിന്റെ ശരീരത്തിൽ ബലം ചെലുത്തിയിട്ടുണ്ട്. കീഴ് താടിക്ക് പരുക്കുണ്ടെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. എന്നാൽ മുറിക്കുള്ളിൽ വെച്ചാണോ റോഡിൽ വീണതിനെ തുടർന്നാണോ തലയോട്ടിക്ക് പരിക്ക് ഉണ്ടായതെന്ന് പൊലീസ് സംഘം പരിശോധിക്കുകയാണ്. അതേസമയം കുഞ്ഞിന്‍റെ അമ്മയ്ക്കെതിരെ കൊലക്കുറ്റം ചുമത്തി.

മാതാപിതാക്കൾക്കൊപ്പം താമസിക്കുന്ന യുവതി ഗർഭിണിയായതോ പ്രസവിച്ചതോ ഇവർ അറിഞ്ഞിട്ടില്ലെന്നും പോലീസ് പറയുന്നു. കുഞ്ഞിൻ്റെ മൃതദേഹം പൊതിഞ്ഞിരുന്നത് യുവതിയുടെ അഡ്രസ് പതിച്ച ആമസോൺ പാക്കറ്റിലായിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് 23-കാരിയിലേയ്ക്ക് പോലീസിനെ എത്തിച്ചത്. ജനിച്ച് മൂന്ന് മണിക്കുറിനുള്ളിലാണ് കുഞ്ഞിനെ കൊല്ലുന്നത്. കുഞ്ഞിൻ്റെ കഴുത്തിൽ ഷാൾ മുറുക്കിയ പാടുണ്ടായിരുന്നു. നടുറോഡില്‍ പിഞ്ചുകുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തുന്നത് ശുചീകരണ തൊഴിലാളികളാണ്. സമീപത്തെ സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണത്തെ സഹായിച്ചത്.

തലയോട്ടി പൊട്ടിയതാണ് മരണത്തിന് മുഖ്യ കാരണമെന്നാണ് കുഞ്ഞിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കീഴ്താടിക്കും പൊട്ടലുണ്ട്. കുഞ്ഞിനെ വലിച്ചെറിഞ്ഞപ്പോഴാകാം പൊട്ടലുണ്ടായത്. ഒരു വാഹനം കുഞ്ഞിന് മേല്‍ കയറിയിറങ്ങിയിരുന്നു. വാഹനം കയറിയാണോ പൊട്ടലുണ്ടായതെന്നും സംശയമുണ്ട്. ശ്വാസം മുട്ടിയതിന്റെ ലക്ഷണമുണ്ടെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്നലെ പുലര്‍ച്ചെ പ്രസവിച്ച യുവതി കുഞ്ഞിനെ രാവിലെ എട്ട് മണിയോടെ ഫ്‌ളാറ്റില്‍ നിന്ന് പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു.

Post a Comment

Previous Post Next Post