മുംബെെ ഇന്ത്യൻസിനെ പരാജയപ്പെടുത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പ്ലേ ഓഫില്‍ കടക്കുന്ന ആദ്യ ടീമായി

(www.kl14onlinenews.com)
(11-May-2024)

മുംബെെ ഇന്ത്യൻസിനെ പരാജയപ്പെടുത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പ്ലേ ഓഫില്‍
കടക്കുന്ന ആദ്യ ടീമായി
കൊൽക്കത്ത: ഐപിഎൽ 2024 സീസണിൽ പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. മുംബൈ ഇന്ത്യന്‍സിനെ 18 റണ്‍സിന് തോല്‍പിച്ചാണ് കെകെആർ പ്ലേ ഓഫിലേക്ക് മാർച്ച് ചെയ്തത്. മഴ കാരണം വെട്ടിച്ചുരുക്കിയ മത്സരത്തിൽ കൊല്‍ക്കത്തയുടെ 157 റണ്‍സ് പിന്തുടർന്ന മുംബൈക്ക് നിശ്ചിത 16 ഓവറില്‍ 139-8 എന്ന സ്കോറിലെത്താനെ സാധിച്ചുള്ളൂ.
അനായാസമാണ് ബാറ്റിം​ഗ് തുടങ്ങിയത് എങ്കിലും പിന്നീട് മുംബൈക്ക് കാര്യങ്ങൾ കടുപ്പമായി. ഇഷാൻ കിഷൻ- രോഹിത് ശർമ്മ ഓപ്പണിം​ഗ് സഖ്യം 6.5 ഓവറിൽ 65 റൺസ് ചേ‍ർത്തു. 22 പന്തിൽ 40 റൺസെടുത്ത കിഷനെ സുനിൽ നരെയ്നും 24 പന്തിൽ 19 എടുത്ത രോഹിത് ശർമ്മയെ വരുൺ ചക്രവർത്തിയും പുറത്താക്കി. 14 പന്തിൽ 11 മാത്രം നേടിയ സൂര്യകുമാർ യാദവിനെ ആന്ദ്രേ റസലും മടക്കിയതോടെ മുംബൈ 10.5 ഓവറിൽ 87-3. ഹാർദിക് പാണ്ഡ്യയും തിലക് വർമ്മയും ക്രീസിൽ നിൽക്കേ 30 പന്തിൽ 70 റൺസ് വേണം ജയിക്കാനെന്നായി. 12-ാം ഓവറിൽ പാണ്ഡ്യയെ (4 പന്തിൽ 2) വരുൺ മടക്കി. തൊട്ടടുത്ത ഓവറിൽ ടിം ഡേവിഡിനെ അക്കൗണ്ട് തുറക്കും മുമ്പും റസൽ മടക്കി. നെഹാൽ വധേരയെ (3 പന്തിൽ 3) സ്റ്റാ‍ർക്ക് റണ്ണൗട്ടാക്കിയതോടെ മുംബൈ നടുങ്ങി.

ഇതിന് ശേഷം തിലകും നമാനും ചേർന്ന് ശ്രമിച്ചെങ്കിലും ഇരുവരെയും 16-ാം ഓവറില്‍ ഹർഷിത് റാണ പുറത്താക്കിയതോടെ കെകെആർ ജയമുറപ്പിച്ചു. ഹർഷിത് എറിഞ്ഞ അവസാന ഓവറില്‍ 22 റണ്‍സാണ് ജയിക്കാന്‍ മുംബൈക്ക് വേണ്ടിയിരുന്നത്. നമാന്‍ ധിർ 6 പന്തില്‍ 17 ഉം, തിലക് വർമ്മ 17 പന്തില്‍ 32 ഉം റണ്‍സുമായി മടങ്ങി. മുംബൈയുടെ പോരാട്ടം അവസാനിക്കുമ്പോള്‍ അന്‍ഷുല്‍ കാംബോജും (2*), പീയുഷ് ചൗളയും (1*) പുറത്താകാതെ നിന്നു.
നേരത്തെ, മഴ കാരണം വൈകിയാരംഭിച്ച് 16 ഓവറായി ചുരുക്കിയ മത്സരത്തില്‍ കെകെആര്‍ 7 വിക്കറ്റ് നഷ്ടപ്പെടുത്തി 157 റണ്‍സെടുത്തു. 21 പന്തില്‍ 42 റണ്‍സെടുത്ത വെങ്കടേഷ് അയ്യരാണ് ടോപ് സ്കോറര്‍. മുംബൈക്കായി ജസ്പ്രീത് ബുമ്രയും പീയുഷ് ചൗളയും രണ്ട് വീതവും നുവാന്‍ തുഷാരയും അന്‍ഷുല്‍ കംബോജും ഓരോ വിക്കറ്റും വീഴ്‌ത്തി.
ഈഡനിലെ സ്വന്തം കാണികള്‍ക്ക് മുന്നില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് തുടക്കം നിരാശയായി. ഇന്നിംഗ്‌സിലെ ആദ്യ പന്തില്‍ സിക്‌സര്‍ അടിച്ച് തുടങ്ങിയ ഫിലിപ് സാള്‍ട്ടിനെ അഞ്ചാം പന്തില്‍ നുവാന്‍ തുഷാര, അന്‍ഷുല്‍ കംബോജിന്‍റെ കൈകളിലെത്തിച്ചു. 5 പന്തില്‍ 6 റണ്‍സാണ് സാള്‍ട്ട് നേടിയത്. തൊട്ടടുത്ത ഓവറിലെ ആദ്യ പന്തില്‍ ജസ്പ്രീത് ബുമ്രയുടെ യോര്‍ക്കര്‍ സുനില്‍ നരെയ്‌നെ ഗോള്‍ഡന്‍ ഡക്കാക്കി. ബുമ്രയെ ലീവ് ചെയ്യാന്‍ ശ്രമിച്ച നരെയ്‌ന്‍റെ സ്റ്റംപ് തെറിക്കുകയായിരുന്നു. ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെ (10 പന്തില്‍ 7) അഞ്ചാം ഓവറിലെ ആദ്യ പന്തില്‍ കംബോജ് ബൗള്‍ഡാക്കിയപ്പോള്‍ പവര്‍പ്ലേയില്‍ കെകെആര്‍ സ്കോര്‍ 45-3. ഓഫ് സ്റ്റംപിലേക്ക് നീങ്ങിക്കളിച്ച ശ്രേയസിന്‍റെ ഇടതുവശത്ത് കൂടെ പന്ത് വിക്കറ്റിലേക്ക് പാഞ്ഞുകയറുകയായിരുന്നു.

ഒരറ്റത്ത് ഇതിനിടെ റണ്‍സ് കണ്ടെത്തിക്കൊണ്ടിരുന്ന വെങ്കടേഷ് അയ്യര്‍ കെകെആറിന് പ്രതീക്ഷയായെങ്കിലും ടീം സ്കോര്‍ 77ല്‍ നില്‍ക്കേ ഒന്‍പതാം ഓവറിലെ ആദ്യ പന്തില്‍ പീയുഷ് ചൗള മടക്കി. നിതീഷ് റാണയും ആന്ദ്രേ റസലും ക്രീസില്‍ നില്‍ക്കേ 10 ഓവറില്‍ 97-4 എന്ന സ്കോറാണ് കൊല്‍ക്കത്തയ്ക്കുണ്ടായിരുന്നത്. അടുത്ത ബുമ്രയുടെ വരവിൽ 12-ാം ഓവറിലെ അവസാന പന്തില്‍ നിതിഷ് റാണയെ (23 പന്തില്‍ 33) തിലക് വര്‍മ്മ റണ്ണൗട്ടാക്കി. 13-ാം ഓവറിലെ അവസാന പന്തില്‍ റസലിനെ (14 പന്തില്‍ 24) കംബോജിന്‍റെ കൈകളില്‍ എത്തിച്ച് ചൗള അടുത്ത ബ്രേക്ക്ത്രൂ നേടി. ഇന്നിംഗ്‌സിലെ അവസാന ഓവറില്‍ റിങ്കുവിനെ (12 പന്തില്‍ 20) ബുമ്ര വിക്കറ്റിന് പിന്നില്‍ ഇഷാന്‍ കിഷന്‍റെ കൈകളിലാക്കി. 8 പന്തില്‍ 17* റണ്‍സുമായി രമണ്‍ദീപ് സിംഗും രണ്ട് പന്തിൽ 3* റൺസുമായി മിച്ചൽ സ്റ്റാ‍ർക്കും പുറത്താവാതെ നിന്നു.

Post a Comment

Previous Post Next Post