പ്രളയക്കെടുതിയില്‍ പെട്ട വ്യവസായികൾക്കും വ്യക്തികള്‍ക്കും സഹായം നൽകുമെന്ന് യുഎഇ ബാങ്കുകൾ

(www.kl14onlinenews.com)
(16-May-2024)

പ്രളയക്കെടുതിയില്‍ പെട്ട വ്യവസായികൾക്കും വ്യക്തികള്‍ക്കും സഹായം നൽകുമെന്ന് യുഎഇ ബാങ്കുകൾ
ദുബായ് :
കഴിഞ്ഞ മാസം യുഎഇയിൽ കനത്ത മഴയെ തുടർന്നുണ്ടായ പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന വ്യവസായികൾക്കും വ്യക്തികൾക്കും സാമ്പത്തിക സഹായം നൽകാൻ തയ്യാറാണെന്ന് യുഎഇ ബാങ്കുകൾ. ഈ സാഹചര്യത്തിൽ ബുദ്ധിമുട്ടുന്നവർക്ക് ബാങ്കുകള്‍ സാമ്പത്തിക സഹായവും ദുരിതാശ്വാസ നടപടികളും നല്‍കുമെന്ന് യുഎഇ ബാങ്ക് ഫെഡറേഷന്‍ ചെയര്‍മാന്‍ അബ്ദുൾ അസീസ് അൽ ഗുറൈർ അറിയിച്ചു.

ഇതിനായി ആളുകൾ നാശനഷ്ടങ്ങൾ സംഭവിച്ചതിന്റെ തെളിവുകൾ സമർപ്പിക്കേണ്ടതുണ്ട്. കൂടാതെ വ്യക്തിഗത, വാഹന വായ്പകളുടെ തവണകള്‍ തിരിച്ചടയ്ക്കുന്നത് ആറ് മാസ കാലയളവിലേക്ക് മാറ്റിവയ്ക്കാന്‍ അനുവദിക്കണമെന്ന് എല്ലാ ബാങ്കുകള്‍കളോടും ഇന്‍ഷുറന്‍സ് കമ്പനികളോടും യുഎഇ സെൻട്രൽ ബാങ്ക് അഭ്യർത്ഥിക്കുകയും ചെയ്തു. ഇത് സംബന്ധിച്ച് യുഎഇ സെൻട്രൽ ബാങ്ക് ഇവർക്ക് ഏപ്രിൽ 22ന് നോട്ടീസും നൽകിയിട്ടുണ്ട്.

ഈ ദുരിതത്തിൽ ബുദ്ധിമുട്ടുന്നവരും തടസ്സം നേരിട്ടവരുമായ ബിസിനസുകാരോട് വായ്പകൾ തിരിച്ചടക്കാൻ ആവശ്യപ്പെടുന്നതിൽ അർത്ഥമില്ല. ഞങ്ങൾക്ക് ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്ന് തെളിയിക്കുന്ന രേഖകൾ കൃത്യമായി സമർപ്പിക്കണം. കാരണം ഈ സാഹചര്യം മറ്റാരും മുതലെടുക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല” അൽ ഗുറൈർ പറഞ്ഞു.

ഈ സാഹചര്യത്തിൽ വ്യക്തികൾക്കും ബിസിനസുകാർക്കും തിരിച്ചു വരാൻ സാധിക്കുന്ന തരത്തിൽ ഒരു രക്ഷാമാർഗമായാണ് യുഎഇ ബാങ്കുകൾ ഈ നിലപാട് സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ മാസമുണ്ടായ കനത്ത മഴയെ തുടർന്ന് യുഎഇയിലെ പല ഭാഗങ്ങളിലും രൂക്ഷമായ വെള്ളപ്പൊക്കമാണ് ഉണ്ടായത്. കഴിഞ്ഞ 75 വര്‍ഷത്തിനിടെ രാജ്യത്ത് പെയ്ത ഏറ്റവും വലിയ മഴയാണിതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നു.

താരതമ്യേന വരണ്ട കാലാവസ്ഥ അനുഭവപ്പെടുന്ന യുഎഇയില്‍ സാധാരണ ശക്തമായ മഴ ലഭിക്കാറില്ല. മഴ കുറവായതിനാല്‍ റോഡുകളിലും മറ്റ് ഇടങ്ങളിലും ആവശ്യത്തിന് ഡ്രെയ്‌നേജ് സംവിധാനങ്ങള്‍ ഒരുക്കിയിട്ടില്ലായിരുന്നു. ഇതാണ് വെള്ളപ്പൊക്കത്തിന് ഇടയാക്കിയത്. വെള്ളം കയറിയതിനെത്തുടര്‍ന്ന് ദുബായ് വിമാനത്താവളത്തില്‍ നിന്നുള്ള യാത്രകൾ തടസ്സപ്പെടുകയും ഒട്ടേറെ വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തിരുന്നു.

Post a Comment

Previous Post Next Post