(www.kl14onlinenews.com)
(30-May-2024)
കേരള തീരം തൊട്ട് തെക്ക് പടിഞ്ഞാറൻ കാലവർഷം; രാജ്യത്ത് നാലുമാസം നീണ്ടുനിൽക്കുന്ന മൺസൂൺ സീസണിന് തുടക്കം
തിരുവനന്തപുരം: പ്രവചിച്ചതിലും രണ്ട് ദിവസം നേരത്തെ തെക്ക് പടിഞ്ഞാറൻ കാലവർഷം കേരളത്തിലെത്തിയതോടെ കൊടും ചൂടിൽ ചുട്ടുപൊള്ളുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളടക്കം ആശ്വാസത്തിലാണ്. തെക്ക് പടിഞ്ഞാറൻ മൺസൂൺ കേരളാ തീരം തൊട്ടതോടെ രാജ്യത്ത് നാല് മാസം നീണ്ടു നിൽക്കുന്ന മൺസൂൺ കാലത്തിനാണ് തുടക്കമായിരിക്കുന്നത്.
കേരളത്തിൽ പതിവിലും നേരത്തെയാണ് ഇത്തവണ കാലവർഷമെത്തിയിരിക്കുന്നത്. ഇതോടെ ജൂൺ 2 മുതൽ 5 വരെ മൺസൂൺ എത്തുമെന്ന് കണക്കാക്കിയിരിക്കുന്ന വടക്കുകിഴക്കൻ ഇന്ത്യയിലും കാലവർഷം നേരത്തേയെത്താനാണ് സാധ്യത. കനത്ത ചൂടിൽ ചുട്ടുപൊള്ളുന്ന ഡൽഹിയടക്കമുള്ള പ്രദേശങ്ങളിലേക്ക് ജൂണിൽ തന്നെ കാലവർഷമെത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്. ത്രിപുര, മിസോറാം, നാഗാലാൻഡ് അടക്കമുള്ള സംസ്ഥാനങ്ങളിൽ ജൂൺ ആദ്യ വാരം തന്നെ മഴ ലഭിക്കാനുള്ള സാധ്യതയുമാണ് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്.
ഇന്ത്യയുടെ ചില ഭാഗങ്ങളിൽ മൺസൂൺ ഒരേസമയം നേരത്തെ തന്നെ ആരംഭിച്ചിട്ടുണ്ട്. കാലവർഷത്തിന്റെ പ്രഭവ കേന്ദ്രങ്ങളായ അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ഈ വർഷം കൃത്യസമയത്ത് തന്നെ കാലവർഷത്തിന്റെ മുന്നേറ്റം സാധ്യമായതാണ്
കേരളത്തിലും കിഴക്കേ ഇന്ത്യയിലും ഒരേ സമയത്ത് മഴ എത്തുന്നത്.
കേരളത്തിൽ കഴിഞ്ഞ രണ്ടാഴ്ചയായി കനത്ത മഴയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മഴയ്‌ക്ക് പുറമേ, ഔട്ട്‌ഗോയിംഗ് ലോംഗ്‌വേവ് റേഡിയേഷനും തെക്കുപടിഞ്ഞാറൻ മൺസൂൺ കാറ്റിന്റെ ആഴവും തീവ്രതയും കേരളത്തിന് മഴ കനക്കാനുള്ള ഘടകങ്ങളാണ്. ഈ ആഴ്‌ചയുടെ തുടക്കത്തിൽ, കിഴക്കേ ഇന്ത്യയിൽ വീശിയടിച്ച റെമാൽ ചുഴലിക്കാറ്റിന്റെ സാന്നിധ്യം അവിടെയും കനത്ത മഴയ്ക്കും മണ്ണിടിച്ചിലിനും കാരണമായിരുന്നു. പ്രകൃതിക്ഷേഭത്തിൽ നിരവധി മരണവും പ്രദേശങ്ങളിൽ നിന്നും റിപ്പോർട്ട ചെയ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കിഴക്കേ ഇന്ത്യയിലേക്കും കാലവർഷമെത്തുന്നത്.
രാജ്യത്ത് ലഭിക്കുന്ന മഴയുടെ 70 ശതമാനത്തിലധികവും കൊണ്ടുവരുന്നത് തെക്കുപടിഞ്ഞാറൻ മൺസൂണാണ്. ജൂൺ മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ രാജ്യത്തെ മഴയെ ആശ്രയിച്ചുള്ള കാർഷിക മേഖലയ്ക്കും പ്രധാനമായും സഹായകരമാവുന്നത് തെക്ക് പടിഞ്ഞാറൻ മൺസൂണാണ്. കൂടാതെ റിസർവോയറുകളുടെയും അണക്കെട്ടുകളുടെയും ജലസമ്പത്തിനും കാലവർഷം പ്രധാന ഘടകമാണ്.
2024-ലെ മൺസൂൺ സീസണിൽ, കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത് സാധാരണ ലഭിക്കുന്നതിലും ഉയർന്ന തോതിലുള്ള മഴയാണ്. അളവനുസരിച്ച്, ഇത് ദീർഘകാല ശരാശരിയുടെ (LPA) 106 ശതമാനമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കേരളം, കർണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, ജാർഖണ്ഡ്, ഛത്തീസ്ഗഡ്, പശ്ചിമ ബംഗാൾ, സിക്കിം, അസം, ബിഹാർ, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഡൽഹി, ഹരിയാന എന്നിവയുടെ വടക്കൻ പ്രദേശങ്ങളിൽ സാധാരണയോ അതിലധികമോ മഴയാണ് പ്രവചിക്കപ്പെടുന്നത്.
ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, നാഗാലാൻഡ്, മണിപ്പൂർ, മിസോറാം, മേഘാലയ, അരുണാചൽ പ്രദേശ്, ത്രിപുര, ഒഡീഷ, പശ്ചിമ ബംഗാളിന്റെ തെക്കൻ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ സാധാരണയിൽ താഴെയുള്ള മഴയ്ക്ക് സാധ്യതയുണ്ട്. കിഴക്കൻ ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ തുടർച്ചയായ ഏഴാം സീസണിലും മഴ ലഭ്യതയിൽ കുറവ് അനുഭവപ്പെടുമെന്ന് ഐഎംഡി മഴയുടെ കണക്കുകൾ വ്യക്തമാക്കുന്നു.
അടുത്ത അഞ്ച് ദിവസങ്ങളിൽ കേരളം, ലക്ഷദ്വീപ്, മാഹി, ആൻഡമാൻ, അരുണാചൽ പ്രദേശ്, അസം, മേഘാലയ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ കനത്ത മഴയാകും ലഭിക്കുക എന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
إرسال تعليق