(www.kl14onlinenews.com)
(07-May-2024)
ലോക്സഭ തെരഞ്ഞെടുപ്പിൻ്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് ചൊവ്വാഴ്ച രാവിലെ 7 മണിക്ക് ആരംഭിച്ചു. തിരഞ്ഞെടുപ്പ് തുടങ്ങി ആദ്യ മണിക്കൂറിൽ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദിൽ വോട്ടുരേഖപ്പെടുത്തി. ഗാന്ധിനഗർ ലോക്‌സഭാ മണ്ഡലത്തിലെ നിഷാൻ ഹയർ സെക്കൻഡറി സ്‌കൂളിലാണ് പ്രധാനമന്ത്രി വോട്ടു രേഖപ്പെടുത്തിയത്. എല്ലാ പൗരന്മാരും സമ്മതിദാനം രേഖപ്പെടുത്തണമെന്ന് വോട്ടുചെയ്തു പുറത്തിറങ്ങിയ പ്രധാനമന്ത്രി അഭ്യർത്ഥിച്ചു.
"ഇന്ന് മൂന്നാം ഘട്ട വോട്ടെടുപ്പാണ്. രാജ്യത്തെ എല്ലാ പൗരന്മാരും സമ്മതിദാനം രേഖപ്പെടുത്തണം. 4 റൗണ്ട് വോട്ടിംഗ് ഇനിയും മുന്നിലുണ്ട്. ഗുജറാത്തിലെ ഒരു വോട്ടർ എന്ന നിലയിൽ, ഇത് ഞാൻ സ്ഥിരമായി വോട്ടു ചെയ്യുന്ന സ്ഥലമാണ്. അമിത് ഷാ ഇവിടെ നിന്നാണ് ഭാരതീയ ജനതാ പാർട്ടി സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്," പ്രധാനമന്ത്രി പറഞ്ഞു.
കർണാടക മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയും മക്കളും സംസ്ഥാന ബിജെപി അധ്യക്ഷൻ ബി.വൈ. വിജയേന്ദ്രയും സിറ്റിംഗ് എംപിയും ഷിമോഗയിലെ സ്ഥാനാർത്ഥിയുമായ ബി.വൈ. രാഘവേന്ദ്രയും ഷിമോഗയിൽ എത്തി വോട്ടു രേഖപ്പെടുത്തി. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറും ഭാര്യയും ബാരാമതിയും മണ്ഡലത്തിലെ എൻസിപി സ്ഥാനാർത്ഥിയുമായ സുനേത്ര പവാറും വോട്ടു രേഖപ്പെടുത്തി.
11 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 93 മണ്ഡലങ്ങളിലാണ് ചൊവ്വാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. ഇതിൽ 26 മണ്ഡലങ്ങളുള്ള ഗുജറാത്തിൽ സൂറത്ത് മണ്ഡലത്തിൽ ബിജെപി എതിരില്ലാതെ വിജയിച്ചു കഴിഞ്ഞു.
93 മണ്ഡലങ്ങളിലായി 11 കോടിയിലധികം ജനങ്ങൾ വോട്ടവകാശം രേഖപ്പെടുത്തുമെന്നാണ് പ്രതീക്ഷ. മൂന്നാം ഘട്ടം അവസാനിക്കുമ്പോൾ, 543 മണ്ഡലങ്ങളിൽ, 280-ലധികം മണ്ഡലങ്ങളുടെയും വിധി മുദ്രകുത്തും. തിരഞ്ഞെടുപ്പ് ഫലം ജൂൺ നാലിന് പ്രഖ്യാപിക്കും.
Post a Comment