നവകേരള ബസിന്റെ ഗരുഡ പതിപ്പ് ലാഭകരമെന്ന് കെ.എസ്.ആർ .ടി.സി

(www.kl14onlinenews.com)
(18-May-2024)

നവകേരള ബസിന്റെ ഗരുഡ പതിപ്പ് ലാഭകരമെന്ന് കെ.എസ്.ആർ .ടി.സി

കോഴിക്കോട്: നവകേരള ബസ്സിന്റെ പതിപ്പായ ഗരുഡ പ്രീമിയം സര്‍വീസ് വിജയവും ലാഭകരവുമാണെന്ന് കെഎസ്ആര്‍ടിസി. മേയ് അഞ്ചിനാണ് കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് ഗരുഡ പ്രീമിയം സര്‍വീസ് ആരംഭിച്ചത്. ബസില്‍ ഇപ്പോള്‍ വേണ്ടത്ര യാത്രക്കാരില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സമയക്രമം ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്നും വിമര്‍ശനമുണ്ടായിരുന്നു. എന്നാല്‍ ഈ അപവാദങ്ങളെല്ലാം അസത്യമാണെന്നും സര്‍വീസ് ലാഭകരമാണെന്നുമാണ് ഇപ്പോള്‍ കെഎസ്ആര്‍ടിസിയുടെ വാദം. പത്തു ദിവസത്തില്‍ കിലോ മീറ്ററിന് 63.27 രൂപ കളക്ഷന്‍ നേടി. പൊതുവേ യാത്രക്കാര്‍ കുറവായ ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ പ്രതിദിനം കിലോ മീറ്ററിന് 60.77 രൂപ മുതല്‍ 85.26 രൂപ വരെ കളക്ഷന്‍ നേടി.

ബെംഗളൂരുവിലേക്കുള്ള ആദ്യ യാത്രയില്‍ തന്നെ ഗരുഡ പ്രീമിയം ബസിന്റെ വാതില്‍ കേടായാത് ഏറെ പരിഹാസം ഏറ്റുവാങ്ങിയിരുന്നു. വാതിലിന് തകരാര്‍ സംഭവിച്ചതിനെതുടര്‍ന്ന് താല്‍ക്കാലികമായി കെട്ടിവെച്ചാണ് യാത്ര തുടര്‍ന്നത്. യാത്ര തുടങ്ങി അല്‍പസമയത്തിനകം ഹൈഡ്രോളിക് വാതില്‍ ഇടക്കിടെ തനിയെ തുറന്നുവരുകയും അടയുകയുമായിരുന്നു. തുടര്‍ന്നാണ് വാതില്‍ താല്‍ക്കാലികമായി കെട്ടിവെച്ച് യാത്ര തുടങ്ങിയത്. തുടര്‍ന്ന് സുല്‍ത്താന്‍ ബത്തേരി ഡിപ്പോയില്‍ നിന്ന് പ്രശ്നം പരിഹരിച്ചശേഷം ബസ് ബെംഗളൂരുവിലേക്ക് യാത്ര തുടര്‍ന്നത്.

ഇതിനകം 450ല്‍ കുടുതല്‍ യാത്രക്കാര്‍ ഗരുഡ പ്രീമിയം സര്‍വീസില്‍ യാത്ര ചെയ്തു. ഇപ്പോള്‍ പ്രതിദിനം 46,000 രൂപയ്ക്കു മുകളില്‍ വരുമാനം ബസ്സില്‍ നിന്നും ലഭിക്കുന്നുണ്ടെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. നവകേരള യാത്രയില്‍ മുഖ്യമന്ത്രിമാരും മന്ത്രിമാരും യാത്ര ചെയ്ത ആഡംബര ബസ് പിന്നീട് കെഎസ്ആര്‍ടിസിക്ക് കൈമാറുകയായിരുന്നു. കെഎസ്ആര്‍ടിസി ഈ ബസ്സുപയോഗിച്ച് ബെംഗളൂരുവിലേക്ക് ഗരുഡ പ്രീമിയം സര്‍വീസ് ആരംഭിക്കുകയായിരുന്നു.

Post a Comment

Previous Post Next Post