ഭർത്താവ് മർദ്ദിച്ചത് 'സ്ത്രീധനം ആവശ്യപ്പെട്ട്, നേരിട്ടത് ക്രൂരമർദ്ദനം'; നവവധുവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

(www.kl14onlinenews.com)
(14-May-2024)

ഭർത്താവ് മർദ്ദിച്ചത് 'സ്ത്രീധനം ആവശ്യപ്പെട്ട്, നേരിട്ടത് ക്രൂരമർദ്ദനം'; നവവധുവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
കൊച്ചി: കോഴിക്കോട് പന്തീരാങ്കാവിലെ ഭർതൃവീട്ടിൽ നേരിട്ടത് ക്രൂരമായ മർദ്ദനമെന്ന് വെളിപ്പെടുത്തി നവവധു. തന്നെ ഭർത്താവ് മർദ്ദിച്ചത് സ്ത്രീധനം ആവശ്യപ്പെട്ടാണെന്നും തലയിലും നെറ്റിയിലും മർദ്ദിച്ചെന്നും യുവതി പറഞ്ഞു.

"തന്നെ ഭർത്താവ് കൊലപ്പെടുത്താൻ ശ്രമിച്ചിട്ടും ആരും വഴക്കിൽ ഇടപെട്ടില്ല. ശുചിമുറിയിൽ വീണതാണെന്ന് പറയാനാണ് ഭർതൃവീട്ടുകാർ ആവശ്യപ്പെട്ടത്. ചാർജറിന്റെ കേബിൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചു. ഭർത്താവ് ലഹരി ഉപയോഗിച്ചിരുന്നതായി സംശയിക്കുന്നു," യുവതി പറഞ്ഞു.

എല്ലാ കാര്യങ്ങളും പൊലീസിനെ അറിയിച്ചിട്ടും മൊഴി പൂർണമായി രേഖപ്പെടുത്തിയില്ലെന്ന് യുവതി ആരോപിച്ചു. പറഞ്ഞ പല കാര്യങ്ങളും റിപ്പോർട്ടിൽ ഇല്ലെന്നും യുവതി കൂട്ടിച്ചേർത്തു. ഇതിനിടെ പൊലീസിനെതിരെ യുവതിയുടെ കുടുംബം രംഗത്തുവന്നു. വീഴ്ചകൾ ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.

ക്രൂരമർദ്ദനത്തിന്റെ തെളിവുകൾ സഹിതം ഹാജരാക്കിയിട്ടും വകുപ്പുകൾ ചേർക്കുന്നതിൽ ഉൾപ്പെടെ പൊലീസ് വിട്ടുവീഴ്ച ചെയ്തതായാണ് ആരോപണം. കഴുത്തിൽ കേബിൾ കുരുക്കി കൊലപ്പെടുത്താൻ ശ്രമിച്ചെന്നും ക്രൂരമർദ്ദനത്തിന് ഇരയായെന്നും യുവതി പൊലീസിന് മൊഴി നൽകിയിരുന്നു.

എന്നിട്ടും പൊലീസ് വേണ്ട നടപടികൾ സ്വീകരിച്ചില്ലെന്നാണ് പരാതി. സംഭവ ദിവസം പരാതി അറിയിക്കാൻ സ്റ്റേഷനിൽ എത്തിയപ്പോഴും മോശം പെരുമാറ്റം നേരിടേണ്ടി വന്നതായും യുവതിയുടെ പിതാവ് പറഞ്ഞിരുന്നു.

പ്രതിയായ ഭർത്താവിനെ ഇതുവരെ പിടികൂടാത്തതിലും യുവതിയുടെ കുടുംബത്തിന് അമർഷമുണ്ട്. വിഷയങ്ങൾ ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രിക്ക് ഇന്ന് പരാതി നൽകി. അന്വേഷണം കാര്യക്ഷമമാക്കണം എന്നും പരാതിയിൽ ആവശ്യപ്പെടുന്നു. ഗാർഹിക പീഡന പരാതി ആയതിനാൽ എസ്പിയുടെ നിർദ്ദേശമില്ലാതെ അറസ്റ്റ് ചെയ്യാനാവില്ലെന്നാണ് പൊലീസ് നിലപാട്

Post a Comment

Previous Post Next Post