(www.kl14onlinenews.com)
(03-May-2024)
കൊച്ചി: പനമ്പള്ളിനഗറിൽ കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മ അറസ്റ്റിൽ. യുവതിയുടെ ആൺ സുഹൃത്തിനെ പൊലീസ് കണ്ടെത്തി. ഇന്ന് പുലർച്ചെ പ്രസവിച്ച് ഇവർ കുഞ്ഞിനെ രാവിലെ എട്ട് മണിയോടെ ഫ്ലാറ്റിൽ നിന്ന് പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു. കൃത്യം നടത്തിയത് യുവതി ഒറ്റയ്ക്കാണ്. മാതാപിതാക്കൾക്ക് യുവതി ഗർഭിണിയാണെന്ന് അറിയില്ലായിരുന്നു. യുവതി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നുമാണ് പൊലീസ് സംശയിക്കുന്നത്. ഇതിനിടെ യുവതി എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. കുഞ്ഞിന്റെ പോസ്റ്റ്മോർട്ടം നടപടികൾ പുരോഗമിക്കുകയാണ്.
ആണ്‍സുഹൃത്ത് തൃശൂര്‍ സ്വദേശി? ഇന്‍സ്റ്റഗ്രാം പരിചയമെന്ന് സൂചന
പനമ്പിള്ളി നഗറിലെ നവജാത ശിശുവിന്റെ കൊലപാതകത്തില്‍ പ്രതിയായ യുവതിയുടെ ആണ്‍സുഹൃത്ത് തൃശൂര്‍ സ്വദേശിയെന്ന് സൂചന. ബംഗ്‌ളൂരുവില്‍ പഠിക്കുന്ന സമയത്ത് ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇരുവരും പരിചയപ്പെട്ടതെന്നാണ് വിവരം. പീഡനത്തിനിരയായെന്ന് 23 കാരിയായ യുവതി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. മാതാപിതാക്കള്‍ക്ക് ഇക്കാര്യം അറിയില്ലായിരുന്നുവെന്നും മൊഴിയില്‍ പറയുന്നു.
കുഞ്ഞിനെ യുവതി തന്നെയാണ് ഫ്‌ളാറ്റില്‍ നിന്നും വലിച്ചെറിഞ്ഞത്. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് പ്രസവം നടന്നത്. ശുചിമുറിയില്‍ വച്ചായിരുന്നു പ്രസവം. തനിച്ചാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നും അതിജീവിത മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു. കസ്റ്റഡിയിലെടുത്ത യുവതിയുടെ ആരോഗ്യാവസ്ഥ കണക്കിലെടുത്ത് ആശുപത്രിയിലേക്ക് വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയിരിക്കുകയാണ്.
രാവിലെ എട്ട് മണി കഴിഞ്ഞതോടെയാണ് റോഡില്‍ മൃതദേഹം കണ്ടത്. ഫ്‌ലാറ്റില്‍ നിന്ന് തുണിക്കെട്ട് വലിച്ചെറിയുന്നത് സമീപത്തെ സിസിടിവി ദൃശ്യങ്ങളിലുമുണ്ടായിരുന്നു. പിന്നാലെ പൊലീസ് ഫ്‌ലാറ്റ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ദുരൂഹതയുടെ ചുരുളഴിഞ്ഞത്. കുഞ്ഞിനെ പൊതിയാനുപയോഗിച്ച കൊറിയര്‍ കവറിലെ വിലാസമാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്.
إرسال تعليق