(www.kl14onlinenews.com)
(03-May-2024)
അമ്മ ഏല്‍പിച്ച ദൗത്യം; റായ്ബറേലിയില്‍ സ്ഥാനാര്‍ഥിയായതിന്റെ കാരണം വെളിപ്പെടുത്തി രാഹുല്‍ ഗാന്ധി
റായ്ബറേലിയില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതിന് പിന്നാലെ വൈകാരിക പ്രതികരണവുമായി രാഹുല്‍ ഗാന്ധി. അമ്മ ഏല്‍പിച്ച ദൗത്യമാണെന്നാണ് രാഹുല്‍ പ്രതികരിച്ചത്. പരമ്പരാഗത മണ്ഡലത്തെ സേവിക്കണമെന്ന് അമ്മ ആവശ്യപ്പെട്ടു. അതുകൊണ്ടാണ് റായ്ബറേലിയില്‍ മത്സരിക്കാന്‍ തീരുമാനിച്ചതെന്നും രാഹുല്‍ പറഞ്ഞു. അമേഠിയും, റായ്ബറേലിയും തന്റെ കുടുംബമാണെന്നും എല്ലാവരുടെയും അനുഗ്രഹം വേണമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
രാഹുല്‍ ഗാന്ധി അമേഠിയില്‍ നിന്ന് റായ്ബറേലിയിലേക്ക് മാറിയതില്‍ വിമര്‍ശനവുമായി പ്രധാനമന്ത്രിയടക്കം രംഗത്തെത്തിയിരുന്നു. രാഹുല്‍ ഭയന്നോടിയതാണെന്നാണ് നരേന്ദ്ര മോദി പറഞ്ഞത്. അമേഠിയില്‍ മത്സരിക്കാന്‍ രാഹുലിന് ഭയമാണ്, ഭയപ്പെടരുതെന്ന് ജനങ്ങളോട് പറയുന്ന രാഹുല്‍ തന്നെ ഭയന്നോടിയിരിക്കുകയാണെന്നും നരേന്ദ്ര മോദി പരിഹസിച്ചിരിന്നു. ഭയന്നോടരുത് എന്നാണ് തനിക്ക് രാഹുല്‍ ഗാന്ധിയോട് പറയാനുള്ളതെന്നും രാഹുല്‍ രണ്ടാം മണ്ഡലം തേടിപ്പോകുമെന്ന് താന്‍ നേരത്തെ പ്രവചിച്ചതാണെന്നും മോദി കൂട്ടിച്ചേര്‍ത്തിരുന്നു. ഇതിന് പിന്നാലെയാണ് രാഹുല്‍ വൈകാരികമായി പ്രതികരിച്ച് രംഗത്തെത്തിയത്.
അതേസമയം അഭ്യൂഹങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കുമൊടുവില്‍ ഇന്നാണ് രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. ഉച്ചയോടെയാണ് സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ തുടങ്ങിയവര്‍ക്കൊപ്പം റായ്ബറേലിയിലെത്തിയാണ് രാഹുല്‍ വരണാധികാരിക്ക് മുമ്പാകെ നാമനിര്‍ദേശ പത്രിക നല്‍കിയത്. റായ്ബറേലിയിലെത്തിയ രാഹുലിന് വലിയ സ്വീകരണമാണ് പ്രവര്‍ത്തകര്‍ നല്‍കിയത്. വയനാട് ലോക്‌സഭ മണ്ഡലത്തിന് പുറമെയാണ് രണ്ടാം സീറ്റായി റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നത്.
Post a Comment