പരിഷ്കരിച്ച ഡ്രൈവിംഗ് ടെസ്റ്റ് നാളെ മുതൽ;നടപടി കടുപ്പിച്ച് ഗതാഗതമന്ത്രി

(www.kl14onlinenews.com)
(09-May-2024)

പരിഷ്കരിച്ച ഡ്രൈവിംഗ് ടെസ്റ്റ് നാളെ മുതൽ;നടപടി കടുപ്പിച്ച് ഗതാഗതമന്ത്രി
തിരുവനന്തപുരം: നാളെ മുതൽ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റുമായി മുന്നോട്ട് പോകാൻ സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം. ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകർ സ്വന്തം വാഹനവുമായി നാളെ മുതൽ എത്തണമെന്ന് നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. കെഎസ്ആര്‍ടിസിയുടെ സ്ഥലങ്ങൾ നാളെ മുതൽ ഡ്രൈവിങ് ടെസ്റ്റിന് ഉപയോഗിക്കാനും തീരുമാനമുണ്ട്.

പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത കൂടി മുന്നിൽ കണ്ട് പൊലീസ് സംരക്ഷണം ഉറപ്പാക്കാൻ ആ‍ര്‍ടിഒമാര്‍ക്ക് നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തിലാണ് തീരുമാനം. പരിഷ്‌ക്കരിച്ച സര്‍ക്കുലര്‍ പ്രകാരം പരമാവധി 40 പേരെ മാത്രം പങ്കെടുപ്പിച്ച് മാത്രം ഡ്രൈവിംഗ് ടെസ്റ്റ് നടത്താനാണ് ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ നൽകിയിരിക്കുന്ന നിര്‍ദ്ദേശം.

ആദ്യം റോഡ് ടെസ്റ്റ്, പിന്നീട് ഗ്രൗണ്ട് ടെസ്റ്റ് എന്ന രീതി തുടരണമെന്നും പുതിയ ട്രാക്ക് തയാറാവുന്നത് വരെ എച്ച് ട്രാക്കിൽ ടെസ്റ്റ് നടത്തി ലൈസൻസ് അനുവദിക്കണമെന്നുമാണ് നിര്‍ദ്ദേശം. ഡ്രൈവിങ് ടെസ്റ്റ് കുറ്റമറ്റ നിലയിൽ നടത്തുന്നതിനായാണ് സർക്കാർ പരിഷ്കാരം നടപ്പാക്കുന്നതെന്നും അത് തടസ്സപ്പെടുത്താനുള്ള ശ്രമത്തിൽ നിന്ന് ബന്ധപ്പെട്ടവ‍ര്‍ പിന്മാറണമെന്നും ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ ആവശ്യപ്പെട്ടു.

"ഹൈക്കോടതി ഉത്തരവിനെ മാനിക്കാൻ എല്ലാവരും തയ്യാറാകണം. സിഐടിയു നേതൃത്വത്തിലുള്ള ഡ്രൈവിങ് സ്കൂൾ അസോസിയേഷന്റെ നേരിട്ടുള്ള ആവശ്യപ്രകാരമാണ് ഇക്കാര്യത്തിൽ ചർച്ച നടത്തുന്നതിനും സമരക്കാർ ഉന്നയിച്ച ആവശ്യങ്ങളിൽ ഇളവുകളും സാവകാശവും അനുവദിക്കാൻ സർക്കാർ സന്നദ്ധമായത്. ദിവസേനയുള്ള ടെസ്റ്റ് സ്ലോട്ടുകളുടെ എണ്ണം വർദ്ധിപ്പിച്ചത് ഇതിന്റെ ഭാഗമായാണ്. ഇക്കാര്യത്തിൽ അനുവദിക്കാവുന്ന പരമാവധി എണ്ണം വർദ്ധിപ്പിച്ചു നൽകാനാണ് സർക്കാർ തയ്യാറായതെന്ന വസ്തുത വിസ്മരിക്കരുത്," മന്ത്രി പറഞ്ഞു.

"കേന്ദ്ര മോട്ടോർ വാഹന നിയമം അനുസരിച്ചുള്ള നിർദ്ദേശങ്ങൾ മാത്രമാണ് മുന്നോട്ടുവച്ചത്. ഇപ്പോഴത്തെ പരിഷ്കാര നടപടികളുമായി മുന്നോട്ടുപോകുവാൻ ഹൈക്കോടതി അനുമതി നൽകിയതാണ്. സ്വന്തം ജീവന്റെ സുരക്ഷ പോലെ പ്രധാനമാണ് ഇതര വാഹനങ്ങളിൽ സഞ്ചരിക്കുന്നവരും, കാൽനട യാത്രക്കാരും അടക്കമുള്ളവരുടെ ജീവനും. നിരത്തിൽ വാഹനം ഓടിക്കാൻ അർഹത നേടുന്നവർ മനസ്സിലാക്കണം," മന്ത്രി പറഞ്ഞു.

"അപ്രകാരം അവബോധവും ഡ്രൈവിങ് വൈദഗ്ധ്യവും പരിശീലിപ്പിക്കപ്പെട്ടവരെ ആണ് ഡ്രൈവിങ് ടെസ്റ്റിനായി സജ്ജരാക്കുന്നതെന്ന് ഡ്രൈവിങ് സ്കൂൾ നടത്തിപ്പുകാരും ഉറപ്പുവരുത്തണം. ഇതൊന്നും പാലിക്കാതെയും നിയമത്തിൽ പറഞ്ഞിരിക്കുന്ന യാതൊരു മാനദണ്ഡങ്ങളും ഇല്ലാതെയും യഥേഷ്ടം ലൈസൻസുകൾ വിതരണം ചെയ്ത് നിരത്തുകളെ ചോരക്കളമാക്കുന്ന പ്രവണത തുടരുന്നത് അനുവദിക്കാനാവില്ല," മന്ത്രി പറഞ്ഞു

പുതിയ അപേക്ഷകർ 'എച്ച്' ടെസ്റ്റ് എടുക്കുന്നതിന് മുൻപ് ഗ്രേഡിയൻ്റ് ടെസ്റ്റിന് വിധേയരാകണം. പുതിയ ഡ്രൈവിംഗ് ലൈസൻസ് അപേക്ഷകർക്കും അല്ലെങ്കിൽ ലൈസൺസ് പുതുക്കുന്നവർക്കും ഈ നിയമം ബാധകമാകും. 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഒരു കാറും ഡ്രൈവിംഗ് ടെസ്റ്റിന് ഉപയോഗിക്കരുതെന്ന് പുതിയ നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

ഇലക്ട്രിക്, ഓട്ടോമാറ്റിക് കാറുകൾ ഉൾപ്പെടുത്തില്ല:

പുതിയ നിയമം അനുസരിച്ച്, ടെസ്റ്റ് സമയത്ത്, എഞ്ചിൻ ശേഷി 95 സിസിയോ അതിൽ കൂടുതലോ ഉള്ള വാഹനങ്ങൾ മാത്രമേ ഇരുചക്ര വാഹന വിഭാഗത്തിൽ ഉൾപ്പെടുത്തൂ. ഇതിന് പുറമെ ഇലക്ട്രിക്, ഓട്ടോമാറ്റിക് കാറുകൾ ഫോർ വീലർ ഡ്രൈവിംഗ് ടെസ്റ്റിൽ ഉൾപ്പെടുത്തില്ല. ഈ നിയമം അനുസരിച്ച് വാഹനങ്ങൾ പരിശോധിക്കുമ്പോൾ ഡാഷ്‌ബോർഡ് ക്യാമറയും വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിംഗ് ഉപകരണവും (ജിപിഎസ്) നിർബന്ധമായും സ്ഥാപിക്കും

ഡ്രൈവിംഗ് ഇൻസ്ട്രക്ടർ ഡ്രൈവിംഗ് ടെസ്റ്റ് റെക്കോർഡ് ചെയ്യണം, അതിനായി ഒരു മെമ്മറി കോർഡും കൈവശം വയ്ക്കണം. ഈ റെക്കോർഡിംഗ് MVD സിസ്റ്റത്തിലേക്ക് മാറ്റും. ഇത് മാത്രമല്ല, ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്ന അപേക്ഷകൻ മെമ്മറി കോർഡ് അടുത്ത 3 മാസത്തേക്ക് റെക്കോർഡിംഗിൻ്റെ പകർപ്പായി തൻ്റെ പക്കൽ സൂക്ഷിക്കേണ്ടതും നിർബന്ധമാണ്.

ഡ്രൈവിംഗ് സ്കൂൾ അസോസിയേഷൻ പ്രതിഷേധം

അടുത്തിടെ കേരള മോട്ടോർ ഡ്രൈവിംഗ് സ്കൂൾ ഇൻസ്ട്രക്ടേഴ്സ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ ഈ സർക്കുലറിനെ കേരള ഹൈക്കോടതിയിൽ ചോദ്യം ചെയ്തിരുന്നു. എന്നാൽ അവരുടെ ഹർജി കോടതി തള്ളി. ഇന്ത്യൻ നാഷണൽ ട്രേഡ് യൂണിയൻ കോൺഗ്രസ് (ഐഎൻടിയുസി), സെൻ്റർ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻസ് (സിഐടിയു), ഓൾ കേരള ഡ്രൈവിംഗ് സ്കൂൾ ഓണേഴ്സ് അസോസിയേഷൻ എന്നിവയുമായി അഫിലിയേറ്റ് ചെയ്ത യൂണിയനുകൾ ഉൾപ്പെടെ നിരവധി ഡ്രൈവിംഗ് സ്കൂൾ അസോസിയേഷനുകൾ സംസ്ഥാനത്തുടനീളമുള്ള ഡ്രൈവിംഗ് ടെസ്റ്റുകൾ ബഹിഷ്കരിച്ച് പണിമുടക്കിയിരിക്കുകയാണ്. ഇത്രയേറെ പ്രതിഷേധങ്ങൾ അരങ്ങേറുമ്പോഴും മന്ത്രി വിദേശത്താണെന്നതും വിമർശനങ്ങൾക്ക് കാരണമാകുകയാണ്.

Post a Comment

Previous Post Next Post