(www.kl14onlinenews.com)
(16-May-2024)
കാസർകോട്: കാറഡുക്ക അഗ്രികൾചറിസ്റ്റ് വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റിയിലെ പണയത്തട്ടിപ്പ് കേസ് കാസർകോട് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഷിബു പാപ്പച്ചന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല.
സൊസൈറ്റി സെക്രട്ടറിയും സിപിഎം മുള്ളേരിയ ലോക്കൽ കമ്മിറ്റി അംഗവുമായ കെ. രതീശനാണ് അംഗങ്ങളറിയാതെ 4.76 കോടി രൂപയുടെ സ്വർണപ്പണയ വായ്പ തട്ടിപ്പ് നടത്തിയത്. നേതാക്കളുടെ അറിവോടെയാണ് തട്ടിപ്പെന്ന ആരോപണവുമായി യു.ഡി എഫ് രംഗത്ത് വന്നിരുന്നു.
സി.പി.എം നിയന്ത്രണത്തിലുള്ള കാറഡുക്ക അഗ്രികൾചറിസ്റ്റ് വെൽഫെയർ കോഓപ്പറേറ്റീവ് സൊസൈറ്റിയിൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ വൻ തട്ടിപ്പ് നടന്ന വിവരം നേരത്തെ തന്നെ അറിഞ്ഞിരുന്നതായുള്ള സി.പി.എം സംസ്ഥാന കമ്മറ്റി അംഗം സി എച്ച് കുഞ്ഞമ്പു എം.എൽ.എയുടെ വെളിപ്പെടുത്തലോടെയാണ് പാർട്ടി കൂടുതൽ പ്രതിസന്ധിയിലായത്.
കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ കോഓപ്പറേറ്റീവ് സൊസൈറ്റിയില്‍ 4.76 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ സെക്രട്ടറി കെ രതീശന്‍ റിയല്‍ എസ്റ്റേറ്റ് നിക്ഷേപം നടത്തിയതായി റിപ്പോര്‍ട്ടുണ്ട്.വയനാട്ടില്‍ സ്ഥലവും ബംഗളൂരുവില്‍ രണ്ട് ഫ്‌ലാറ്റുകളും വാങ്ങിയെന്നാണ് വിവരം.
മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും പേരില്‍ വ്യാജ സ്വര്‍ണപ്പണയ വായ്പ എടുത്ത പ്രതി കേരള ബാങ്കില്‍ നിന്ന് സൊസൈറ്റിക്ക് ലഭിച്ച ക്യാഷ് ക്രെഡിറ്റ് 1.10 കോടി രൂപയും തട്ടിയെടുത്തു. സൊസൈറ്റിയില്‍ പണയം വച്ച 42 പേരുടെ സ്വര്‍ണവുമായാണ് ഇയാള്‍ സ്ഥലംവിട്ടത്.
ഒളിവില്‍ കഴിയുന്ന രതീശനെ പിടികൂടാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. സിപിഎം മുള്ളേരിയ ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന രതീശനെ പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് സസ്‌പെന്റ് ചെയ്തിരുന്നു.
സിപിഎം അറിയാതെ ഇത്രയും വലിയ തട്ടിപ്പ് നടക്കില്ലെന്നാണ് കോണ്‍ഗ്രസിന്റെയും ബിജെപിയെയുടെയും ആരോപണം.
إرسال تعليق