അബ്ദുൽ റഹീമിന്റെ മോചനം വൈകാതെ, മരിച്ച സൗദി ബാലന്റെ കുടുംബത്തെ കോടതി വിളിച്ചു

(www.kl14onlinenews.com)
(02-May-2024)

അബ്ദുൽ റഹീമിന്റെ മോചനം വൈകാതെ, മരിച്ച സൗദി ബാലന്റെ കുടുംബത്തെ കോടതി വിളിച്ചു
റിയാദ്: വധശിക്ഷക്ക് വിധിക്കപ്പെട്ട് റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനം വൈകാതെ സാധ്യമാകുമെന്ന് പ്രതീക്ഷ. കോടതി നടപടികൾക്ക് തുടക്കമായി. മാപ്പപേക്ഷ തേടി പ്രതിഭാഗം വക്കീൽ കോടതിയിൽ ഹർജി സമർപ്പിച്ചതിനെ തുടർന്ന് വാദിഭാഗമായ മരിച്ച സൗദി ബാലൻ അനസ് അൽ ശഹ്‌രിയുടെ കുടുംബത്തെ കോടതി വിളിച്ചു.

കുടുംബത്തിന്റെ വക്കീൽ മുബാറക് അൽ ഖഹ്താനിയാണ് ഇക്കാര്യം അറിയിച്ചതെന്ന് റഹീമിന്റെ പവർ ഓഫ് അറ്റോർണി സിദ്ധിഖ് തുവ്വൂർ പറഞ്ഞു. കുടുംബവുമായി കരാറുള്ള ദിയ ധനം സമാഹരിച്ചതായും, തുടര്‍ന്ന് കുടുംബം മാപ്പ് നൽകാൻ സമ്മതം അറിയിച്ചെന്നും വ്യക്തമാക്കി വധ ശിക്ഷ റദ്ദ് ചെയ്യാൻ, ഏപ്രിൽ 15 ന് പ്രതിഭാഗം കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു. തുടർന്നുള്ള ദിവസങ്ങളിലാണ് കോടതിയിൽ നിന്ന് അനസിന്റെ കുടുംബത്തെ വിളിച്ച് പ്രതിഭാഗത്തി ന്റെ അപേക്ഷയുടെ ആധികാരികത ഉറപ്പിച്ചത്. ഇത് ശുഭ സൂചനയായാണ് കാണുന്നതെന്ന് പ്രതിഭാഗം വക്കീലും സഹായ സമിതിയും വിലയിരുത്തി.

മോചനത്തിനുള്ള ആദ്യ പടിയായി ഗവർണറേറ്റിന്റെ സാന്നിധ്യത്തിൽ ദിയാധനം നൽകി മാപ്പ് നൽകാൻ തയ്യാറാണെന്ന് മരിച്ച സൗദി ബാലന്റെ അനന്തരാവകാശികളും കൊടുക്കാൻ തയാറാണെന്ന് പ്രതിഭാഗവും ഒപ്പിവെക്കുന്ന അനുരഞ്ജന കരാർ ഉണ്ടാക്കുകയാണ്. കരാറിൽ തുക ബാങ്ക് അക്കൗണ്ട് വഴിയാണോ സർട്ടിഫൈഡ് ചെക്കായോ എങ്ങനെ നൽകണമെന്ന് വിവരിക്കും. അതനുസരിരിച്ച് ഇന്ത്യൻ എംബസി തുക നൽകാനുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കും. ഇതിനെല്ലാം ശേഷമായിരിക്കും കോടതി നടപടി ക്രമങ്ങൾ ആരംഭിക്കുക. ഇരു വിഭാഗവും തമ്മിലുള്ള അനുരഞ്ജന കരാർ ഉൾപ്പടെയുള്ള നടപടി ക്രമങ്ങൾ ചടുലമാക്കാൻ റഹീം സഹായ സമിതി മുഖ്യ രക്ഷാധികാരി അഷ്‌റഫ് വേങ്ങാട്ടിന്റെ നേതൃത്വത്തിൽ റിയാദിൽ സ്റ്റിയറിങ് കമ്മറ്റി അടിയന്തിര യോഗം ചേർന്നു.
കേസിന്റെ പുരോഗതിയും നാട്ടിൽ സമാഹരിച്ച തുക സൗദിയിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളും ചർച്ച ചെയ്യാൻ ഇന്ത്യൻ അംബാസഡറുമായുള്ള കൂടിക്കാഴ്ചക്ക് അവസരം ചോദിക്കാൻ യോഗം തീരുമാനിച്ചു. പണമായും പ്രാർത്ഥനയായും സമാനതകളില്ലാത്ത മനുഷ്യ സ്നേഹത്തിന്റെ ഒഴുക്കിൽ റഹീമിന്റെ മോചനമെന്ന ദീർഘ കാലത്തെ പ്രയത്നം ലക്ഷ്യത്തിലേക്ക് അടുക്കുകയാണെന്ന് അഷ്‌റഫ് വേങ്ങാട്ട് പറഞ്ഞു. സഹായ സമിതി ചെയർമാൻ സി പി മുസ്തഫ, ജനറൽ കൺവീനർ അബ്ദുള്ള വല്ലാഞ്ചിറ,മുനീബ് പാഴൂർ, സിദ്ധിഖ് തുവ്വൂർ,ഹർഷദ് ഹസ്സൻ, മോഹി,ഷമീം,നവാസ് വെള്ളിമാട്കുന്ന്, സുധീർ കുമ്മിൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

അതേസമയം 
2006 ലാണ് അബ്ദുൽ റഹീമിനെ സൗദി ജയിലിൽ അടക്കുന്നത്. ജോലി ചെയ്തിരുന്ന വീട്ടിലെ കഴുത്തിന് താഴെ ചലനശേഷി ഇല്ലാത്ത കുഞ്ഞുമായി യാത്ര ചെയ്യുന്നതിനിടെ ജീവൻരക്ഷാ ഉപകരണം നിലച്ച് കുട്ടി മരിച്ചിരുന്നു. ഈ സംഭവത്തിൽ വധശിക്ഷയ്‌ക്ക് വിധേയനായി പതിനെട്ട് വർഷമായി സൗദിയിലെ ജയിലിൽ കഴിയുകയാണ് റഹീം.

Post a Comment

Previous Post Next Post